തിരുവനന്തപുരം: ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുമായി നടക്കുന്ന കൂടിക്കാഴ്‌ച്ചയ്ക്ക് മുന്നെ വെടിപൊട്ടിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി. നസിറുദ്ദീൻ. എല്ലാ ദിവസവും കടകൾ തുറക്കാനുള്ള അനുമതി ഇന്നുമുതൽ നൽകണമെന്നാണ് വ്യാപാരികളുടെ ആവശ്യം. അല്ലാതെയുള്ള ഒരു നിയന്ത്രണവും അംഗീകരിക്കാൻ കഴിയില്ലെന്ന് പ്രസിഡന്റ് വ്യക്തമാക്കി.നാളെ മുതൽ എല്ലാ കടകളും തുറക്കനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ വിരട്ടൽ തങ്ങളോട് വേണ്ടെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി.

നാളെയും മറ്റന്നാളും സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആണ്. എന്നാൽ അത് കാര്യമാക്കാതെ കടകൾ തുറന്നുപ്രവർത്തിക്കുമെന്നാണ് നേതൃത്വം പറയുന്നത്. പ്രദേശികമായി ടി.പി.ആർ. നോക്കി നടപ്പാക്കുന്ന നിയന്ത്രണങ്ങൾ അശാസ്ത്രീയമാണെന്നും ആഴ്ചയിൽ അഞ്ച് ദിവസം കടകൾ തുറക്കാൻ അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം. എന്നാൽ കേരളത്തിൽ ടി.പി.ആർ. പത്ത് ശതമാനത്തിന് താഴേക്ക വരാത്തതിനാൽ ഇക്കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകുമോയെന്ന കാര്യം വ്യക്തമല്ല.

കടകൾ തുറന്ന് പ്രവർത്തിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ച് വ്യാപാരികളും സർക്കാരും തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരികൾ നിലപാടെടുത്തതോടെ സർക്കാരും ശക്തമായി പ്രതികരിക്കുമെന്ന നിലവന്നു. ഇതിനു പിന്നാലെയാണ് പ്രശ്നപരിഹാരത്തിന്റെ ഭാഗമായി ഇന്ന് ചർച്ച നടക്കാനിരിക്കുന്നത്.

ഇന്നു വൈകുന്നേരം മൂന്നരയ്ക്കാണ് മുഖ്യമന്ത്രിയും വ്യപാരികളുമായുള്ള കൂടിക്കാഴ്ച. വ്യാപാരികൾ ആവശ്യപ്പെട്ട പ്രകാരം മുഖ്യമന്ത്രി രാവിലെ കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രിയുമായുള്ള യോഗത്തിലും സിപിഎം. സംസ്ഥാന സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിക്ക് പങ്കെടുക്കേണ്ടതുകൊണ്ട് സമയം മാറ്റുകയായിരുന്നു.