ചെന്നൈ: അണ്ണാദുരൈയ്ക്കും എംജിആറിനും ജയലളിതയ്ക്കും ശേഷം അണ്ണാഡിഎംകെയെ നയിക്കാൻ ഇനിവരുന്ന അവതാരം ആരെന്ന ചർച്ചകൾ സജീവമാകുന്നതിനിടെ ആ പദവി ശശികലയ്ക്ക് വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് തമിഴ് സിനിമാലോകം നീക്കം തുടങ്ങി. അമ്മതന്നെ മനസാ അനന്തരാവകാശിയായി നിശ്ചയിച്ചത് താരലോകത്തുനിന്ന് നടൻ അജിത്തിനെ ആണെന്ന ചിന്തകൾ പ്രബലമായത് ജയയുടെ മരണത്തെ തുടർന്ന് ഷൂട്ടിങ് നിർത്തിവച്ച് താരം അന്ത്യാഞ്ജലി അർപ്പിക്കാൻ പറന്നെത്തിയതോടെയാണ്.

ഇതിനു പിന്നാലെ അമ്മയുടെ വേർപാടിന്റെ പശ്ചാത്തലത്തിൽ തന്റെ ജന്മദിനം ഇക്കുറി ആഘോഷിക്കരുതെന്നും പോസ്റ്ററും ബാനറുമെല്ലാം സ്ഥാപിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് തമിഴകത്തിന്റെ മനം നിറയുന്ന ഒന്നാംനമ്പർ താരമായ രജനീകാന്തും രംഗത്തെത്തിയിട്ടുണ്ട്. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയുടെ ഇടപെടലുകളിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നടി ഗൗതമിയും രംഗത്തെത്തിയതോടെ അണ്ണാ ഡിംഎംകെയെ വരുതിയിൽ നിർത്താനുള്ള ശശികലയുടെയും മന്നാർഗുഡി മാഫിയയുടെയും നീക്കങ്ങൾ എളുപ്പമാവില്ലെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

പാർട്ടിയിലും ഭരണത്തിലും പിടിമുറുക്കാൻ ശശികലയും കൂട്ടരും നടത്തുന്ന നീക്കങ്ങൾക്ക് തടയിടാൻ അജിത്തോ രജനിയോ ഉടൻ രംഗത്തിറങ്ങുമെന്നാണ് സൂചനകൾ. ഈ വർഷം രജനീകാന്തിന് 66 വയസ് തികയാനിരിക്കുകയാണ്. ഡിസംബർ 12നാണ് രജനീകാന്തിന്റെ ജന്മദിനം. ഈ വർഷം തന്റെ ജന്മദിനം ആഘോഷിക്കരുതെന്ന് ആരാധകരോടും സൂപ്പർതാരം അഭ്യർത്ഥിച്ചു. രജനീകാന്തിന്റെ മാനേജരായ റിയാസ് അഹമ്മദ് ട്വിറ്ററിലൂടെയാണ് താരത്തിന്റെ തീരുമാനം ആരാധകരെ അറിയിച്ചത്.

ജന്മദിനാഘോഷത്തിന്റെ ഭാഗമായി പതിവുള്ള പോസ്റ്ററൊട്ടിക്കലും ബാനർ സ്ഥാപിക്കലുമൊന്നും ഈ വർഷം വേണ്ടെന്നും വിലക്കിയിട്ടുണ്ട്. കഴിഞ്ഞ വർഷവും രജനീകാന്ത് തന്റെ ജന്മദിനം ആഘോഷിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഇതേ സമയത്ത് ചെന്നൈയെ ദുരിതത്തിലാക്കിയ വെള്ളപ്പൊക്കത്തെ തുടർന്നായിരുന്നു ഇത്. ഇത്തരത്തിൽ നാടിന്റെ വേദനകളിൽ അവർക്കൊപ്പമുണ്ടെന്ന് പ്രഖ്യാപിക്കുന്ന രജനീകാന്തിന്റെ നീക്കങ്ങൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന്റെ മുന്നോടിയാണെന്നാണ് വിലയിരുത്തലുകൾ.

സമാനമായ രീതിയിലാണ് അജിത്തും ഇപ്പോഴത്തെ നിലയിൽ ജനമനസ്സിലെത്താൻ നീക്കം നടത്തുന്നത്. അമ്മയുടെ പിൻഗാമിയാകുമെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളിൽ ഇടംപിടിച്ച സൂപ്പർ സ്റ്റാർ അജിത്ത് ബൾഗേറിയയിലെ ഷൂട്ടിങ് നിർത്തിവച്ച് പ്രണാമമർപ്പിക്കാൻ ചെന്നൈയിൽ എത്തുകയായിരുന്നു. മറീന ബീച്ചിൽ ജയയുടെ മൃതദേഹം അടക്കംചെയ്ത സ്ഥലത്ത് ഭാര്യ ശാലിനിക്കൊപ്പം എത്തിയാണ് അന്ത്യോപചാരം അർപ്പിച്ചത്.

തമിഴകത്ത് നേരത്തേ മുതലേ തലൈവർ എന്ന അർത്ഥത്തിൽ തലയെന്ന വിളിപ്പേരുണ്ട് അജിത്തിന്. മരണത്തിലേക്ക് നയിച്ച രോഗത്തോടെ ജയയെ സെപ്റ്റംബർ 22ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ആദ്യം അവിടെയെത്തി അവരെ കണ്ടതും അജിത്തായിരുന്നു. ജയലളിതയ്ക്ക് താൻ മകനെപ്പോലെയാണെന്ന് നിരവധിതവണ അജിത്ത് പറയുകയും ചെയ്തിരുന്നു. ഇതോടെ നേരത്തേ മുതലേ അജിത്താണ് ജയയുടെ പിൻഗാമിയെന്ന പ്രചരണവും സജീവമായി.

വർഷങ്ങൾക്കു മുമ്പ് തോഴി ശശികലയുമായി പിണങ്ങിയതോടെ അവരേയും അവരുടെ ബന്ധുകൂടിയായ വളർത്തുമകൻ സുധാകരനെയും ജയലളിത പോയ്‌സ് ഗാർഡനിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അജിത്തിനെ അവർ മകനെപ്പോലെ കരുതിത്തുടങ്ങിയത്. മാത്രമല്ല, അവസാന നാളുകളിൽ അവർക്ക് ജനോപകാര പ്രദമായ രീതിയിൽ ഭരണം നിർവഹിക്കണമെന്ന ആഗ്രഹം സജീവമായിരുന്നു. അനന്തരാവകാശികളില്ലാത്തതിനാൽ ആവശ്യമില്ലാതെ സമ്പാദിച്ചുകൂട്ടുന്നതിലെ വ്യർത്ഥതയും മറ്റും ജയലളിതയുടെ ചിന്തകളെ മാറ്റി മറിച്ചിരുന്നുവെന്നാണ് സൂചനകൾ.

ബാംഗഌർ കോടതി സ്വത്തുകേസിൽ ശിക്ഷിച്ചതോടെ ജയിൽവാസം അനുഷ്ഠിക്കേണ്ടിവന്നപ്പോൾ ജയക്ക് മാനസാന്തരമുണ്ടായെന്ന് അടുപ്പമുള്ളവർ പറയുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജനോപകാര പ്രദമായ കൂടുതൽ പദ്ധതികൾ ജയിൽശിക്ഷ കഴിഞ്ഞ്് തിരിച്ചെത്തിയതിനു പിന്നാലെ ജയ പ്രഖ്യാപിക്കുന്നത്. ഇതിനു ശേഷം തന്നെ കാണാനെത്തുന്ന നേതാക്കന്മാരോടും ആഡംബരം കുറയ്ക്കാനും ലളിത ജീവിതം നയിക്കാനും നിർദ്ദേശിച്ചിരുന്നതായും പറയുന്നു. കനത്ത സ്വർണമാലയണിഞ്ഞിരുന്ന ചില നേതാക്കന്മാരെ വിലക്കുകയും മറ്റും ചെയ്തതോടെ അമ്മയുടെ അപ്രീതി ഭയന്ന് പലരും ഇത്തരത്തിൽ പ്രത്യക്ഷ ആഡംബരം ഉപേക്ഷിക്കുകയും ചെയ്തു.

