ന്യഡൽഹി: യുപി പിടിച്ചതോടെ ബിജെപിയെന്നാൽ നരേന്ദ്ര മോദിയെന്ന നിലയിലേക്ക് കാര്യങ്ങളെത്തുന്നു. ആർക്കും എതിർക്കാനാവാത്ത നേതാവായി മോദി മാറുന്നു. തീരുമാനമെല്ലാം മോദി എടുക്കും അമിത് ഷായെന്ന ബിജെപി പ്രസിഡന്റ് നടപ്പാക്കും. പാർട്ടിയിലെ വിമത സ്വരമെല്ലാം മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനി രാഷ്ട്രപതിയാകുമെന്ന് ദേശീയ മാധ്യമങ്ങൾ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുദക്ഷിണയായിരിക്കും ഇതെന്നും റിപ്പോർട്ടുകളിൽ പറയുന്നു. പ്രധാനമന്ത്രിയായതു മുതൽ മോദിയും അദ്വാനിയും രണ്ട് തട്ടിലാണ് യാത്ര. മോദി വിരുദ്ധരെ സമാഹരിച്ച് പാർട്ടിയിൽ വിമത സ്വരം ഉയർത്താൻ അദ്വാനി അനുകൂലികൾ ശ്രമിച്ചിരുന്നു. അതിനില്ലാം അന്ത്യം കുറിച്ചാണ് മോദി യുപിയെ കീഴടക്കി ബിജെപിയിലെ അവസാനവാക്കാകുന്നത്.

ഇതോടെ എതിരാളികൾ പോലും മോദി ഭക്തരായി. മോദി മാജിക്കിനെ ഏവരും അംഗീകരിക്കുന്നു. അതുകൊണ്ട് തന്നെ മോദിയും മനസ്സ് മാറ്റുന്നു. ആരോടും പ്രതികാരവുമില്ല. രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കാറായി. പുതിയയാളെ തെരഞ്ഞെടുക്കാനുള്ള ചർച്ചകൾ തകൃതിയാണ്. അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും അദ്വാനി തന്നെയാകും ആ സ്ഥാനത്തുവരികയെന്നാണ് റിപ്പോർട്ടുകൾ. യുപിയടക്കം നാലു സംസ്ഥാനങ്ങളിൽ വിജയിച്ചതോടെ രാജ്യസഭയിലെ ഭൂരിപക്ഷ പ്രശ്നവും ഏറെക്കുറെ പരിഹരിക്കാനായി. ഈ സാഹചര്യത്തിൽ മോദി തന്നെ അദ്വാനിയെ പ്രസിഡന്റായി ഉയർത്തിക്കാട്ടുന്നു. രാഷ്ട്രീയത്തിൽ മോദിയുടെ ഗുരുവാണ് അദ്വാനി. 1992ലെ അദ്വാനിയുടെ കർസേവ രാമയാത്രയ്ക്ക് ചുക്കാൻ പിടിച്ചതും മോദി. ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി ഉയർത്തിയതും അദ്വാനിയായിരുന്നു.

ഗോദ്ര കാലപത്തെ തുടർന്ന് ഗുജറാത്തിലെ സർക്കാരിനെ പിരിച്ചുവിടാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന എബി വാജ്‌പേയ് തീരുമാനിച്ചതായിരുന്നു. എന്നാൽ അദ്വാനി അനുവദിച്ചില്ല. ഗുജറാത്തിലെ തുടർച്ചയായ ഭരണം മോദിയെ ദേശീയ നേതാവാക്കി. പ്രധാനമന്ത്രി സ്ഥാനത്ത് മോദിയെ ഉയർത്തിക്കാട്ടാൻ ആർഎസ്എസ് തീരുമാനിച്ചു. ഇതോടെ അദ്വാനി അനിഷ്ടത്തിലായി. അതിനിടെ കഴിഞ്ഞ തവണ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാക്കിയതിനെ അംഗീകരിക്കാൻ ആദ്യം അദ്വാനി തയ്യാറായില്ല. ഇതോടെ മോദി ജയിച്ചാൽ അദ്വാനിയെ രാഷ്ട്രപതിയാക്കാമെന്ന ഫോർമുല സംഘപരിവാർ മുന്നോട്ട് വച്ചു. അങ്ങനെ മോദിയിലൂടെ ബിജെപി രാജ്യ ഭരണം പിടിച്ചു. യുപിയിലൂടെ ഇപ്പോൾ രാജ്യത്തെ ഏറ്റവും വലിയ കക്ഷിയായും മാറി. ഇനി രാഷ്ട്രപതി തെരഞ്ഞെടുപ്പാണ്.

