ന്യൂഡൽഹി: കേന്ദ്രഭരണം പോയതിനുപിന്നാലെ സംസ്ഥാന ഭരണങ്ങളും ഒന്നിനുപുറകെ ഒന്നായി നഷ്ടപ്പെടുന്ന കോൺഗ്രസ് അവസാന തുരുപ്പുചീട്ടെന്ന നിലയിൽ പ്രിയങ്കാ വധേരയെ ഉത്തർപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുമോ? സോണിയക്കും രാഹുലിനും കോൺഗ്രസിൽ ഗ്രിപ്പ് നഷ്ടപ്പെടുന്നതിനിടയിൽ യുപിയിൽ ബിജെപി ഭരണംപിടിക്കാതിരിക്കാൻ അവസാന പരീക്ഷണമെന്ന നിലയിൽ ഇത്തരമൊരു നീക്കത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡെന്നാണ് സൂചനകൾ.

ആദ്യം കേന്ദ്ര നരേന്ദ്ര മോദി അധികാരത്തിലെത്തിയതിനും പിന്നീട് മോദിക്കെതിരെ കോൺഗ്രസ്സും ലാലുപ്രസാദ് യാദവും നികേഷ്‌കുമാറും കൈകോർത്ത വിശാലസഖ്യത്തെ ബീഹാറിൽ അധികാരത്തിലെത്തിച്ചതിനും പിന്നിൽ പ്രവർത്തിച്ച പ്രശാന്ത് കിഷോർ എന്ന തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ ഈ ആശയം മുന്നോട്ടുവച്ചതായാണ് റിപ്പോർട്ടുകൾ.

ബിജെപിയെ പ്രതിരോധിക്കാൻ എല്ലാ അടവുകളും പയറ്റിയിട്ടും അടുത്തിടെ അഞ്ചു സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടമൊന്നും ഉണ്ടാക്കാനായില്ല. മാത്രമല്ല നിലവിൽ കൈവശമുണ്ടായിരുന്ന ആസാം കോൺഗ്രസ്സിൽ നിന്ന് പിടിച്ചെടുക്കുകയും കേരളത്തിൽ ഭരണം നഷ്ടപ്പെടുകയും ചെയ്തു. വരിവരിയായി തോൽവികൾ ഏറ്റുവാങ്ങുമ്പോൾ ഏറെ പ്രതിരോധത്തിലാവുകയാണ് കോൺഗ്രസിന് നേതൃത്വം നൽകുന്ന സോണിയയും മകൻ രാഹുൽഗാന്ധിയും.

കോൺഗ്രസിനെ പുനരുദ്ധരിക്കാൻ പതിനഞ്ചു വർഷത്തോളം രാഹുൽ നടത്തിയ ശ്രമങ്ങൾ പാളിപ്പോയെന്ന് കോൺഗ്രസ്സിലെ മുതിർന്ന നേതാക്കൾ പറഞ്ഞുതുടങ്ങി. അർദ്ധ മനസ്സോടെയാണ് രാഹുൽ നേതൃത്വം ഏറ്റെടുക്കുന്നത് എന്നതിനാൽ അദ്ദേഹത്തെ അടുത്ത നേതാവെന്ന നിലയിൽ വിശ്വസിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്. മാത്രമല്ല ഇടയ്ക്കിടെ എവിടേക്കെന്നു പോലും പറയാതെ മുങ്ങുന്ന രാഹുലിനെ പാർട്ടിയുടെ ചുമതലയേൽപ്പിക്കുന്നതിൽ പലർക്കും വലിയ വിയോജിപ്പുമുണ്ട്. രാഹുൽ യൂത്ത് കോൺഗ്രസിലും എൻഎസ്‌യുവിലും കൊണ്ടുവന്ന 'കോർപറേറ്റ്' പരിഷ്‌കാരങ്ങൾ പരാജയപ്പെടുകയും ചെയ്തു.

