- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല ചെമ്പോലയുടെ നിജസ്ഥിതി അന്വേഷിക്കും; പുരാവസ്തുക്കൾ ശാസ്ത്രീയമായി പരിശോധിക്കുമെന്നും എ.ഡി.ജി.പി ശ്രീജിത്; മോൻസന് എതിരെ നിലവിൽ ഉള്ളത് സാമ്പത്തിക തട്ടിപ്പ് കേസുകൾ; തെളിവെടുപ്പ് തുടരുന്നു; വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച്
കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൻ മാവുങ്കലിനെതിരെ നിലവിൽ സാമ്പത്തിക തട്ടിപ്പ് കേസുകളിലാണ് അന്വേഷണം നടക്കുന്നതെന്നും പ്രതിക്കെതിരെയുള്ള മറ്റു ആരോപണങ്ങളിലും അന്വേഷണം നടത്തുമെന്നും എഡിജിപി എസ്.ശ്രീജിത്ത്.
ശബരിമലയുമായി ബന്ധപെട്ട വിവാദ ചെമ്പോലയും പരിശോധിക്കും. മോൻസന്റെ ഡോക്ടറേറ്റ് വ്യാജമാണെന്ന പരാതി പരിശോധിക്കും. അന്വേഷണം നടക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കുന്നില്ലെന്നും എഡിജിപി വ്യക്തമാക്കി.
അതേസമയം, നാലാമതൊരു കേസ് കൂടി മോൻസണെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചാനൽ ഉടമയെന്ന നിലയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് പുതുതായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മോൻസനെതിരായ അന്വേഷണത്തിൽ ക്രൈം ബ്രാഞ്ച് ആർക്കിയോളജി വകുപ്പിന്റെ സഹായം തേടുന്നുണ്ട്. മോൻസന്റെ കൈവശമുള്ള പുരാവസ്തുക്കൾ ശാസ്ത്രീയമായി പരിശോധിക്കും. ഇതിനായി അടുത്ത ദിവസം പുരാവസ്തു വകുപ്പിന് ക്രൈംബ്രാഞ്ച് അപേക്ഷ നൽകും. ശബരിമലയുമായി ബന്ധപെട്ട വിവാദ ചെമ്പോലയും പരിശോധിക്കും. പുരാവസ്തുക്കളുടെ മറവിലെ സാമ്പത്തിക തട്ടിപ്പ് തെളിയിക്കാനാൻ കൂടിയാണ് പുരാവസ്തു വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിക്കുന്നത്.
അതേസമയം വിശദമായ മൊഴിയെടുപ്പിനും പരിശോധനകൾക്കുമായി മോൻസനെ കലൂരിൽ വീട്ടിലെത്തിച്ചു. എഡിജിപി ശ്രീജിത്ത് മോൻസനെ കൂടുതൽ ചോദ്യം ചെയ്യും. പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥരും മോൻസന്റ വീട്ടിലെത്തി തെളിവെടുക്കുന്നുണ്ട്. മോൻസനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് ക്രൈം ബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോകേണ്ടതുള്ളതിനാലാണിത്. വെള്ളിയാഴ്ച വൈകിട്ട് കോടതിയിൽ ഹാജരാക്കുമ്പോൾ വീണ്ടും കസ്റ്റഡി ആവശ്യപ്പെടാനാണ് നീക്കം.
മോൻസൺ മാവുങ്കലിന്റെ വീട്ടിൽ നിന്നും അപൂർവ ഇനം ശംഖുകൾ കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. വനം വകുപ്പ് റെയ്ഡിലാണ് ഈ ശംഖുകൾ പിടിച്ചെടുത്തത്. 15 ശംഖുകൾ ആണ് പിടിച്ചെടുത്തത്. പ്രാഥമിക പരിശോധനയിൽ ഈ ശംഖുകൾ സംരക്ഷിത പട്ടികയിൽപെടുന്നവയെന്നാണ് വനം വകുപ്പ് പറയുന്നത്. വന്യ ജീവി സംരക്ഷണ നിയമത്തിലെ 1, 2, 3 പട്ടികയിൽ പെടുന്നവയാണ് ഇവ. ഫോറൻസിക് പരിശോധനക്ക് ശേഷം മോൻസനെതിരെ കേസെടുക്കും.
അതേസമയം മോൻസൺ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്ന ആനക്കൊമ്പ് വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. വനം വകുപ്പിന്റെ പരിശോധനയിലാണിതും കണ്ടെത്തിയത്. ഇത് ഒട്ടകത്തിന്റെ എല്ലാണോ എന്ന് സംശയിക്കുന്നെന്ന് വനം വകുപ്പ് പറഞ്ഞു. ഇത് കൂടുതൽ പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജീസിലേക്ക് അയയ്ക്കും.
ഇതിനിടെ മോൻസൺ മാവുങ്കലിന്റെ പക്കലുള്ള വിശ്വരൂപമടക്കമുള്ള ശിൽപങ്ങൾ തന്റേതാണെന്ന് തിരുവനന്തപുരത്തെ ശിൽപ്പി സുരേഷ് വെളിപ്പെടുത്തി. മോൻസൺ തനിക്ക് 75 ലക്ഷം രൂപ നൽകാനുണ്ടെന്നും ഇനി ഈ പണം കിട്ടുമെന്ന വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു. ദീർഘകാലം വിദേശത്തായിരുന്നു സുരേഷ്. ശിൽപ്പ നിർമ്മാണ പാരമ്പര്യമുള്ള കുടുംബാംഗമാണ്. വർഷങ്ങളോളം അധ്വാനിച്ചാണ് ശിൽപ്പങ്ങൾ ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