ഇത്തരം സൂചനകൾ വച്ച് ജനങ്ങളോട് അനുതാപത്തോടെ പെരുമാറുന്ന നടന്മാരായ രജനീകാന്തോ താനുമായി അടുപ്പമുണ്ടായിരുന്ന അജിത്തോ പിൻഗാമിയായി വരാൻ ജയ ആഗ്രഹിച്ചിരുന്നെന്നും അതിനാലാണ് ശശികലയ്‌ക്കെതിരെ ശക്തമായ നിലപാട് ജയ സ്വീകരിച്ചതെന്നുമുള്ള പ്രചരണം സജീവമാണ്. ശശികലയിലേക്കും അവരുടെ നേതൃത്വത്തിലുള്ള മന്നാർഗുഡി മാഫിയയ്ക്കും ഒരു കാരണവശാലും അധികാരം എത്തിച്ചേരാൻ അനുവദിക്കരുതെന്ന വാദം സജീവമാണ്.

അണ്ണാഡിഎംകെയിൽ പന്നീർ ശെൽവത്തിന്റെ നേതൃത്വം അംഗീകരിക്കുന്ന ഒരു വിഭാഗവും ദേശീയ നേതാവായി അറിയപ്പെടുന്ന തമ്പിദുരൈയുടെ നേതൃത്വം അംഗീകരിക്കുന്ന മറ്റൊരു വിഭാഗവും ഇതിനകം സജീവ ചേരികളായി മാറാനും തുടങ്ങിയിട്ടുണ്ട്. ഇരുകൂട്ടരുടെയും ഭിന്നിപ്പുകൾ മുതലെടുത്ത അധികാരകേന്ദ്രമായി തുടരനാണ് ശശികല ലക്ഷ്യമിടുന്നത്. അതേസമയം, ഇതെല്ലാം മറികടന്ന് സിനിമാലോകത്തുനിന്ന് രജനിയോ തലയോ അടുത്ത നേതാവായി വരണമെന്ന് ആഗ്രഹിച്ച് താരങ്ങൾക്കിടയിൽ നിന്നുതന്നെ നീക്കങ്ങൾ സജീവമായിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായാണ് ശശികലയ്‌ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഗൗതമി എത്തിയതെന്നാണ് സൂചനകൾ.

അതേസമയം, ഇത്തരത്തിൽ താരലോകത്തുനിന്ന് അടുത്ത ഭരണാധികാരി എത്തുമ്പോൾ അത് മുതിർന്ന നടനായ രജനീകാന്ത് തന്നെയാകണമെന്ന ചിന്തകൾക്കാണ് മുൻതൂക്കം കൂടുതൽ. ജനപ്രിയതയിലും ജനങ്ങളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കുന്ന കാര്യത്തിലും സാധാരണക്കാരനായി തുടരുന്ന നടനാണ് രജനി. നല്ല മനസ്സിനുടമയായ രജനിക്ക് നല്ല ഭരണാധികാരി ആകാനും കഴിയുമെന്ന ചിന്തയാണ് ഉള്ളത്. ഏതായാലും അമ്മയെ അംഗീകരിച്ചതുപോലെ ശശികലയെ അംഗീകരിക്കില്ലെന്ന് സാധാരണക്കാരായ പ്രവർത്തകർപോലും പറഞ്ഞുതുടങ്ങിയതിനാൽ താമസിയാതെ താരലോകത്തുനിന്ന് രജനിയോ അജിത്തോ അടുത്ത ഭരണാധികാരിയായി ദ്രാവിഡ പാർട്ടിയുടെ തലപ്പത്ത് എത്തുമെന്നാണ് സൂചനകൾ.