ഈ സാഹചര്യത്തിലാണ് യുപി തിരഞ്ഞെടുപ്പിനെ നേരിടാൻ തന്ത്രങ്ങൾ മെനയുമ്പോൾ മോദിയിൽ നിന്നു നിതീഷ് വഴി കോൺഗ്രസിലെത്തി നിൽക്കുന്ന പ്രശാന്ത് കിഷോർ എന്ന തിരഞ്ഞെടുപ്പു തന്ത്രജ്ഞൻ പ്രിയങ്കയെന്ന അവസാന തുരുപ്പുചീട്ടിറക്കാൻ കോൺഗ്രസിനെ പ്രേരിപ്പിക്കുന്നത്. പാർട്ടി ആരെ മുന്നിൽ നിർത്തണമെന്നു തീരുമാനിക്കാൻ പാർട്ടിക്കാരനല്ലാത്ത ഇദ്ദേഹം ആര് എന്ന ചോദ്യം പലരും ഉയർത്തുന്നുണ്ട്. എന്നാൽ പ്രശാന്ത് മോദിയെ പ്രധാനമന്ത്രിപദത്തിലെത്തിക്കാൻ പ്രയോഗിച്ച തന്ത്രങ്ങളും പിന്നീട് ബീഹാറിൽ വിശാലസഖ്യത്തിന് കോൺഗ്രസിനെ പ്രേരിപ്പിച്ച് ബിജെപിയെ വീഴ്‌ത്തിയതും ചെറിയകാര്യമല്ലെന്നാണ് ഹൈക്കമാൻഡ് ഇപ്പോഴും കരുതുന്നത്. പ്രിയങ്കയെ യുപിയിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുമെന്ന റിപ്പോർ്ട്ടുകൾ പുറത്തുവന്നപ്പോൾ സാധാരണ പ്രവർത്തകർ ഇപ്പോൾ വലിയ ആവേശത്തിലാണുതാനും.

ഏകീകൃത സിവിൽകോഡ് കൊണ്ടുവരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഉയർത്തിക്കാട്ടി യുപിയിൽ ബിഎസ്‌പി, എസ്‌പി സഖ്യത്തെ നേരിടാനും ഹിന്ദു വോട്ടുകൾ ഏകീകരിക്കാനുമാണ് യുപിയിൽ ബിജെപി തന്ത്രങ്ങൾ മെനയുന്നത്. ഇതിനെ നേരിടാൻ എന്തുചെയ്യുമെന്നറിയാതെ പരുങ്ങുകയാണ് കോൺഗ്രസ്. യുപിയിൽ 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 21 സീറ്റ് നേടി എസ്‌പിക്കും ബിഎസ്‌പിക്കുമൊപ്പം തലയുയർത്തിയ കോൺഗ്രസിനു പിന്നീടു തുടർച്ചയായി ചുവടുപിഴച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിൽ തനിച്ചു മത്സരിച്ച 355 സീറ്റിൽ ജയിച്ചത് 28 സീറ്റിൽ മാത്രം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കിട്ടിയതാകട്ടെ ആകെ രണ്ടേ രണ്ടു സീറ്റ്. അതാകട്ടെ സോണിയ ഗാന്ധിയുടെ റായ് ബറേലിയും രാഹുലിന്റെ അമേഠിയും. ഇന്ദിരയും രാജീവുമുണ്ടായിരുന്ന കോൺഗ്രസിന്റെ സുവർണകാലത്ത് യുപിയിൽ നെഹ്‌റു കുടുംബത്തിന് ഉണ്ടായിരുന്ന ജനപിന്തുണയുടെ നിഴൽപോലും ഇപ്പോഴില്ലെന്ന വ്യക്തം. ഈ സാഹചര്യത്തിലാണ് നെഹ്‌റു കുടുംബത്തിലെ അവസാന ആശ്രയത്തിലേക്കു കോൺഗ്രസ് പ്രതീക്ഷയോടെ കണ്ണുവയ്ക്കുന്നത്. രാഹുൽ ഗാന്ധിയിൽ ഏറെ പ്രതീക്ഷയർപ്പിച്ചിട്ടു കാര്യമില്ലെന്ന നിരാശയും പ്രകടമാകുന്നു ഈ നീക്കത്തിൽ.

കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുന്നോടിയായി കൈക്കൊണ്ട തീരുമാനങ്ങളിൽ നല്ല പങ്കും പിഴച്ചു. പാർട്ടി ഭരണഘടനയിൽ കൊണ്ടുവന്ന പരിഷ്‌കാരങ്ങളെല്ലാം പാളിപ്പോയി. തെറ്റായ തീരുമാനങ്ങളിലൂടെ സംസ്ഥാനങ്ങൾ ഒന്നിനു പിറകെ ഒന്നായി കൈവിട്ടു. 2009ൽ 33 എംപിമാരുണ്ടായിരുന്ന ആന്ധ്രയിൽ കോൺഗ്രസ് ഏറെക്കുറെ ഇല്ലെന്ന സ്ഥിതിയാണിപ്പോൾ. പൂർണമായി പരീക്ഷണ വിധേയനാകും മുൻപേ പരാജയപ്പെട്ട രാഹുലിന് സോണിയയുടെ രാഷ്ട്രീയവിവേകവും തന്ത്രജ്ഞതയുമില്ലെന്ന് മുതിർന്ന നേതാക്കൾതന്നെ പറയുന്നു. അതിനാൽത്തന്നെ പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാർത്ഥിയായില്ലെങ്കിൽ പ്രചാരണത്തിന്റെ നേതൃത്വമെങ്കിലും ഏറ്റെടുക്കണമെന്ന ആവശ്യമാണു യുപിയുടെ ചുമതലയേറ്റ പുതിയ ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് മുന്നോട്ടുവച്ചിട്ടുള്ളത്. റായ് ബറേലിക്കും അമേഠിക്കുമപ്പുറം പ്രചാരണത്തിനിറങ്ങില്ലെന്ന വാശിയിൽ നിന്നു പ്രിയങ്ക പിന്തിരിയണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യർത്ഥന.

യുപിയിൽ പ്രിയങ്കയെ കൊണ്ടുവന്ന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ അവതരിപ്പിക്കില്ലെന്നു കാലാകാലങ്ങളായി പിന്തുടരുന്ന വാശി കോൺഗ്രസ് ഉപേക്ഷിച്ചേക്കുമെന്ന സൂചനകളാണ് ഇപ്പോൾ പ്രബലം. പാർട്ടിക്കു വോട്ടു ചെയ്യുന്ന കാലം കഴിഞ്ഞെന്ന് കോൺഗ്രസിനെ ബോധ്യപ്പെടുത്തുന്നതിൽ പ്രശാന്ത് കിഷോർ ഏറെക്കുറെ വിജയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. യുപിയിൽ കോൺഗ്രസിനു വേണ്ടി പ്രശാന്ത് രൂപപ്പെടുത്തുന്ന തന്ത്രങ്ങളും പ്രിയങ്ക സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പിച്ചാണ്.

പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാർത്ഥിയായെത്തിയാൽ കോൺഗ്രസിന് പിടിച്ചുനിൽക്കാനെങ്കിലും കഴിയുമെന്നാണ് പ്രതീക്ഷ. ചിലപ്പോൾ അപ്രതീക്ഷിതമായി മോദി പ്രഭാവം യുപിയിൽ ഫലിക്കില്ലെന്നും കോൺഗ്രസ് കൊടുങ്കാറ്റായി യുപി കീഴടക്കുമെന്നും വിശ്വസിക്കുന്നവരും പ്രചരിപ്പിക്കുന്നവരും പാർട്ടിയിലുണ്ട്. ഏതായാലും പ്രിയങ്ക മുഖ്യ പ്രചാരകയായാണിറങ്ങുന്നതെങ്കിലും കോൺഗ്രസ് ചലനമുണ്ടാക്കുമെന്നും അവർ രംഗത്തിറങ്ങിയാൽ, അധികാരപദവികളില്ലാത്ത പ്രിയങ്ക തന്നെയാവും കോൺഗ്രസിന്റെ താരപ്രചാരകയെന്നും ഏറെപ്പേരും വിശ്വസിക്കുന്നു.

എന്നാൽ പ്രിയങ്ക മത്സരരാഷ്ട്രീയത്തിലിറങ്ങേണ്ടതില്ലെന്ന കർക്കശ തീരുമാനത്തിൽ സോണിയ എത്രത്തോളം അയവുവരുത്തുമെന്ന് കാത്തിരുന്നു കാണണം. രാഹുലിനെ കോൺഗ്രസിന്റെ പുതിയ നേതാവായി അവരോധിക്കാനിരിക്കെ പുത്രിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുന്നത് ശരിയാവുമോ എന്ന ആശങ്കയും സോണിയയുമായി അടുപ്പമുള്ളവർ ഉപദേശിക്കുന്നുണ്ട്. പ്രിയങ്കയും സ്വന്തം കുടുംബത്തിനും മക്കൾക്കുമാണു തൽക്കാലം മുൻഗണന നൽകുന്നത്.

എങ്കിലും ചില മണ്ഡലങ്ങൡ മാത്രം പ്രചാരണത്തിനിറങ്ങാമെന്ന വാശി ഉപേക്ഷിച്ച് യുപിയിലെ പ്രചരണത്തിന്റെ ചുക്കാൻ ഏറ്റെടുക്കാനെങ്കിലും പ്രിയങ്കയെ നിർബന്ധിപ്പിക്കണമെന്നാണ് പ്രചാരണ ഉപദേശകൻ പ്രശാന്ത് നിർബന്ധം പിടിക്കുന്നത്. മറിച്ചായാൽ കോൺഗ്രസ് പിന്നെ യുപിയിലേക്ക് നോക്കേണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നൽകുന്നു. അതേസമയം, ഈ നീക്കങ്ങളെല്ലാം മുന്നിൽക്കണ്ട് ഭർത്താവ് വാധ്രയ്‌ക്കെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം കടുപ്പിക്കാനൊരുങ്ങുകയാണ് ബിജെപി നേതൃത്വവും.