ന്യൂഡൽഹി: ഡൽഹി തെരഞ്ഞെടുപ്പിലെ ഏറ്റവും ഗ്ലാമർ പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങുമോ? പറഞ്ഞ വാക്കുപാലിക്കാൻ ഷീലാ ദീക്ഷിതിനെതിരെ മത്സരിച്ച് അവരെ തറപറ്റിച്ച അരവിന്ദ് കെജ്രിവാൾ ഒരു വർഷം മുമ്പ് ചരിത്രമെഴുതിയിരുന്നു. അതിന് ശേഷം വീണ്ടുമൊരു മഞ്ഞുകാലത്ത് ഡൽഹിയിലെ തെരഞ്ഞെടുപ്പ് വേദിക്ക് വീണ്ടും തീപിടിക്കാൻ ഒരുങ്ങുകയാണ്. അരവിന്ദ് കെജ്രിവാൡനെതിരെ പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയ്യാറാണെന്ന് പറഞ്ഞിരിക്കുന്നത് കഴിഞ്ഞദിവസം ബിജെപിയിൽ അംഗത്വമെടുത്ത കിരൺ ബേദിയാണ്.

തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യവും മണ്ഡലം ഏതാണെന്നുമുള്ള കാര്യങ്ങളൊക്കെ പാർട്ടിയാണ് തീരുമാനിക്കുന്നത്. ജയിക്കാനോ തോൽക്കാനോ വേണ്ടിയല്ല എന്നെ കൊണ്ടുവന്നത്. പാർട്ടി ജയിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം ബേദി പറഞ്ഞു. നിയോജകമണ്ഡലം ഏതെന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. അവരുടെ നിർദ്ദേശം അനുസരിക്കും. കെജ്‌രിവാളിനെതിരെ മത്സരിക്കാനാണ് അവർ പറയുന്നതെങ്കിൽ അത് ചെയ്യും. അവർക്ക് എന്നേക്കാൾ നന്നായി എല്ലാം അറിയാം. ഞാൻ പരാജയപ്പെടാൻ അവർ അനുവദിക്കില്ല. കിരൺ ബേദി വ്യക്തമാക്കി.

രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന മുൻ നിലപാട് മാറ്റിയതായുള്ള ആം ആദ്മി പാർട്ടിയുടെ വിമർശനവും ബേദി തള്ളിക്കളഞ്ഞു. രാഷ്ട്രീയത്തിൽ ഇറങ്ങുന്ന കാര്യത്തിൽ തീരുമാനം തന്റേത് മാത്രമാണ്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉണ്ടായിരുന്ന എതിർപ്പ് അദ്ദേഹത്തിന്റെ നേതൃത്വപാടവം കണ്ട് ഇല്ലാതായെന്നും അവർ വ്യക്തമാക്കി. ഡൽഹിയിൽ ബിജെപിയുടെ കുന്തമുന ആവുമോയെന്ന ചോദ്യത്തിന് അവർ വ്യക്തമായ മറുപടി പറഞ്ഞില്ല. കാലമാണ് അത് പറയേണ്ടത്. ഡൽഹിയിൽ സ്ഥിരതയുള്ള സർക്കാരാണ് വേണ്ടത്. ഒരു വർഷം സർക്കാരില്ലാതെ കടന്നുപോയി. അതിന് വലിയ വില നൽകേണ്ടി വന്നുവെന്നും ബേദി ചൂണ്ടിക്കാട്ടി.

ഇന്നലെയാണ് കിരൺ ബേദി ബിജെപി.യിൽ ചേർന്നത്. ബിജെപി.യുടെ മൊബൈൽ അംഗത്വനമ്പറിലേക്ക് എസ്.എം.എസ്. അയച്ചായിരുന്നു ബേദിയുടെ പാർട്ടി പ്രവേശം. ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ബിജെപി. ദേശീയ അധ്യക്ഷൻ അമിത് ഷാ, കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി, സംസ്ഥാന അധ്യക്ഷൻ സതീഷ് ഉപാധ്യായ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഇത്.

അതേസമയം കിരൺ ബേദിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമോ എന്ന കാര്യത്തിൽ ഇനിയും അവ്യക്തതയുണ്ട്. ബേദിക്ക് പാർട്ടിയിൽ കൂടുതൽ ചുമതല നൽകുന്നത് സംബന്ധിച്ച തീരുമാനം ഉടനുണ്ടാവുമെന്നാണ് അറിയുന്നത്. ഡൽഹിയിൽ ബി,ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതല ബേദിക്ക് നൽകാൻ ബിജെപി ആലോചിക്കുന്നുണ്ട്. ഇക്കാര്യത്തിൽ തീരമാനം 19ന് ചേരുന്ന ബിജെപി യോഗത്തിലുണ്ടാവും. അഴിമതിയുടെ കറ പുരളാത്ത പ്രതിച്ഛായയുള്ള ബേദിയിലൂടെ എ.എ.പി ഉയർത്തുന്ന വെല്ലുവിളി മറികടക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടില്ലെന്ന് ബിജെപി. വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ഭരണം പിടിച്ചാൽ ബേദി മുഖ്യമന്ത്രിയാവാനുള്ള സാധ്യത പാർട്ടി കേന്ദ്രങ്ങൾ തള്ളിക്കളയുന്നില്ല. അണ്ണ ഹസാരെയുടെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ സമരത്തിൽ കെജ്രിവാളിനൊപ്പം മുൻപന്തിയിൽ ബേദിയുമുണ്ടായിരുന്നു. പിന്നീട്, രണ്ടുവഴിക്ക് പിരിഞ്ഞു. കെജ്‌രിവാൾ എ.എ.പി. രൂപവത്കരിക്കുന്നതിനെ ശക്തമായി എതിർക്കുകയും വിമർശിക്കുകയും ചെയ്തിരുന്നു ബേദി.