ലീഡർ കെ.കരുണാകരന് അദ്ദേഹത്തിന്റെ സുവർണകാലത്തുപോലും സ്വന്തം പാർട്ടിയിൽനിന്നും അതെ സമയം എതിരാളികളായ മാക്‌സിസ്റ്റുകാരിൽനിന്നും വളരെ ശക്തമായ രാഷ്ട്രീയ, വ്യക്തി അധിക്ഷേപങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. എന്തൊക്കെ എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടും തന്റെ ചാണക്യതന്ത്രം കൊണ്ട് അവയെല്ലാം സ്വതസിദ്ധമായ നിറഞ്ഞ ചിരിയോടെ ലീഡർ നേരിട്ട് തോൽപിച്ച ചരിത്രമാണ് ആ മികച്ച നേതാവിനു ഞങ്ങളുടെ ഇടയിലും സ്വന്തം എതിരാളികളുടെ ഇടയിലും ഇന്നും ഹൃദയത്തിൽ ഇടം നൽകിയത്.

മാർക്‌സിസ്റ്റ് ഉരുക്കുമുഷ്ടിയേയും അവരുടെ ജനകീയ അടിത്തറയെയും ലീഡർ എല്ലായ്‌പ്പോഴും നേരിട്ടത് ചാണക്യ കരുനീക്കങ്ങളിലൂടെ ആയിരുന്നു. അതെ ആ ചാണക്യ തന്ത്രങ്ങൾ ആണ് ഇന്ന് കോൺഗ്രസ് നേതാക്കൾക്ക് ദേശീയ തലത്തിലും സംസ്ഥാനതലത്തിലും നഷ്ടപെട്ടത്. ലീഡറിന്റെ നീക്കങ്ങൾ അദ്ദേഹത്തിന് ധാരാളം ശത്രുക്കളെ സമ്മാനിച്ചു.

ലീഡറിന്റെ രാഷ്ട്രീയ ചാണക്യ തന്ത്രങ്ങളും പയറ്റിത്തെളിഞ്ഞ രാഷ്ട്രീയ കൗശലവും ഒന്നായി ആവാഹിച്ചെടുത്തു ലീഡറിന് പോലും സാധിക്കാത്ത തരത്തിൽ ശത്രുക്കളുടെയും, രാഷ്ട്രീയ എതിരാളികളുടെയും വാക്കും, മനസ്സും കവർന്ന ഒരു നേതാവ് ഇന്ന് കേരളത്തിൽ ഉണ്ടെങ്കിൽ അത് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടി അല്ലാതെ വേറൊരു നേതാവില്ല എന്ന് ഹൃദയത്തിൽ കൈവെച്ചു ഏതൊരു മലയാളിയും ഇന്ന് പറയും. ഒരു ദിവസംകൊണ്ടല്ല തന്റെ ഏറ്റവും മോശമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നു പോയി ഇന്നത്തെ ഈ സ്വീകാര്യതയിലേക്കു അദ്ദേഹം എത്തിയത് മുള്ളുകൾ നിറഞ്ഞ പാതയിലൂടെ ആയിരുന്നു.

ഇന്നത്തെ കേരളാ രാഷ്ട്രീയത്തിലെ ഈ അതികായൻ വെറുമൊരു എംപി മോഹവുമായി ആണോ ഡൽഹിയിലേക്ക് പോകുവാൻ തയ്യാറെടുക്കുന്നത്? പാണ്ടികടവത്തു കുഞ്ഞാലികുട്ടി ഡൽഹിയിലേക്ക് വണ്ടി കയറുന്നതു ബിജെപി ഇന്ത്യ മുഴുവൻ പടർന്നു പിടിക്കുന്നു എന്ന യാഥാർഥ്യത്തിലേക്ക് ആണ് എന്നതും കോൺഗ്രസ് എന്ന പ്രസ്ഥാനം ആളും ആരവവും ഒഴിഞ്ഞ് എടുക്കാച്ചരക്കായി മൂലക്ക് ഒതുങ്ങുന്ന അവസരത്തിലുമാണ് കുഞ്ഞാലികുട്ടി ഡൽഹിക്കു വണ്ടി കാത്തു നിൽക്കുന്നത് .

ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ചാണക്യൻ ആരെന്നു ചോദിച്ചാൽ ബിജെപി ദേശീയ പ്രസിഡണ്ട് അമിത ഷാ അല്ലതെ വേറെയൊരു പേര് സങ്കല്പിക്കുവാൻ കഴിയില്ല. ശക്തി ഉള്ളിടത്തു തനിച്ചും ശക്തി കുറഞ്ഞയിടത്തു നല്ല പ്രാദേശിക കക്ഷികളിലൂടെയും അമിത് ഷാ ബിജെപിയെ ഇന്ത്യയിൽ എമ്പാടും തന്റെ രാഷ്ട്രീയ ചാണക്യ തന്ത്രംകൊണ്ട് അധികാരത്തിലേറ്റി. എന്തിനേറെ 70 ശതമാനം മുസ്ലീങ്ങൾ ഉള്ള, ആർഎസ്എസ് പോലും കാശ്മീരി മുസ്ലീങ്ങളുടെ ബ്രാഹ്മണ അസ്തിത്വത്തെ പല അവസരങ്ങളിലും എടുത്തുപറയാറുള്ള കാശ്മീരിൽ പോലും അമിത്ഷായുടെ രാഷ്ട്രീയതന്ത്രം വിജയിച്ചു . 35 ശതമാനം മുസ്ലീങ്ങൾ ഉള്ള ആസ്സാമിൽ പോലും ആ തന്ത്രം വിജയം കണ്ടു.

ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും ബിജെപി എത്തിയപ്പോഴും കേരളം അവർക്കു ബാലികേറാമല ആയിനിന്നു. അതിനു കാരണങ്ങൾ പലതുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോലെ ബ്രാഹ്മിൺ, ക്ഷത്രിയ വിഭാഗങ്ങൾ ഇല്ലാത്തത്, കേരളത്തിലെ ശക്തമായ ഇടതുപക്ഷ സാന്നിധ്യം, കേരള ജനതയുടെ ബഹുസ്വരത അങ്ങനെ പലതും. ഈ അവസരത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ ഡൽഹി കൂടുമാറ്റം അത്രയേറെ പ്രസക്തമാവുന്നത്. അമിത്ഷായ്ക്ക് പറ്റിയ ഒരു തന്ത്രജ്ഞനെ, അത്യാവശ്യം കേരളത്തിൽ വേരോട്ടമുള്ള ഒരു പാർട്ടിയുടെ നേതാവിനെ ഡൽഹിയിൽ കിട്ടുന്നത്.

കേരളത്തിൽ ഭരണത്തിലുള്ള പാർട്ടിക്കെതിരെ ഉണ്ടാവാൻ ഇടയുള്ള ഭരണ വിരുദ്ധ വികാരത്തിനൊപ്പം നിർജീവവും, നിശ്ചലവുമായ കോൺഗ്രസ് പാർട്ടിയെ ഇനിയും ചുമക്കണോ എന്ന് ലീഗ് ഒരു പുനർചിന്തനം നടത്തിയേക്കാം. കയ്യിൽ വന്നു ചേർന്നേക്കാം എന്നരീതിയിൽ കേരളം രാഷ്ട്രീയം മാറുവാൻ സാധ്യതകൾ വളരെ കൂടുതലാവുമ്പോൾ ബിജെപി കേരളം പിടിച്ചെടുക്കാൻ കുഞ്ഞാലിക്കുട്ടിയിലൂടെ ഒരു ശ്രമം നടത്താതെ ഇരിക്കില്ല. ഇനി വരാൻ പോകുന്ന നാളുകൾ കോൺഗ്രസ്സിന് മരണമണി മുഴക്കുവാൻ തയ്യാറെടുക്കുമ്പോൾ ലീഗ് ശക്തമായ രാഷ്ട്രീയ നിലപാട് എടുത്തേക്കാം.

2011 ലെ നിയമ സഭ തിരഞ്ഞെടുപ്പുവരെ ബിജെപിക്ക് കിട്ടിയിരുന്ന 8% വോട്ടിൽ ഒരു 5% വരെ നായർ ബെൽറ്റിന്റെ പിൻബലത്തിൽ ആണ്. ഇക്കഴിഞ്ഞ നിയസഭ തിരഞ്ഞെടുപ്പ് ബിജെപി വളരെ പ്രതീക്ഷയോടെ ആണ് നേരിട്ടത്. കേന്ദ്രത്തിൽ ഭരണം ഉണ്ടായിട്ടും, കേരളത്തിലെ കോൺഗ്രസ് സർക്കാർ അഴിമതി ഭരണവും, വെള്ളാപ്പള്ളി ബാന്ധവവും അവർക്കു കുറേയേറെ പ്രതീക്ഷ നൽകി. പക്ഷെ ഇതെല്ലാം ഉണ്ടായിട്ടും അവർക്കു 16% എത്തുവാനേ കഴിഞ്ഞുള്ളു. ഇതും ബിജെപിയേ ലീഗ്‌പോലെ വോട്ടുകൾ ഉള്ള ഒരു പാർട്ടിയോട് അടുക്കുവാൻ പ്രേരിപ്പിക്കുന്ന ഒന്നാമത്തെ ഘടകം .

