ലക്‌നോ: ഉത്തർപ്രദേശിൽ അധികാരം നിലനിർത്താൻ സ്മാർട് ഫോണും ലാപ്‌ടോപ്പും പ്രഷർകുക്കറും വാഗ്ദാനം ചെയ്ത് സമാജ് വാദി പാർട്ടുയുടെ തെരഞ്ഞെടുപ്പു പ്രകടനപത്രിക. മുഖ്യമന്ത്രി അഖിലേഷ് യാദവ് ലക്‌നോവിലാണ് പത്രിക പുറത്തിറക്കിയത്. അഖിലേഷുമായി അനുരഞ്ജനത്തിലായെങ്കിലും പിതാവ് മുലായം സിങ് യാദവ് ചടങ്ങിൽ പങ്കെടുക്കാൻ എത്തിയില്ല.

സോണിയാ ഗാന്ധി ഇടപെട്ട് സമാജ് വാദി പാർട്ടിയുമായുള്ള സഖ്യ സാധ്യത സജീവമാക്കിയതിനിടെയാണ് അഖിലേഷ് വീണ്ടും അധികാരത്തിലേറിയാൻ തന്റെ സർക്കാർ നല്കാൻ പോകുന്ന ക്ഷേമങ്ങളുടെ പട്ടികയുമായി തെരഞ്ഞെടുപ്പു പത്രിക ഇറക്കിയത്. വികനമാണ് പത്രികയുടെ കാതൽ.

ലാപ്‌ടോപ്, നിർദ്ധ യുവതികളുടെ വിവാഹത്തിനായി കന്യാ വിദ്യാധൻ, സമാജ് വാദി പെൻഷൻ, പൂർവാഞ്ചൽ എക്സ്‌പ്രസ് ഹൈവേയുടെ നിർമ്മാണം തുടങ്ങിയവയാണ് പത്രികയിലെ മുഖ്യ വാഗ്ദാനങ്ങൾ. പ്രഷർകുക്കർ ലഭിക്കുക വനിതകൾക്കാണ്. ഒരു കോടി പേർക്ക് ആയിരം രൂപ വച്ച് മാസം വിതരണം ചെയ്യുന്നതാണ് സമാജ് വാദി പെൻഷൻ പദ്ധതി.

അഖിലേഷ് ജനുവരി ആദ്യം അച്ഛൻ മുലായത്തെ വെല്ലുവിളിച്ച് തന്റെ അനുയായികളുടെ സമ്മേളനം വിളിച്ച് പാർട്ടിയുടെ ഔദ്യോഗിക പ്രസിഡന്റായി പ്രഖ്യാപനം നടത്തിയശേഷം ഇതാദ്യമായാണ് ഒരു പൊതു പരിപാടിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത്. ഫെബ്രുവരിയിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച തർക്കമാണ് അച്ഛനെയും മകനെയും തമ്മിൽ അകറ്റിയത്.

തെരഞ്ഞെടുപ്പു പത്രിക പുറത്തിറക്കുന്ന പരിപാടിയിൽ മുലായം മാത്രമല്ല വിശ്വസ്തനും സഹോദരനുമായ ശിവപാൽ യാദവും പങ്കെടുത്തില്ല. ഇരുവരെയും പ്രതിനിധീകരിച്ച് മുതിർന്ന നേതാവ് അസംഖാൻ പങ്കെടുത്തു.

കാർഷികമേഖലയ്ക്കു പ്രാധാന്യമുള്ള യുപിയിൽ ജനങ്ങളെ കയ്യിലെടുക്കാനായി സമാജ് വാദി കിസാൻ കോശ് എന്ന പദ്ധതിയും അഖിലേഷ് വാഗ്ദാനം ചെയ്യുന്നുണ്ട്. കർഷകർക്ക് വിത്തും വളവും വാങ്ങാൻ സഹായം നല്കുന്ന പദ്ധതിയാണിത്. പ്രധാനമന്ത്രിയുടെ കിസാൻ ബീമ യോദന പദ്ധതിക്കു സമാനമാണിത്.

മുൻ നിയമസഭാ തെരഞ്ഞെടുപ്പിലെ പത്രികയിൽ നല്കിയ വാഗ്ദാനങ്ങൾ താൻ പാലിച്ചതായി അഖിലേഷ് ചൂണ്ടിക്കാട്ടി. ഇക്കറി വിജയിച്ചാലും വാഗ്ദാനങ്ങൾ പാലിക്കുന്നത് ആവർത്തിക്കും. ഫെബ്രുവരി 11 മുതൽ ഏഴു ഘട്ടങ്ങളായാണ് യുപിയിലെ തെരഞ്ഞെടുപ്പ്.