- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏതുപാതിരാവിലും ഗൂണ്ടകളും, സെക്‌സ് മാഫിയയും വാഴുന്ന തലസ്ഥാനത്തെ ഇരുണ്ട ഇടങ്ങളിൽ റെയ്ഡിനുള്ള ചങ്കൂറ്റം; നൂറ് കണക്കിന് കുട്ടികളെയും സ്ത്രീകളെയും മാഫിയകളുടെ കയ്യിൽ നിന്നും മോചിപ്പിച്ച മിടുക്കി; അനധികൃത മദ്യവിൽപ്പന പരാതിപ്പെട്ട സ്ത്രീയെ മാഫിയ നഗ്നയാക്കി തെരുവിൽ നടത്തിച്ചപ്പോൾ രായ്ക്കുരാമാനം സുല്ലുപറയിച്ച പുലിക്കുട്ടി; ഡൽഹി വനിതാ കമ്മീഷൻ അദ്ധ്യക്ഷ സ്വാതി മൽവാൾ കേരളത്തിനും റോൾ മോഡൽ ആകുമോ?
ന്യൂഡൽഹി: നമ്മുടെ വീടകങ്ങളിൽ നിന്ന് മുമ്പത്തേക്കാൾ ദീനമായി വീട്ടമ്മാരുടെ സ്വരങ്ങൾ ഉയർന്നുകേൾക്കുന്നു. സ്ത്രീധനത്തിന്റെയും മറ്റും പേരിൽ അടിച്ചും ഇടിച്ചും ഒരുജീവിതമാകെ ദുരിതം നിറയ്ക്കുന്നു. അവരൊക്കെ തങ്ങളുടെ ഈ കൊടിയ ഒറ്റപ്പെടലിൽ ഒരുസാന്ത്വന വാക്കെങ്കിലും പ്രതീക്ഷിക്കുന്നുണ്ടാവണം. അതുകൊണ്ടാണ് പരാതിക്കാരിയോട് തട്ടിക്കയറിയ വനിതാ കമ്മീഷൻ മുൻ അദ്ധ്യക്ഷ എം.സി.ജോസഫൈനോട് മലയാളികൾക്ക് പൊറുക്കാനാവാഞ്ഞത്. രാഷ്ട്രീയ പാർട്ടികളുടെ പേരിൽ മാത്രം ആകരുത് വനിതാ കമ്മീഷൻ പോലെയുള്ള സ്ഥാപനങ്ങളുടെ തലപ്പത്തേക്കുള്ള നിയമനം എന്ന സ്വരവും ഇപ്പോൾ ഉയർന്നുകേൾക്കുന്നു.
പഴയ കാരണവന്മാരുടെയും കാരണവത്തികളുടെയും മട്ടിൽ എല്ലാം പെണ്ണുങ്ങളുടെ കുഴപ്പം എന്ന പഴഞ്ചൻ ചിന്ത ഇനി കടക്കുപുറത്ത് എന്ന് പലരും പറഞ്ഞുതുടങ്ങിയിരിക്കുന്നു. അപ്പോൾ നമുക്ക് ഒരു മാതൃക കാട്ടാൻ ആരെങ്കിലും ഉണ്ടോ? ആ അന്വേഷണത്തിലാണ് നമ്മൾ സ്വാതി മൽവാളിലേക്ക് എത്തുന്നത്. പൊതുമണ്ഡലത്തിൽ പുതിയ ആളല്ല സ്വാതി. 2018 ൽ, ക്വത്വ, ഉന്നാവോ സംഭവങ്ങളെത്തുടർന്നു വർധിച്ചു വരുന്ന ശൈശവ ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് ആറുമാസത്തിനുള്ളിൽ വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടുകൊണ്ട് പത്തുദിവസം നീണ്ട നിരാഹാര സത്യാഗ്രഹം നടത്തി സ്വാതി മൽവാൾ ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. ഇപ്പോൾ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷയാണ് ഈ 37 കാരി. ബി ടെക് (ഐ ടി) ബിരുദം നേടിയ വ്യക്തി. ആം ആദ്മി പാർട്ടി അംഗം.
ഒപ്പം നിൽക്കും എന്തുവന്നാലും ഈ ചുണക്കുട്ടി
2017 ഡിസംബറിലാണ് സംഭവം. നരേലയിലെ അനധികൃത മദ്യകച്ചവടത്തെ കുറിച്ച് ഒരുകൂട്ടം സ്ത്രീകൾ ഡൽഹി വനിതാ കമ്മീഷനിൽ പരാതി നൽകി. വനിതാ കമ്മീഷൻ നടത്തിയ ഒരു റെയ്ഡിൽ 300 ബോട്ടിൽ അനധികൃത മദ്യമാണ് പിടിച്ചെടുത്തത്. നരേലയിൽ സ്ത്രീകൾ തന്നെയാണ് മദ്യക്കച്ചവടവും പൊലീസ് ഒത്താശയോടെ പൊടിപൊടിക്കുന്നത്. കമ്മീഷനിൽ പരാതി പറഞ്ഞ സ്ത്രീകളുടെ കൂട്ടത്തിൽ നിന്നൊരാളെ ഒറ്റയ്ക്ക് കിട്ടിയപ്പോൾ എതിരാളികളായ മദ്യക്കച്ചവടക്കാർ നന്നായി കൈകാര്യം ചെയ്തു. അവരെ ക്രൂരമായി മർദ്ദിച്ചു, വസ്ത്രങ്ങൾ അഴിച്ച് നഗ്നയാക്കി നടത്തി. അങ്ങനെ അനധികൃത മദ്യ കച്ചവടം റിപ്പോർട്ട് ചെയ്തതിന് വലിയ ശിക്ഷ. സ്വാതി മൽവാൾ ഡൽഹി പൊലീസിനെതിരെ ആഞ്ഞടിച്ചു. കമ്മീഷൻ തലേന്ന് അനധികൃത മദ്യറാക്കറ്റിനെ പിടികൂടിയ അതേ സ്ഥലത്ത് വച്ച് തന്നെ 25 ഓളം പേർ ചേർന്ന് ഒരുസാധുസ്ത്രീയുടെ വസ്ത്രങ്ങൾ കീറുക. നഗ്നയാക്കി നടത്തി വീഡിയ ചിത്രീകരിച്ച് ഷെയർ ചെയ്യുക. സമ്പൂർണമായ നിയമരാഹിത്യം എന്നാണ് മൽവാൾ ഇതിനെ വിശേഷിപ്പിച്ചത്. പൊലീസ് നടപടിയെടുക്കാതെ കാഴ്ചക്കാരായി നോക്കി നിൽക്കുകയും ചെയ്തു.
മദ്യമാഫിയയ്‌ക്കെതിരെ ശബ്ദം ഉയർത്തരുത് എന്നായിരുന്നു ആക്രമിക്കപ്പെട്ട സ്ത്രീക്കുള്ള ഭീഷണി. ഡിസിപിയെ പാനലിന് മുമ്പിൽ നോട്ടീസ് അയച്ചുവരുത്തി നടപടി എടുപ്പിച്ചതിന് ശേഷമാണ് മൽവാൾ ഉറങ്ങിയത്.
എവിടെയും കയറി റെയ്ഡ് ചെയ്യാൻ ചങ്കൂറ്റം
മൾട്ടി നാഷണൽ കമ്പനിയിലെ ജോലി ഉപേക്ഷിച്ചാണ് അരവിന്ദ് കെജ്രിവാളിന്റെ 'പരിവർത്തൻ' സംഘടനയിൽ സ്വാതി അംഗമായത്. ആം ആദ്മി സർക്കാർ അധികാരത്തിൽ വന്നപ്പോൾ വനിതാ കമ്മീഷൻ അധ്യക്ഷ ആരെന്ന ചോദ്യം പോലും ഉയർന്നില്ല. 2015 ൽ, മുപ്പത്തിയൊന്നാം വയസ്സിൽ, ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമ്മീഷൻ അധ്യക്ഷ എന്ന റെക്കോർഡൊടെ സ്ഥാനമേറ്റ സ്വാതി വെറുതെ ഇരിക്കുന്നതിൽ വിശ്വസിച്ചില്ല.