ഇനിയുള്ള കാലം കോൺഗ്രസ് അപ്രസക്തം ആകുകയും അവരുടെ നിയമസഭ സാന്നിധ്യം 10 സീറ്റിൽ താഴെ ഒതുങ്ങുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായാൽ വർഷങ്ങൾ ആയി അധികാരം കൈയാളുന്ന മുസ്ലിംലീഗ് എന്ന പ്രസ്ഥാനത്തിന് അധികാരം ഇല്ലാതെ പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന സത്യത്തെ അവർ അംഗീകരിച്ച് പുതിയ ഒരു കൂട്ടുകെട്ടിന് അവരെ നിർബന്ധിതരാക്കും. ഇതേ അവസരത്തിൽ നമ്മൾ ചേർത്ത് കാണേണ്ടതാണ് കേരളത്തിൽ എങ്ങനെയും അധികാരത്തിൽ എത്തുക എന്നുള്ളത്. ബിജെപിയുടെ മുന്നോട്ടുള്ള നിലനില്പിനെ തന്നെ ബാധിക്കുന്ന ഒരു ഘട്ടത്തിൽ അവർക്കും സംഘടനാ ശക്തി ഉള്ള ഒരു ശക്തമായ പാർട്ടിയെ കിട്ടിയേതീരൂ നല്ലൊരു ശക്തമായ രാഷ്ട്രീയ മുന്നണിക്ക്.

വർഗീയ മുഖം ഉള്ള ഈ രണ്ടു പാർട്ടികൾക്കും തങ്ങളുടെ ജനാതിപത്യമുഖം പുൽകാൻ ഇതിലും നല്ലൊരു അവസരം ഇല്ല, രണ്ടുകൂട്ടരും ചേർന്നുള്ള ഒരു മുന്നണി ആയി മത്സരിക്കുക എന്നുള്ളത്... പശു വിഷയം ഉയർത്തി മുസ്ലിം ന്യൂന പക്ഷത്തെ ഭയത്തിന്റെ മുൾ മുനയിൽ നിർത്തി അവരുടെ വോട്ടു വാങ്ങി എൽഡിഎഫ് എത്ര സമുദായ അംഗങ്ങളെ മന്ത്രി സഭയിൽ എടുത്തു എന്ന രീതിയിൽ ഉള്ള പ്രചാരണം... ഇനി വരും വർഷങ്ങളിൽ ലീഗ് ശക്തമായി സമുദായ അംഗങ്ങൾക്കിടയിൽ നടത്താൻ ഇടയുള്ളതാണ്. അബ്ദുറബ്ബിന് എതിരെ തെരുവിൽ ഇറങ്ങിയവർ വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന്റെ മോശം പ്രകടനത്തിൽ നിശ്ചലരായി നിൽക്കുന്നു. ഇതെല്ലം ലീഗ് കഴിഞ്ഞ പ്രാവശ്യം കൈവിട്ടുപോയ തങ്ങളുടെ വോട്ട് ബാങ്കിനെ തിരികെ എത്തിക്കുവാൻ വേണ്ടി കിട്ടിയ മികച്ച അവസരമായി ഉപയോഗിക്കും എന്ന കാര്യത്തിൽ തർക്കമില്ല .

രണ്ടു കൂട്ടരുടേം ബദ്ധ ശത്രുക്കൾ സി.പി.എം ആയതിനാലും പണ്ടത്തെ കോ-ലീ-ബി സഖ്യത്തിന്റെ അനുഭവം ഇതിനു ഭാവിയിൽ ആക്കംകൂട്ടാം. രണ്ടു കൂട്ടരുടേയും അണികൾ ഇതിനെ നല്ല രീതിയിൽ വരവേൽക്കും. ഇനി പാർട്ടി അനുഭാവികളെ പറഞ്ഞു മനസിലാക്കുക എന്നുള്ളതാവും മുന്നിലുള്ള കടമ്പ. കുഞ്ഞാലിക്കുട്ടി കേരള മുഖ്യമന്ത്രി ആകണം എന്നുള്ള രീതിയിൽ സമുദായ അംഗങ്ങൾക്കിടയിൽ ഉഴുതുമറിച്ച് ഒരു പ്രചരണം നടത്തിയാൽ മുന്നിലുള്ള ചെറിയ എതിർപ്പുകളെ ലീഗിന് വളരെ തന്ത്രപരമായി നേരിടാം.

ശക്തരായിട്ടും 24 സീറ്റിലും മലബാറിലും മാത്രം ഒതുങ്ങി നിന്നിരുന്ന മുസ്ലിം ലീഗിന് തൃശൂരിന് അപ്പുറത്തേക്ക് തങ്ങളുടെ സ്വാധീനം വർധിപ്പിക്കാനും പാർട്ടിയുടെ പ്രവർത്തനം ശക്തമാക്കുവാനും കഴിയും. കൂടാതെ കോൺഗസ്സിനുള്ളിൽ ഉണ്ടായിരുന്ന ന്യൂനപക്ഷ അംഗങ്ങളെ കൂടെ കൂട്ടുവാനും സാധിക്കും. ഇനിയും കടന്നു വന്നിട്ടില്ലാത്ത തിരുവിതാംകൂറു മേഖലയിൽ അത് അവർക്ക് ഒരു മുതൽക്കൂട്ട് ആവുകയും ചെയ്യും .

സംഘ പരിവാർ ഭീഷണിയിൽ മറ്റുള്ളവരാൽ ഒതുക്കപ്പെടുന്ന ഒരു അവസ്ഥ ഉണ്ടാവുകയും, സമുദായങ്ങൾക്കുള്ളിൽ നിന്നുതന്നെ ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വരികയും ചെയ്യുമ്പോൾ ഇത്രയുംനാൾ ഉണ്ടായിരുന്ന വർഗീയപേര് മാറ്റിയെടുക്കാൻ കിട്ടുന്ന അവസരം ലീഗ് ശക്തമായി ഉപയോഗിക്കും. ഇതേ അവസരത്തിൽ മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് മുൻപിൽ തീവ്ര വർഗീയപാർട്ടി ആയി നിന്നതുകൊണ്ട് ഉണ്ടായ നഷ്ടം ഈ കൂട്ടുകെട്ടിലൂടെ ബിജെപിക്ക് മറികടക്കാനാകും.

ഇപ്പോൾ തന്നെ പൂർണമായും കോൺഗ്രസ്സുമായി അകന്നുനിൽക്കുന്ന കെ.എം.മാണിയുടെ കേരളകോൺഗ്രസ്സും കൂടി ഉണ്ടെങ്കിൽ അമിത്ഷായുടെ കേരള മിഷൻ സഫലമാകുവാൻ വലിയ രീതിയിൽ പ്രയാസപ്പെടേണ്ടി വരില്ല. ഒരു പക്ഷെ ഇപ്പോൾ കേരളത്തിൽ വളരെ പ്രകടമായി തുടങ്ങിയ വർഗീയ ചേരിതിരിവും, സമുദായങ്ങൾ ക്കിടയിൽ ഉള്ള ഭയാശങ്കകളും മാറ്റുവാനും അവർ തമ്മിലുള്ള പരസപര വിശ്വാസം വളർത്തുവാനും ഇതു ഇടയാക്കും. ഈ പാർട്ടികൾ ശക്തരായതും എത്ര തകർച്ചയിലും ചിലവോട്ടു ബാങ്ക് മൂവർക്കും പിന്നിൽ അണിനിരക്കുന്നതുകൊണ്ടും ഈ പുതിയ കൂട്ടുകെട്ടിൽ പ്രതീക്ഷകൾ വാനോളം ഉയരും. ബിജെപി -60 മുസ്ലിം ലീഗ് -50 കേരള കോൺഗ്രസ് -30 എന്ന രീതിയിലുള്ള സീറ്റ് വീതം വെപ്പിലേക്കും കാര്യങ്ങൾ എത്തിയേക്കാം .

ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയം കൃത്യമായ കണക്കുകളിലൂടെയുള്ള കച്ചവടം എന്ന യാതാർഥ്യമായി മുന്നിൽ നിൽക്കുമ്പോൾ.. അമിത്ഷാക്ക് കേരളത്തിൽ നിന്ന് കിട്ടാവുന്ന നല്ല രാഷ്ട്രീയ കണക്കുകൾ കളിക്കുവാൻ അറിയാവുന്ന കുഞ്ഞാലിക്കുട്ടിയെ ഡൽഹിക്ക് കൂട്ടായി കിട്ടുമ്പോൾ നമ്മുടെ കേരളവും ആ കണക്കിലെ രാഷ്ട്രീയത്തിലേക്ക് വഴുതിമാറാൻ ഇനി അധികനാൾ വേണ്ടി വരില്ല.

ഇനി കേരളം കുഞ്ഞാലിയും, കുമ്മനവും ഭരിച്ചീടും എന്ന മുദ്രാവാക്യം കൂടി ആകുമ്പോൾ ഇരു അണികൾക്കിടയിലും ഒരു പുത്തനുണർവ് ഉണ്ടാകും ...രണ്ടു കൂട്ടരും മോഹിച്ചിരുന്നു കേരള ഭരണം. നമ്മുടെ കയ്യെത്തും ദൂരത്ത് എന്ന് വരുന്ന അവസ്ഥയിൽ അതിനോട് ചേർന്നു നിൽകുവാനെ ഇരുവർക്കും കഴിയൂ..