തന്നോട് അനിഷ്ടം കാട്ടുന്ന അദ്വാനിയെ രാഷ്ട്രപതിയാക്കാൻ മോദിക്ക് താൽപ്പര്യ കുറവുണ്ടായിരുന്നു. രാജ്യസഭയിൽ ഭൂരിപക്ഷമില്ല. ഇതിനൊപ്പം പ്രസിഡന്റ് കൂടി തന്റെ എതിരാളിയായാൽ എന്താകുമെന്ന ആശങ്കയായിരുന്നു കാരണം. അദ്വാനി കടുത്ത നിലപാട് എടുക്കുമോ എന്നും ഭയന്നിരുന്നു. യുപിയിലേയും ഉത്തരഖണ്ഡിലേയും ഫലം ഈ പേടി മാറ്റി. അങ്ങനെ അദ്വാനിയുടെ പേരു വിണ്ടും ചർച്ചകളിൽ സജീവമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ എൽ.കെ. അദ്വാനിയുടെ പേര് രാഷ്ട്രപതി സ്ഥാനത്തേക്കു നിർദ്ദേശിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട സോമനാഥ ട്രസ്റ്റിന്റെ ഈ മാസം എട്ടാം തീയതി നടന്ന യോഗത്തിൽ മോദി ഇക്കാര്യം സൂചിപ്പിച്ചുവെന്നാണു റിപ്പോർട്ട്. മോദിക്കൊപ്പം എൽ.കെ. അദ്വാനിയും ട്രസ്റ്റ് പ്രസിഡന്റ് കേശുഭായ് പട്ടേലും മുൻ ചീഫ് സെക്രട്ടറി പി.കെ. ലഹിരിയും പങ്കെടുത്തിരുന്നു.

ഈ വർഷം ജൂലൈയിലാണു രാഷ്ട്രപതി തിരഞ്ഞെടുപ്പു നടക്കുക. ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ കാലാവധി ജൂലൈ 25ന് അവസാനിക്കും. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തിളക്കമാർന്ന വിജയം നേടിയതോടെ തങ്ങളുടെ പ്രതിനിധിയെ രാഷ്ട്രപതി പദത്തിലെത്തിക്കാൻ കഴിയുന്ന നിലയിലാണു ബിജെപിയുള്ളത്. ബിജെപിയിലെ ഏറ്റവും തലമുതിർന്ന നേതാവായ എൺപത്തിയൊമ്പതുകാരനായ എൽ.കെ. അദ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്കു നാമനിർദ്ദേശം ചെയ്ത് പാർട്ടിയിലെ സർവ്വ സമ്മതനാകാനാണ് മോദിയുടെ ശ്രമം. നേരത്തെ സുഷമാ സ്വരാജിനെ രാഷ്ട്രപതിയാക്കാനാണ് മോദിക്ക് താൽപ്പര്യമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. എന്നാൽ ഇത്തവണ അദ്വാനിക്ക് അവസരം നൽകാനാണ് മോദിയുടെ തീരുമാനമെന്നാണ് പുതിയ റിപ്പോർട്ട്.

ആർഎസ്എസിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ എൽ.കെ. അദ്വാനി 1998 മുതൽ 2004 വരെ വാജ്പേയ് മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായും 2002-2004 കാലയളവിൽ ഉപപ്രധാനമന്ത്രിയായും പ്രവർത്തിച്ചിരുന്നു. എന്നാൽ 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദിയുടെ പേര് ഉയർന്നുവന്നതോടെ പാർട്ടിക്കുള്ളിൽ കടുത്ത അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. തുടർന്നു ബിജെപി പാർലമെന്ററി ബോർഡിൽനിന്ന് ഒഴിവാക്കപ്പെട്ട അദ്വാനിയെ മാർഗദർശക് മണ്ഡലിൽ ഉൾപ്പെടുത്തുകയും ചെയ്തു. മൂന്നു വർഷങ്ങൾക്കിപ്പുറം നരേന്ദ്ര മോദി പാർട്ടിയിൽ അപ്രമാദിത്തം നേടിയിരിക്കുന്ന സാഹചര്യത്തിലാണു രാഷ്ട്രപതി സ്ഥാനത്തേക്ക് അഡ്വാനിയുടെ പേര് വീണ്ടും ഉയർന്നുവന്നിരിക്കുന്നത്.

വലിയ സംസ്ഥാനമായ യു.പി.യിലേതടക്കമുള്ള വൻ വിജയം രാജ്യസഭയിലെ അംഗബലത്തിലും രാഷ്ട്രപതി തിരഞ്ഞെടുപ്പിലും ബിജെപി.ക്ക് അനുകൂല നിലയൊരുക്കും. ബിജെപി.യുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉത്തർപ്രദേശിൽ നേടിയത്. സമാജ്വാദി പാർട്ടിയും കോൺഗ്രസും സഖ്യമുണ്ടാക്കി മത്സരിച്ചിട്ടും ബിജെപി.യുടെ മുന്നേറ്റത്തെ ചെറുക്കാനായില്ല. 403-ൽ 325 സീറ്റാണ് ബിജെപി. സഖ്യത്തിന് ലഭിച്ചത്. രാമക്ഷേത്ര പ്രശ്‌നമുയർത്തി തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ പോലും ഇത്രയും സീറ്റ് നേടാൻ അവർക്ക് കഴിഞ്ഞിട്ടില്ല. 15 വർഷത്തിനുശേഷമാണ് സംസ്ഥാനത്ത് ബിജെപി. വീണ്ടും അധികാരത്തിലെത്തുന്നത്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആവർത്തനമാണ് ബിജെപി.ഇത്തവണയും കാഴ്ചവെച്ചത്.

ലോക്സഭയിലെയും രാജ്യസഭയിലേയും അംഗങ്ങളും നിയമസഭാംഗങ്ങളും ഉൾപ്പെട്ട 'ഇലക്ടറൽ കോളേജാണ്' രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് വോട്ടവകാശമില്ല. ഓരോ എംപി.യുടെയും വോട്ടിന്റെ മൂല്യം 708 ആയിരിക്കും. എംഎ‍ൽഎ.മാരുടെ വോട്ട് മൂല്യമാവട്ടെ സംസ്ഥാനങ്ങളിലെ ജനസംഖ്യ കൂടി കണക്കിലെടുത്തായിരിക്കും. 776 എംപി.മാരും 4120 എംഎ‍ൽഎ.മാരുമടക്കം 4896 ജനപ്രതിനിധികളാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടർമാർ. ഇപ്പോൾ 12 സംസ്ഥാനങ്ങളിൽ ഭരണമുള്ള പാർട്ടിയാണ് ബിജെപി. ലോക്സഭാംഗങ്ങളായി 282 പേരും രാജ്യസഭാംഗങ്ങളായി 56 പേരും ബിജെപി.ക്കുണ്ട്. ഇപ്പോൾ തിരഞ്ഞടുപ്പു നടന്ന നാലുസംസ്ഥാനങ്ങളും കൂട്ടിയാൽ ബിജെപി.ക്കു സ്വന്തമായി 1546 എംഎ‍ൽഎ.മാരുടെ അംഗബലമായി.

മഹാരാഷ്ട്രയിൽ ശിവസേന (63 എംഎ‍ൽഎ.മാർ), അസമിൽ അസംഗണപരിഷത്ത് (14), പഞ്ചാബിൽ അകാലിദൾ (15) എന്നിങ്ങനെ എൻ.ഡി.എ.യിലെ മുഖ്യകക്ഷികളുടെയും ആന്ധ്രാപ്രദേശിൽ 102 എംഎ‍ൽഎ.മാരുടെ ഭൂരിപക്ഷമുള്ള തെലുങ്കുദേശത്തിന്റെയും പിന്തുണ ബിജെപി.യുടെ ആത്മവിശ്വാസം കൂട്ടുന്നു. ബിഹാർ ഭരിക്കുന്ന ജെ.ഡി.യു. നയിക്കുന്ന മഹാസഖ്യത്തിന്റെ 178, പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ 211, കോൺഗ്രസ്-ഇടതു കൂട്ടുകെട്ടിന്റെ 32, തമിഴ്‌നാട്ടിൽ എ.ഐ.എ.ഡി.എം.കെ.യുടെ 134, ഡി.എം.കെ.യുടെ 89, ഡൽഹിയിൽ ആം ആദ്മി പാർട്ടിയുടെ 67 എന്നിവയും കേരളം, കർണാടക, ത്രിപുര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ അംഗബലവും ബിജെപി.ക്കു പ്രതീക്ഷിക്കാനാവില്ല.

എന്നാൽ, ഒഡിഷയിൽ 117 എംഎ‍ൽഎമാരുള്ള ബി.ജെ.ഡി.യും 63 എംഎ‍ൽഎ.മാരുള്ള തെലങ്കാനയിലെ ടി.ആർ.എസ്സുമൊക്കെ ബിജെപി.യോട് ഇടഞ്ഞുനിൽക്കുന്ന പാർട്ടികളല്ല. ഈ സാഹചര്യത്തിൽ മോദി തീരുമാനിച്ചാൽ അദ്വാനി അടുത്ത രാഷ്ട്രപതിയാകുമെന്ന് ഉറപ്പാണ്.