ഡൽഹി പൊലീസ് പോലും കടന്നു ചെല്ലാത്ത സെക്‌സ് മാഫിയകളും ഗുണ്ടകളും വാഴുന്ന ഇടങ്ങളിൽ പാതിരാത്രിയിൽ പോലും റെയ്ഡ് നടത്താനുള്ള ചങ്കൂറ്റം. നൂറ് കണക്കിന് കുട്ടികളെയും സ്ത്രീകളെയും മാഫിയകളുടെ കയ്യിൽ നിന്നും മോചിപ്പിച്ച മിടുക്കി.. ബലാത്സംഗ ഇരയെ ആസിഡ് കുടിപ്പിച്ചതിനെ തുടർന്നു ദിവസങ്ങൾ നീണ്ട റെയ്ഡിൽ അനധികൃത വിൽപ്പന നടത്തുന്ന ആയിരക്കണക്കിന് ലിറ്റർ ആസിഡും കെമിക്കലുകളും പിടിച്ചെടുക്കുക മാത്രമല്ല, ലക്ഷക്കണക്കിന് രൂപ പിഴയിടുകയും ചെയ്തു.
ആസിഡ് ആക്രമണ ഇരയായ പെൺകുട്ടികൾക്ക് വനിതാ കമ്മീഷനു കീഴിൽ ജോലി നൽകി പുനരധിവസിപ്പിച്ചു. മാഫിയകളെ തൊട്ടപ്പോൾ കോളിളക്കമായി. ഡൽഹി അഴിമതിവിരുദ്ധ സെല്ലിനെ ഉപയോഗിച്ചു വനിതാ കമ്മീഷന്റെ ഓഫിസ് റെയ്ഡ് ചെയ്തു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെയും മന്ത്രി സത്യേന്ദ്ര ജയിനിന്റെയും ഒക്കെ ഓഫീസുകളിൽ നടത്തിയ റെയ്ഡും നനഞ്ഞ പടക്കങ്ങളായി.
നീതി തേടി പത്തു നാൾ നിരാഹാര സത്യാഗ്രഹം
2018 ൽ, ക്വത്വ, ഉന്നാവോ സംഭവങ്ങളെത്തുടർന്നു വർധിച്ചു വരുന്ന ശൈശവ ബലാത്സംഗ കേസുകളിലെ പ്രതികൾക്ക് ആറുമാസത്തിനുള്ളിൽ വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ടു കൊണ്ട് പത്തുദിവസം നീണ്ട നിരാഹാര സത്യാഗ്രഹം നടത്തി സ്വാതി മൽവാൾ. കത്വ പെൺകുട്ടിയുടെ ബലാത്സംഗത്തെ തുടർന്നുള്ള മരണം രാജ്യം മുഴുവൻ അറിയാനും പിന്നീട് പോക്സോ നിയമം ഭേദഗതി ചെയ്യാനും കാരണക്കാരായ പ്രമുഖരുടെ കൂട്ടത്തിൽ സ്വാതിയും ഉണ്ട്. അഭിഭാഷക ദീപിക സിങ് രജാവത്ത്, കേസന്വേഷണത്തിന്റെ ഭാഗമായിരുന്ന ശ്വേതാംബരി ശർമ്മ എന്ന പൊലീസുദ്യോഗസ്ഥ, സ്വാതി മലിവാൾ എന്നിങ്ങനെയാണ് ആ പേരുകൾ.
ഏതായാലും പോക്സോ നിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ തുടങ്ങിയതായി കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചതോടെ രാജ്യം മുഴുവനുമുള്ള സ്ത്രീ ജനങ്ങൾക്ക് ധൈര്യവും പ്രത്യാശയും പകരുകയായിരുന്നു സ്വാതിയും കൂട്ടരും. ഇരകളെയും, പീഡനം അനുഭവിക്കുന്നവരെയും കുറ്റപ്പെടുത്തുകയല്ല വേണ്ടതെന്നും അവർക്ക് ആശ്വാസം നൽകാനും വേണ്ടി വന്നാൽ പുനരധിവസിപ്പിക്കാനും കാരുണ്യത്തോടെയുള്ള ഇടപെടലുകളിലാണ് ഈ പുലിക്കുട്ടി വിശ്വസിക്കുന്നത്. കരുണ വേണ്ടിടത്ത് കരുണ. തിരുത്തൽ വേണ്ടിടത്ത് തിരുത്തൽ. വെല്ലുവിളികൾ ഏന്തുതന്നെയായാലും തന്റേടത്തോടെ നേരിടുക. സ്വാതി മൽവാൾ തന്റെ ജോലി തുടരുകയാണ്. പുതിയ വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ തിരഞ്ഞെടുക്കുമ്പോൾ കേരളത്തിനും നോക്കാം സ്വാതിയുടെ വഴിയേ സഞ്ചരിക്കുന്ന ഒരു നിർഭയയെ.
മറുനാടന് ഡെസ്ക്