ലണ്ടൻ: ബ്രിട്ടീഷുകാരിൽ മിക്കവരെ സംബന്ധിച്ചിടത്തോളവും രാജകുടുംബത്തിലെ കാര്യങ്ങൾ തങ്ങളുടെ സ്വന്തം കുടുംബ വിഷയങ്ങൾ പോലെയാണ്. കേയ്റ്റ് രാജകുമാരി അവരെ സംബന്ധിച്ചിടത്തോളം മറ്റാരേക്കാളും പ്രിയങ്കരിയായതിനാൽ അവരുടെ മൂന്നാമത്തെ ഗർഭത്തെക്കുറിച്ച് അവരുടെ ആരാധകർക്ക് ആകാംക്ഷയേറെയുണ്ട്.കേയ്റ്റ്-വില്യം ദമ്പതികളുടെ മൂന്നാമത്തെ കൊച്ച് ആണോ പെണ്ണോ...?രാജാധികാരത്തിൽ അവർക്ക് എന്ത് അവകാശം ഉണ്ട്..? തുടങ്ങിയ ചോദ്യങ്ങൾ ഈ അവസരത്തിൽ ഉയരുന്നുണ്ട്. ഏപ്രിലിൽ കേയ്റ്റ് മൂന്നാമതും പ്രസവിക്കുമ്പോൾ രാജഭക്തന്മാർ അറിഞ്ഞിരിക്കാനുള്ള ഏതാനും കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്.

ജോർജ് രാജകുമാരനും ചാർലറ്റിനും സഹോദരനോ സഹോദരിയോ ഉണ്ടാവുകയെന്ന വിഷയത്തിൽ വാശിയേറിയ പന്തയങ്ങൾ വരെ നിലവിലുണ്ട്. രാജകീയ ദമ്പതികളുടെ മൂന്നാമത്തെ കുട്ടി ആണാണോ പെണ്ണാണോ എന്ന വിഷയത്തിൽ കെൻസിങ്ടൺ കൊട്ടാരത്തിൽ നിന്നും യാതൊരു വിധത്തിലുമുള്ള വെളിപ്പെടുത്തലുകളും ഇതു വരെ ഉണ്ടായിട്ടില്ല.സ്പ്രിങ് സീസണിൽ കേയ്റ്റ് മൂന്നാമത്തെ കുഞ്ഞിന് ജന്മമേകുമെന്ന് മാത്രമാണ് കൊട്ടാരം സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ പെൺകുഞ്ഞാണ് ജനിക്കുകയെന്നാണ് മിക്ക പന്തയക്കാരും പ്രവചിക്കുന്നത്.

ഇവർക്ക് ഇരട്ടക്കുട്ടികൾ ജനിക്കാനുള്ള സാധ്യതയുണ്ടോയെന്ന ചർച്ചകളും അതിനിടെ കൊഴുക്കുന്നുണ്ട്. എന്നാൽ കേയ്റ്റിന്റെയും വില്യമിന്റെയും മുൻതലമുറകളിലൊന്നും ഇരട്ടക്കുട്ടികൾ പിറന്നിട്ടില്ലാത്തതിനാൽ ഇതിനുള്ള സാധ്യത വിരളമാണെന്നാണ് മിക്കവരും പറയുന്നത്. എന്നാൽ ഇതിന് സാധ്യതയുണ്ടെന്നാണ് മാഗസിൻ ഓകെ അതിന്റെ ഈ ആഴ്ചത്തെ കവർസ്റ്റോറിയിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത്. പ്രവചനങ്ങളോട് പ്രതികരിക്കാനില്ലെന്നാണ് കെൻസിങ്ടൺ പാലസ് വക്താവ് വ്യക്തമാക്കിയിരിക്കുന്നത്. അഥവാ ഇരട്ടക്കുട്ടികളാണെങ്കിൽ അതിലൂടെ തന്റെ മാനസികാരോഗ്യം പരീക്ഷിക്കപ്പെടുമെന്നാണ് ഈ മാഗസിന്റെ ഫെബ്രുവരി ലക്കത്തോട് വില്യം തമാശരൂപേണ പ്രതികരിച്ചിരിക്കുന്നത്.

അതിനിടെ മൂന്നാമത്തെ കുഞ്ഞിന് എന്താണ് പേരിടുകയെന്ന ചർച്ചയും കൊഴുക്കുന്നുണ്ട്. പെൺകുട്ടിയാണെങ്കിൽ മേരി എന്ന പേര് നിർദേശിക്കുന്നവരേറെയാണ്. ആലീസ്, വിക്ടോറി, എലിസബത്ത് തുടങ്ങിയ പേരുകളും നിർദേശിക്കുന്നവരേറെയാണ്. വില്യമിന്റെ മരിച്ച് പോയ അമ്മ ഡയാനയുടെ പേരിടാമെന്നും ചിലർ അഭിപ്രായപ്പെടുന്നു. ആൺകുട്ടിയാണെങ്കിൽ ആർതർ എന്ന് പേരിടാമെന്ന് നിരവധി പേർ നിർദേശിക്കുന്നു. ആൽബർട്ട്, ഫ്രെഡറിക്ക്, ഹെൻ റി, ഫിലിപ്പ്, അലക്സാണ്ടർ, ജെയിംസ്, തുടങ്ങിയ പേരുകളും ഉയർന്ന് വരുന്നുണ്ട്. പാഡിങ്ടണിലെ സെന്റ് മേരീസ് ഹോസ്പിറ്റലിൽ വച്ചാണ് കേയ്റ്റ് ജോർജിനും ചാർലറ്റിനും ജന്മമേകിയത്. മൂന്നാമത്തെ കുട്ടിയും അവിടെ തന്നെയായിരിക്കും പിറക്കുകയെന്നാണ് റിപ്പോർട്ട്.