അഹമ്മദാബാദ്: സുഹൃത്ത് സുരേഷ് ജാനിയുടെ വീട്ടിൽനിന്ന് സ്റ്റാച്ച്യു ഓഫ് ലിബർട്ടി കാണാൻ പോയ ദിവസം നരേന്ദ്ര മോദിയുടെ മനസ്സിൽകടന്നുകൂടിയതാണ് അതിനേക്കാൾ വലിപ്പമുള്ള മറ്റൊരു പ്രതിമ നാട്ടിൽ സ്ഥാപിച്ചാലോ എന്ന്. പിന്നീട് രാഷ്ട്രീയത്തിൽ അജയ്യനായി വളർന്നപ്പോഴും മോദി മനസ്സിൽനിന്ന് ഈ ആശയം കൈവിട്ടില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായവേളയിലാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഉരുക്കുമനുഷ്യനായ സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയെക്കുറിച്ച് മോദി വീണ്ടും ആലോചിച്ചുതുടങ്ങിയത്.

സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന് പേരിട്ട വല്ലഭായി പ്രതിമ 3000 കോടി രൂപയ്ക്കാണ് ഗുജറാത്തിൽ നിർമ്മിക്കുന്നത്. എന്നാൽ, ലോകത്തേറ്റവും വലിയ പ്രതിമ നിർമ്മിക്കുകയെന്ന ലക്ഷ്യത്തോടെ 3000 കോടി രൂപ ചെലവിടുന്നതിലെ അർഥശൂന്യതയാണ് ലോകമാദ്ധ്യമങ്ങൾ ഇപ്പോൾ ചർച്ച ചെയ്യുന്നത്. ശതകോടികൾ പട്ടിണി കിടക്കുന്ന ഇന്ത്യയിൽ ഇത്തരമൊരു പാഴ്‌ച്ചെലവിന്റെ ആവശ്യമുണ്ടോ എന്ന് മാദ്ധ്യമങ്ങൾ ചോദിക്കുന്നു.

എഞ്ചിനീയറിങ് കമ്പനിയായ ലാർസൻ ആൻഡ് ടൂബ്രോയാണ് 3000 കോടി രൂപയ്ക്ക് പ്രതിമാ നിർമ്മാണത്തിന്റെ ചുമതലയേറ്റിരിക്കുന്നത്. വെങ്കലത്തിലാണ് പ്രതിമ നിർമ്മിക്കുന്നത്. 182 മീറ്റർ ഉയരമുള്ള പട്ടേൽ പ്രതിമയുടെ നിർമ്മാണച്ചെലവ് 2,979 കോടി രൂപയാണ്. നാലുവർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കണം. പ്രധാന പ്രതിമയ്ക്ക് മാത്രം 1,347 കോടി രൂപയാണ് ചെലവ്. ഇതിനോട് ചേർന്നുള്ള എക്‌സിബിഷൻ ഹാൾ, കൺവെൻഷൻ സെന്റർ എന്നിവ നിർമ്മിക്കുന്നതിന് 235 കോടി രൂപ ചെലവുണ്ട്. പ്രതിമയിലേക്കുള്ള പാലത്തിന് 83 കോടി രൂപ. 15 വർഷം പ്രതിമ സംരക്ഷിക്കാൻ 657 കോടി രൂപ വേറെയും ചെലവഴിക്കും.

പ്രതിമയ്ക്കായി 75,000 ക്യുബിക് മീറ്റർ കോൺക്രീറ്റ്, 5,700 ടൺ സ്റ്റീൽ, 18,500 സ്റ്റീൽ കമ്പികൾ, 22,500 ടൺ വെങ്കലം എന്നിവ ആവശ്യമായി വരും. കേന്ദ്ര ബജറ്റിൽ ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി പ്രതിമക്ക് 200 കോടിരൂപ വകയിരുത്തിയിരുന്നു. നർമദ അണക്കെട്ടിന് അഭിമുഖമായി സാധുബെട്ടിലാണ് പ്രതിമ സ്ഥാപിക്കുന്നത്. പട്ടേലിന്റെ ജന്മദിനമായ നാളെ പ്രതിമയുടെ നിർമ്മാണമാരംഭിക്കും.

182 മീറ്റർ ഉയരമുള്ള പട്ടേൽ പ്രതിമ ലോകത്തേറ്റവും ഉയരമുള്ള പ്രതിമയായി മാറും. നിലവിൽ ചൈനയിലെ ലുഷാനിലുള്ള ബുദ്ധ പ്രതിമയാണ് ഉയരം കൂടിയ പ്രതിമ. 128 മീറ്ററാണ് ഇതിന്റെ ഇയരം. ബർമയിലെ ലെയ്ക്യൂൺ സെറ്റ്ക്യാർ ബുദ്ധ പ്രതിമ (116 മീ.), ജപ്പാനിലെ ഉശിക്കു ദയ്ബുറ്റ്‌സു ബുദ്ധ പ്രതിമ (110 മീ.) ചൈനയിലെ ഗുവാൻയിൻ സന്യ പ്രതിമ (108 മീ) തുടങ്ങിയവയാണ് ഉയരം കൂടിയ മറ്റു പ്രതിമകൾ. 93 മീറ്ററാണ് സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഉയരം.