മീ ടൂ ക്യാംപയിനിലൂടെ തങ്ങൾക്കുണ്ടായ ലൈംഗിക ചൂഷണത്തെ പറ്റി ബോളിവുഡിലടക്കം വെളിപ്പെടുത്തൽ ശക്തമായിരിക്കുന്ന അവസരത്തിലാണ് സിനിമാ രംഗത്ത് സ്ത്രീകൾക്കുള്ള സുരക്ഷിതത്വത്തെ പറ്റി ആശങ്കയുയരുന്നത്. മലയാളത്തിലെ നായികമാർ ഉൾപ്പടെ നടത്തിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെ സ്ത്രീ സുരക്ഷിതത്വത്തെ കുറിച്ചുള്ള ചർച്ചകളും ശക്തമായിരുന്നു. ഇതിനിടെയാണ് കോളിവുഡിൽ സ്ത്രീകൾക്ക് സുരക്ഷ ശക്തമാക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്. നടൻ വിശാലാണ് ഇക്കാര്യം അടുത്തിടെ വെളിപ്പെടുത്തിയത്. തമിഴ് സിനിമാ രംഗത്തും മീ ടൂ ക്യാംപയിന്റെ ഭാഗമായി വെളിപ്പെടുത്തലുകൾ നടന്നിരുന്നു.

വൈകാതെ തന്നെ ഇത്തരം പരാതികളിൽ അന്വേഷണം നടത്തി നടപടി കൈക്കൊള്ളാൻ കമ്മറ്റി രൂപീകരിക്കുമെന്ന് തമിഴ് സിനിമാ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കൗൺസിൽ പ്രസിഡന്റും നടനുമായ വിശാൽ അറിയിച്ചു.വിശാലിന്റെ പുതിയ ചിത്രമായ സണ്ടക്കോഴി രണ്ടാം ഭാഗവുമായി ബന്ധപ്പെട്ട വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കവ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നടികർ സംഘം, ഫെഫ്സി, ടിഎഫ്പിസി, ഫിലിം ചേമ്പർ എന്നിവിടങ്ങളിലെല്ലാം ഇതിനായി മൂന്നംഗ കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാൽ അറിയിച്ചു.

തുറന്നുപറച്ചിൽ നടത്തുന്ന ഓരോ സ്ത്രീകൾക്കും ഒപ്പമാണ് തങ്ങളെന്നും ഓരോരുത്തരുടേയും സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.ഞങ്ങളുടെ സഹപ്രവർത്തകരായ സ്ത്രീകൾക്കൊരു പ്രശ്നം വന്നാൽ കൂടെയുണ്ടാകുമെന്ന് ഉറപ്പുവരുത്താനും ജൂനിയർസീനിയർ വ്യത്യാസമില്ലാതെ സിനിമയിലെ എല്ലാ സ്ത്രീകൾക്കും സുരക്ഷനൽകാനുമുള്ള വേദിയാകും ഈ കമ്മിറ്റി എന്ന് വിശാൽ പറഞ്ഞു.

തമിഴ് സിനിമാ മേഖലയിലെ പ്രശസ്ത ഗാനരചയിതാവും കവിയുമായ വൈരമുത്തുവിനെതിരെ ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിന്മയി ഉൾപ്പെടെ നിരധി സ്ത്രീകൾ രംഗത്തെത്തിയിരുന്നു. വൈരമുത്തുവിൽ നിന്നും രണ്ടുതവണ മോശമായ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ചിന്മയി വെളിപ്പെടുത്തി. മീടുവിനെ പിന്തുണച്ച് കമൽഹാസൻ, കനിമൊഴി തുടങ്ങിയവരും രംഗത്തെത്തിയിരുന്നു.