ഞാൻ ഉമ്മവച്ചോട്ടെ? - യുവത്വം നിലനിർത്തുന്ന പ്രകാശ് റോയ് എന്ന സമ്പന്ന ബിസിനസുകാരന് ന്യായമായും സുന്ദരിയായ യുവ പ്രൊഫഷണൽ റോഷ്‌നിയോട് ചോദിക്കാവുന്ന കാര്യം. എന്നാൽ മമ്മൂട്ടി ഈ ചോദ്യവുമായി എത്തിയാൽ എങ്ങനെ ഇരിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ ആഴ്ച മലയാള സിനിമ സമ്മാനിക്കുന്നത്. ബ്ലോണ്ട് ചെയ്ത മുടിയഴകുമായി യുവത്വം തിരിച്ചു പിടിച്ചു പ്രകാശ് റോയ് എന്ന മധ്യവയസ്സിലേക്കു കടക്കുന്ന യുവാവിനെ മമ്മൂട്ടി അവതരിപ്പിക്കുമ്പോൾ തീർച്ചയായും ഫാൻസുകാർ ഉച്ചത്തിൽ കയ്യടിക്കും. എന്നാൽ മധ്യവയസും പിന്നിട്ടു വാർധക്യ ജീവിതത്തിന്റെ ആദ്യ പടികൾ ചവിട്ടാൻ ഒരുങ്ങുന്ന മമ്മൂട്ടിയിൽ നിന്നും ഇത് കേൾക്കേണ്ടി വരുമ്പോൾ റോഷ്‌നി എന്ന നായികയെ പോലെ സിനിമ കാണുന്ന കാണികളും സഹിക്കുമോ? ഈ ചോദ്യത്തിന്റെ ഉത്തരമാണ് വൈറ്റ് എന്ന ചിത്രത്തിലൂടെ സംവിധായകൻ ഉദയ് അനന്തൻ നൽകേണ്ടത്. സാധാരണ മമ്മൂട്ടി ചിത്രത്തേക്കാൾ ഒട്ടേറെ വിപണന തന്ത്രങ്ങളും കുത്തിനിറച്ചാണ് വൈറ്റ് തിയേറ്ററിൽ എത്തിയിരിക്കുന്നത്. ഇംഗ്‌ളണ്ട് പശ്ചാത്തലമാക്കി നിർമ്മിച്ച സിനിമയെ വരവേൽക്കാൻ അവിടെയും ഒരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.

മലയാളത്തിൽ ആദ്യമായി ഷൂട്ടിങ്ങിനിടയിലെ തമാശകളും അസാധാരണവും സ്വാഭാവികവും ആയ കാഴ്ചകളും നിറച്ചു തയ്യാറാക്കുന്ന ബ്ലൂപ്പേഴ്‌സ് മുതൽ പ്രമുഖ പത്രവുമായി സഹകരിച്ചു ഓൺ ലൈൻ ക്വിസ് പരിപാടി വരെ തയ്യാറാക്കി പബ്ലിസിറ്റി സ്റ്റണ്ട് സൃഷ്ടിച്ചാണ് വൈറ്റ് ഇടയ്ക്കിടെ വാർത്തകളിൽ നിറഞ്ഞിരുന്നത്.

ഏച്ചു കെട്ടിയാൽ മുഴച്ചിരിക്കും എന്നത് പോലെ മൂന്നുപേർ ചേർന്ന് തയ്യാറാക്കിയ കഥയുടെ കാമ്പില്ലായ്മ മൂലമാണ് ഇത്തരം പൊടിക്കൈകൾ വേണ്ടി വന്നതെന്ന് പ്രമുഖ സിനിമ പ്രവർത്തകർ തന്നെ പറയുന്നു. കഥയുടെ ഒഴുക്കിനെ തിരക്കഥ രചന സാരമായി ബാധിച്ചിട്ടുണ്ട് എന്നാണ് ആദ്യ തിയേറ്റർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതും. എന്നാൽ ആരാധകരെ ഇളക്കി മുടക്കുമുതൽ തിരിച്ചു പിടിക്കും എന്നാണ് 90 കേന്ദ്രങ്ങളിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാക്കളുടെ പ്രതീക്ഷ. ഈ മാസം ആദ്യം എത്തിയ കസ്ബക്ക് പിന്നാലെ ആഴ്ചകളുടെ ഇടവേളയിൽ വൈറ്റ് റിലീസ് ചെയ്യാൻ നിർബന്ധിതമാകുകയായിരുന്നു.

ലോകമെങ്ങും ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന രജനിയുടെ മാസ്റ്റർ പീസ് ആയി മാറിയേക്കാവുന്ന കബാലിയുടെ നടുവിലേക്കാണ് ഇപ്പോൾ വൈറ്റ് എത്തിയിരിക്കുന്നത്. കർക്കിടകത്തിൽ ഇത് പോലൊരു പടം തിയ്യറ്ററിൽ ആളെ നിറയ്ക്കില്ല എന്ന് വ്യക്തമായിട്ടും ഓണക്കാലത്തിനു വേണ്ടി വീണ്ടും മമ്മൂട്ടി ചിത്രം തോപ്പിൽ ജോപ്പൻ വരാനിരിക്കുന്നതാണ് വൈറ്റിന് ''സിസേറിയൻ പ്രസവം'' ആണ് ഉത്തമം എന്ന തീരുമാനത്തിൽ എത്താൻ പ്രധാന കാരണമായത്.

നായികയെ തിരഞ്ഞെടുക്കുന്നതിൽ മുതൽ റിലീസ് തീയതി നിശ്ചയിക്കുന്നതിൽ വരെ ഒട്ടേറെ പ്രതിബന്ധങ്ങളും കടന്നാണ് വൈറ്റ് ഇപ്പോൾ പ്രദർശിപ്പിക്കുന്നത് എന്നതും എട്ടര കോടി മുടക്കിയ ചിത്രത്തെ കുറിച്ചുള്ള ആശങ്ക സമ്മാനിക്കുന്ന ഘടകമാണ്. ആദ്യം തൃഷയെ നായിക ആയി നിശ്ചയിച്ചെങ്കിലും പടത്തിന്റെ ഷൂട്ടിങ് തീയതി പലവട്ടം മാറിയപ്പോൾ തൃഷയുടെ പിന്മാറ്റമാണ് ആദ്യ വിലങ്ങുതടി ആയി മാറിയത്. ഒടുവിൽ മമ്മൂട്ടി തന്നെ ബോളിവുഡിൽ നിന്നും ഹുമ ഖുറേഷിയെ നിശ്ചയിക്കുക ആയിരുന്നു.

 

ഹുമയുടെ ആദ്യ തെന്നിന്ത്യൻ ചിത്രം എന്ന സവിശേഷതയും വൈറ്റിനുണ്ട്. കഴിഞ്ഞ നവംബർ ഡിസംബർ സമയത്തു ഇന്റർനാഷണൽ ബ്രാൻഡ് ആയ ഇറോസിന്റെ ബാനറിൽ ലണ്ടൻ, കെന്റ് തുടങ്ങിയ സ്ഥലങ്ങളിൽ ഷൂട്ടിങ് പൂർത്തിയാക്കിയ ചിത്രം ആദ്യം ക്രിസ്മസ് റിലീസ് എന്ന് പറഞ്ഞു ഒടുവിൽ വിഷു റിലീസ് ആയി. പിന്നെയും എന്തൊക്കെയോ കാരണങ്ങളാൽ മെയ് അവസാന റിലീസ് ആയി മാറി. അത് മമ്മൂട്ടിയുടെ മകൻ ദുൽക്കറിന്റെ കമ്മട്ടിപ്പാടത്തെ രക്ഷിക്കാൻ പിന്നെയും മാറ്റേണ്ടി വന്നു. ഇങ്ങനെ പ്രതിസന്ധികൾ ഒന്നിന് പിന്നാലെ മറ്റൊന്നായി എത്തിയ ശേഷമാണ് ഒടുവിൽ കർക്കിടകത്തിൽ തന്നെ വൈറ്റിന് ശാപമോക്ഷം ഉണ്ടായിരിക്കുന്നത്.

അതേ സമയം, വൈറ്റ് യുകെ മലയാളികളെ സംബന്ധിച്ചും നിർണ്ണായകമാണ്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മലയാള സിനിമയിൽ ലണ്ടൻ പ്രമേയമായി, ബ്രിട്ടണിൽ ചിത്രീകരിക്കുന്ന മൂന്നാമത്തെ സിനിമ കൂടിയാണ് വൈറ്റ്. ആദ്യം വന്ന ഇംഗ്ലീഷ് ശ്യാമ പ്രസാദിന്റെ സംവിധാന പ്രതിഭയിലും നിറം മങ്ങി പോയത് കഥയിലെ കരുത്തു ഇല്ലായ്മ മൂലമാണ്. ലണ്ടൻ പ്രവാസ ജീവിതം ചിത്രീകരിക്കുന്നതിലും പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കു സാമ്പത്തിക പ്രയാസം നേരിട്ടതും ഒടുവിൽ പ്രൊമോഷൻ ഇല്ലാതെ ചിത്രം റിലീസ് ചെയ്യേണ്ടി വന്നതും ജയസൂര്യയും മുകേഷും പ്രധാന വേഷത്തിൽ എത്തിയ ഇംഗ്ലീഷിനെ ബോക്‌സ് ഓഫീസ് പരാജയം നുണയാൻ കാരണമാക്കി. തുടർന്ന് വന്ന പൃഥ്വരാജ് ചിത്രം ലണ്ടൻ ബ്രിഡ്ജിനും കഥയുടെ പോരായ്മ പ്രധാന തടസ്സമായി. വെറും ലണ്ടൻ കാഴ്ചകൾ കാണാൻ ജനം തിയ്യറ്ററിൽ എത്തുമെന്ന സംവിധായകൻ അനിൽ സി മേനോന്റെ ചിന്തയും കഥയിൽ അനാവശ്യമായി നടത്തിയ വെട്ടിക്കൂട്ടലും ഒക്കെ മറ്റൊരു പരാജയം കൂടി കാണാൻ മലയാളത്തെയും യുകെ മലയാളികളെയും പ്രേരിപ്പിക്കുക ആയിരുന്നു.

ഇതോടെ ലണ്ടൻ ഭാഗ്യ ദോഷം നേരിടുന്ന ലൊക്കേഷൻ എന്ന പേര് കൂടി സമ്പാദിച്ചെടുത്തു. നിർഭാഗ്യ ലൊക്കേഷൻ എന്ന പേര് ദോഷം മാറ്റുമോ അതോ അന്ധ വിശ്വാസങ്ങളിൽ ഇന്നും കുടുങ്ങി കിടക്കുന്ന സിനിമ ലോകത്തു ഇനിയൊരു ലണ്ടൻ ചിത്രത്തിന് ആരും ധൈര്യപ്പെടാത്ത വിധം വമ്പൻ പരാജയം സമ്മാനിക്കുകയാണോ വൈറ്റിന്റെ ദൗത്യം എന്നതിനും ഈ ആഴ്ച ഉത്തരം ലഭിക്കും.

വൈറ്റ് മറ്റൊരു കാരണത്താൽ കൂടി യുകെ മലയാളികൾ ഉറ്റു നോക്കുകയാണ്. ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ് വേദികളിൽ അടക്കം പ്രധാന പ്രൊഫഷണൽ ഷോകളിൽ നൃത്തവുമായി കാണികളിൽ ആവേശം സൃഷ്ടിക്കുന്ന മലയാളി യുവതി പാർവ്വതി പിള്ളയുടെ ആദ്യ സിനിമ കൂടിയാണ് വൈറ്റ്. ഡെർബി സ്വദേശിയും നോട്ടിങ്ങ്ഹാം യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് അദ്ധ്യാപികയുമായ പാർവതിക്ക് ഡബിൾ റോൾ ആണ് വൈറ്റ് സമ്മാനിക്കുന്നത്. മലയാളം വശമില്ലാത്ത ഹുമ ഖുറേഷിയെ സീനുകൾ പഠിപ്പിക്കാൻ പ്രയാസപ്പെട്ടു അണിയറ പ്രവർത്തകർക്കു മുന്നിൽ എത്തിയ ആദ്യ ഭാഗ്യമാണ് പാർവതി. മലയാളവും ഇംഗ്ലീഷും സുഗമമായി കൈകാര്യം ചെയ്യുന്ന തനി നാടൻ പെൺകുട്ടി. ഇതോടെ അസിസ്റ്റന്റ് ഡയറക്ടർ പദവിയിലേക്ക് പാർവതി വേഷം മാറുകയായിരുന്നു.

ആദ്യ സീൻ മുതൽ അവസാന രംഗം വരെ മുഴുവൻ സംഭാഷണവും പഠിച്ചെടുത്തു ഹുമക്കു വേണ്ടി ഭാഷ മാറ്റം നടത്തുക ആയിരുന്നു പാർവതി. ഈ ഘട്ടത്തിൽ റോഷ്‌നി അയി അഭിനയിക്കുന്ന ഹുമയുടെ സുഹൃത്ത് ആയി മികച്ച വേഷം കൈകാര്യം ചെയ്യാനും പർവതിക്കായി. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ടു ഇപ്പോൾ നാട്ടിൽ അവധിക്കാലം ആഘോഷിക്കുന്ന പാർവതിക്കു ഹുമാ അടുത്ത ചിത്രവും ചെയ്യാൻ മലയാളത്തിൽ തയ്യാറെടുക്കുമ്പോൾ മറ്റൊരു അവസരം കൂടി കൈവരുമോ എന്നതിന് വൈറ്റിലെ പ്രകടനം നിർണ്ണായകമാവുകയാണ്. പാർവതിയോടൊപ്പം ലണ്ടനിലെ ഏതാനും മലയാളി യുവാക്കളും ചിത്രത്തിൽ അപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട് എന്നതും ചിത്രം നൽകുന്ന വിശേഷമാണ്.

എന്നാൽ പലവിധത്തിൽ യുകെ മലയാളികൾക്ക് പ്രധാനപ്പെട്ട ഈ ചിത്രം യുകെ യിൽ പ്രദർശിപ്പിക്കപ്പെടുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. യുകെയിൽ മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിൽ മുൻ പന്തിയിൽ നിൽക്കുന്ന പി ജെ എന്റർടൈന്മെന്റ്, ബ്ലൂ ഇന്റർനാഷണൽ ഇന്ത്യൻ മൂവീസ്, സ്വാമി മൂവീസ്, എന്നിവരൊന്നും ഇക്കാര്യത്തിൽ ഉറപ്പു പറയുന്നില്ല. കേരളത്തിൽ രണ്ടാഴ്ച ഓടി വിപണി വിജയം ഉറപ്പായാൽ മാത്രമാണ് ഇപ്പോൾ യുകെയിൽ മലയാള ചിത്രങ്ങൾ എത്തുന്നത്. കേരളത്തിനൊപ്പം റിലീസ് ചെയ്തു കൈപൊള്ളിക്കാൻ ആരും തയ്യാറല്ല. സെൻസറിങ് മുതൽ തിയറ്ററുകൾ കിട്ടാൻ ഉള്ള തടസം വരെ ഒട്ടേറെ കാര്യങ്ങളാൽ മലയാള ചിത്രം വിതരണത്തിന് എടുക്കുന്നവർക്ക് അപ്രതീക്ഷിത നഷ്ടങ്ങൾ സമ്മാനിക്കുന്നതാണ് ഇതിനു കാരണം. എന്നാൽ യുകെ മലയാളികളിൽ നല്ലൊരു പങ്കു കേരളത്തിൽ അവധിക്കാലം ചെലവിടുന്നതും കൂടുതൽ ചിത്രങ്ങൾ റിലീസ് ചെയ്യാൻ തടസ്സമാകുന്നുണ്ട്.