പനാജി: വിവിധ കോണുകളിൽ നിന്നുയരുന്ന വിമർശനങ്ങൾ സഹിക്കവയ്യാതെ പ്രതിരോധ മന്ത്രി മനോഹർ പരീക്കർ മാദ്ധ്യമങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ തീരുമാനിച്ചു. ആറുമാസത്തേക്ക് മാദ്ധ്യമങ്ങളോടു സംസാരിക്കില്ലെന്നാണ് പരീക്കർ പറയുന്നത്.

വിവിധ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങളിൽ കടുത്ത വിമർശനമാണ് പരീക്കർക്കു നേരിടേണ്ടി വന്നത്. ഇതാണ് കേന്ദ്ര പ്രതിരോധ മന്ത്രിയെ പ്രകോപിപ്പിച്ചത്. താൻ സംസാരിക്കുമ്പോൾ അതിനുള്ളിലെ വിവാദം ചികഞ്ഞെടുക്കാൻ മാത്രമാണ് ജനം ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പനാജിയിൽ നിന്ന് 15 കിലോമീറ്റർ അകലെ മണ്ടൂർ ഗ്രാമത്തിൽ നടന്ന സർക്കാർ ചടങ്ങിൽ പങ്കെടുക്കുമ്പോഴാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. റാഫേൽ കരാർ, കാശ്മീർ സൊപോർ ടൗൺ സംഭവം എന്നിവയെക്കുറിച്ച് ഇന്ന് ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രി പ്രതികരിച്ചത്. മൂന്നുദിവസത്തേക്ക് ഗോവയിലെത്തിയപ്പോഴാണ് മന്ത്രിയുടെ പ്രതികരണം.

നേരത്തെ, തീവ്രവാദികളെ ഉപയോഗിച്ച് ഭീകരവാദത്തെ നിർവീര്യമാക്കണമെന്ന പരീക്കറുടെ പരാമർശം വിവാദമായിരുന്നു.മാദ്ധ്യമങ്ങളോട് വളരെ അപൂർവമായി മാത്രം അകലം പാലിക്കാറുള്ള നേതാവാണ് പരീക്കർ. എന്നാൽ, വിവാദങ്ങൾ ചികഞ്ഞെടുക്കാൻ മാത്രമാണ് ജനം ശ്രമിക്കുന്നതെന്ന നിലപാടാണ് മാദ്ധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നാണ് പരീക്കർ പറയുന്നത്.