കോഴിക്കോട്: ദേശീയ ഗാനത്തെ അപമാനിച്ചുവെന്ന പരാതിയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത നോവലിസ്റ്റ് കമൽസി ചവറ എഴുത്തുനിർത്തുന്നു. വിവാദമായ തന്റെ 'ശ്മശാനങ്ങളുടെ നോട്ടു പുസ്തകം' എന്ന നോവൽ ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് കോഴിക്കോട് കിഡ്‌സൻ കോർണറിൽ വച്ച് കത്തിക്കുമെന്നും അദ്ദേഹം ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കി.

ഇനി എഴുത്തുകാരനായി ജീവിക്കേണ്ടെന്ന് കമൽ സി. ചവറ പറയുന്നു. ഇന്റലിജൻസുകാർ വീട്ടിൽ കയറിയിറങ്ങി അമ്മയെയും ഹൃദ് രോഗിയായ അച്ഛനെയും ഭീഷണിപ്പെടുത്തുന്നു. കൊന്നുകളയുമെന്ന ഫോൺകോളുകൾ നിരന്തം വന്നുകൊണ്ടിരിക്കുന്നു.

അതുകൊണ്ട് ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീൻ ബുക്‌സിനോട് പിൻവലിക്കാൻ ആവശ്യപെട്ടിട്ടുണ്ട്. മറ്റെന്നാൽ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നിൽ വച്ച് കത്തിക്കുകയാണ്. എഴുത്തുകാരനാവണ്ട എനിക്ക്. ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് കിഡ്‌സൻ കോർണറിൽ വച്ചാവും' ഞാനത് ചെയ്യുകയെന്ന് കമൽ സി ചവറ കൂട്ടിച്ചേർക്കുന്നു.

കമൽ സി ചവറയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഞാൻ കാരണം എന്റെ വീട്ടിലെ അമ്മയ്ക്കും ഹൃദ്രോഗിയായ അച്ഛനും ബധിരനും മൂകനുമായ ചേട്ടന്റെ കുടുംബത്തിനും വീട്ടിൽ സമാധാനമായി ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. ജനിച്ച അന്നു മുതൽ അവർക്ക് തലവേദന ഉണ്ടാക്കി കൊണ്ടിരിക്കുന്ന ഒരു മനുഷ്യനാണ് ഞാൻ. എന്റെ രാജ്യദ്രോഹ കുറ്റം ഇതു വരെയും പിൻവലിക്കപെട്ടിട്ടില്ല. നദിയെയും എന്നെയും വെറുതേ വിട്ടു, കേസ് പോലും എടുത്തിട്ടില്ല എന്ന് ഡിജിപിയും ഭരണനേതാക്കളും പറഞ്ഞങ്കിലും നദിയുടെ കേസിൽ പൊലീസെടുത്ത നിലപാട് കണ്ടതാണ്. ഈ ദിവസം വരെയും എന്റെ വീട്ടിൽ ഇന്റലിജൻസ് കയറി ഇറങ്ങുകയും അവരെ ഭയപ്പെടുത്തുകയും ചെയ്യുന്നു. വീട്ടിലേക്കും എന്റെ ഫോണിലേക്കും നിരന്തരം കൊന്നുകളയും എന്ന നിലയിൽ ഫോൺ കോളുകൾ വരുന്നു. എനിക്ക് ഒരു എഴുത്തുകാരനായി ജീവിക്കാൻ ഒരു ആഗ്രഹവുമില്ല.

ഈ പുസ്തകത്തിലെ ഒമ്പതാം ചാപ്റ്റർ, ഏതോ അദ്ധ്യായത്തിലെ ഒരു ഭാഗം, ഒരു ഇറങ്ങാൻ പോകുന്ന നോവലിലെ ഫേസ്‌ബുക്കിലെ പോസ്റ്റ് ഇതിന്റെയൊക്കെ ദേശ വിരുദ്ധതയുടെ പേരിൽ കേസിപ്പോഴും നിലനിൽക്കുന്നു. അതുകൊണ്ട് ശ്മശാനങ്ങളുടെ നോട്ടു പുസ്തകം ഗ്രീൻ ബുക്‌സിനോട് പിൻവലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റന്നാൾ എന്റെ പുസ്തകം എല്ലാ അപരാധങ്ങളും ഏറ്റെടുത്ത് പൊതുജനത്തിന് മുന്നിൽ വച്ച് കത്തിക്കുകയാണ് . എഴുത്തുകാരനാവണ്ട എനിക്ക്. മറ്റന്നാൾ വൈകിട്ട് നാലുമണിക്ക് കിഡ്‌സൻ കോർണറിൽ വച്ചാവും' ഞാനത് ചെയ്യുക. ക്ഷമിക്കുമെന്നും കൂടെ ഉണ്ടാവുമെന്നും വിശ്വസിക്കുന്നു.

ഒരു മണിക്കൂർ മുമ്പ് ഫേസ്‌ബുക്കിലിട്ട ഈ കുറിപ്പിന് വ്യാപകമായ പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഒരു എഴുത്തുകാരന്റെ ആത്മഹത്യാ കുറിപ്പാണിത്, കമൽ, നിന്റെ തീരുമാനത്തിനൊപ്പം വേദനയോടെയും വിയോജിപ്പോടെയും, നിങ്ങൾ എന്തിനാണ് തളരുന്നത്? പുസ്തകം കത്തിക്കുന്ന തീരുമാനം പിൻവലിക്കണം, ജീവിതം തന്നെയാണ് വലുത്...എഴുത്തും കഴുത്തും അല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലാതെ വരുമ്പോൾ കഴുത്തേ തെരെഞ്ഞെടുക്കാനാവൂ...അല്ലേലും ആസുരകാലത്ത് പുസ്തകം ഒരു ബാധ്യതയാണ്..കത്തിച്ചു ചാമ്പലാക്കൂ..ഞാനും വരാം. ഇങ്ങനെ പോകുന്നു പ്രതികരണങ്ങൾ.

പിണറായിയുടെ പൊലീസ് വിചാരിച്ചാൽ ഇല്ലാതാകുമോ എഴുതാനുള്ള കഴിവ്... പെരുമാൾ മുരുകനു വേണ്ടി വിലപിക്കാനും ഐക്യപ്പെടാനും ആളുണ്ടായിരുന്നു..അന്ന് ഐക്യപ്പെട്ട് മുഷ്ടി ചുരുട്ടിയവരൊക്കെ ഇന്ന് ഉയരുന്ന മുഷ്ടികളെ വിലങ്ങിടാനുള്ള തിരക്കിലാണ്. കമൽ...ഈ
പ്രതിഷേധത്തിനും കമിഴ്‌ത്തി വച്ച കുടത്തിനു മേലൊഴിച്ച് അരവെള്ളത്തേക്കാൾ ഫലമൊന്നുമുണ്ടാകാൻ പോകുന്നില്ല. പറ്റുമെങ്കിൽ അവർ പൊതുസ്ഥലത്ത് തീയിട്ടതിനു നിങ്ങൾക്കൊരു ജാമ്യമില്ലാ വകുപ്പ് കൂടി ചാർത്തി കേസെടുക്കും, ഫാസിസം ചമട്ടി കോലായി
മുതുകിൽ പ്രഹരിച്ചാലും വാക്കിന്റെ തീച്ചൂളയിൽ നിന്നും ഒരു തരി തീ നീ പകർത്തുക. അത് കെട്ടടങ്ങാനായല്ല കാട്ടുതീയായി ഫാസിസത്തിൻ അധികാര പുരകൾ എരിച്ചിടാനാവട്ടെ, വേദനയിൽ ദുഃഖം സുഹൃത്തേ.....തരാൻ മൗനം മാത്രം...., നിങ്ങൾ തോൽപ്പിക്കുന്നത് ഒപ്പം നിന്നവരെയാണ്. ജയിക്കുന്നത് ആരാണെന്ന് നിങ്ങൾക്ക് തന്നെ അറിയാം. ടീ ഈ തീരുമാനത്തിൽ നിന്ന് പിന്മാറുക. എന്നിങ്ങനെ പോകുന്നു വായനക്കാരുടെ പ്രതികരണങ്ങൾ.

നേരത്തെ കമൽ സി ചവറയെ രാജ്യദ്രോഹക്കുറ്റം ചുമത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തപ്പോൾ പല കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് അദ്ദേഹത്തെ വിട്ടയച്ചത്. ഇക്കാര്യം വിവാദമായപ്പോൽ പൊലീസിനെ കുറ്റപ്പെടുത്തി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തുവന്നിരുന്നു. കമൽ സി ചാവറയ്ക്ക ജാമ്യം കിട്ടിയത് എൽഡിഎഫ് സർക്കാർ ആയതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ദേശീയഗാനത്തെ അധിക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്തു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു കേസ് കമലിനെതിരെ രജിസ്റ്റർ ചെയ്തത് എന്നായിരുന്നു ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരിച്ചത്.