പനാജി: ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താനില്ലെന്ന് ബിജെപിയുടെ ഡൽഹി മുഖ്യമന്ത്രി സ്ഥാനാർത്ഥിയായിരുന്ന കിരൺ ബേദി. രാഷ്ട്രീയത്തിൽ സജീവമാകാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ പൊതുജന സേവനത്തിൽ സജീവമായി തുടരുമെന്നും പനാജിയിൽ വിമൻ ഇക്കണോമിക് ഫോറത്തിൽ അവർ പറഞ്ഞു.

രാഷ്ട്രീയമല്ല എന്റെ ഭാഷ. അതുകൊണ്ടുതന്നെ ഇനി തെരഞ്ഞെടുപ്പുകളിൽ മത്സരിക്കില്ല. ഡൽഹി തെരഞ്ഞെടുപ്പിന് ശേഷമുള്ള രാഷ്ട്രീയ ജീവിതത്തെ കുറിച്ച് മാദ്ധ്യമപ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു ബേദിയുടെ പ്രതികരണം.

ജീവിതം അനുഭവങ്ങളാൽ സമ്പന്നമായി. കൂടുതൽ ഉൾക്കാഴ്ചയുണ്ടായി. ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിച്ചത് ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവം ആയിരുന്നു. തന്നിൽ വിശ്വാസം അർപ്പിച്ച ബിജെപിയോട് നന്ദിയുണ്ടെന്നും ബേദി പറഞ്ഞു.

ഡൽഹി തെരഞ്ഞെടുപ്പിൽ കൃഷ്ണനഗർ മണ്ഡലത്തിലാണ് ബേദി മത്സരിച്ചത്. ഏറെക്കാലം ബിജെപിയിലെ ഹർഷ വർധൻ ജയിച്ച മണ്ഡലത്തിൽ ബേദി പരാജയപ്പെട്ടിരുന്നു. ആകെ മൂന്ന് സീറ്റുകളിൽ മാത്രമാണ് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിജയിച്ചത്. 70ൽ 67 സീറ്റുകളിലും ആം ആദ്മി പാർട്ടിയാണ് വിജയിച്ചത്.