- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിംബിൾഡൺ വനിതാ കിരീടം ആഷ്‌ലി ബാർട്ടിക്ക്; ഫൈനലിൽ ചെക്ക് താരം പ്ലിസ്‌കോവയെ കീഴടക്കിയത് ഒന്നിനെതിരെ രണ്ട് സെറ്റുകൾക്ക്; കരിയറിലെ രണ്ടാം ഗ്രാൻസ്ലാം കിരീടം; 41 വർഷത്തിനുശേഷം വിംബിൾഡൺ ജേതാവാകുന്ന ആദ്യ ഓസ്‌ട്രേലിയൻ വനിതാ താരമായി ബാർട്ടി
ലണ്ടൻ: വിംബിൾഡൺ വനിതാ സിംഗിൾസ് കിരീടം ലോക ഒന്നാം നമ്പർ താരം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാർട്ടിക്ക്. ഫൈനലിൽ ചെക്ക് താരം കരോലീന പ്ലിസ്‌കോവയെ ഒന്നിനെതിരെ രണ്ട് സെറ്റുകളിൽ കീഴടക്കിയാണ് ബാർട്ടി ആദ്യ വിംബിൾഡൺ കിരീടം സ്വന്തമാക്കിയത്. സ്‌കോർ 6-3, 6-7, 6-3.
ആദ്യ സെറ്റ് സ്വന്തമാക്കിയ ബാർട്ടിയെ രണ്ടാം സെറ്റിൽ ടൈ ബ്രേക്കറിൽ പ്ലിസ്‌കോവ വീഴ്‌ത്തി. എന്നാൽ നിർണായകമായ മൂന്നാം സെറ്റ് സ്വന്തമാക്കി ബാർട്ടി കിരീടമുയർത്തി. സ്‌കോർ: 6-3, 6-7, 6-3. ചെക്ക് താരമായ കരോലിന ഇത് മൂന്നാം തവണയാണ് ഗ്രാൻസ്ലാം ഫൈനലിലെത്തുന്നത്.
ബാർട്ടിയുടെ കരിയറിലെ രണ്ടാം ഗ്രാൻസ്ലാം കിരീടമാണിത്. 2019ലെ ഫ്രഞ്ച് ഓപ്പൺ കിരീടമായിരുന്നു ബാർട്ടിയുടെ കരിയറിലെ ആദ്യ ഗ്രാൻസ്ലാം. കഴിഞ്ഞമാസം ഫ്രഞ്ച് ഓപ്പണിൽ പരുക്കേറ്റു പിന്മാറേണ്ടിവന്ന ബാർട്ടിയുടെ ഉജ്വല തിരിച്ചുവരവാണ് ഈ കിരീട നേട്ടം.
41 വർഷത്തിനുശേഷം വിംബിൾഡൺ കിരീടം നേടുന്ന ആദ്യ ഓസ്‌ട്രേലിയൻ വനിതാ താരമാണ് ബാർട്ടി. 1980ൽ ഇവോനെ ഗൂലാഗോംഗ് ആണ് ബാർട്ടിക്ക് മുമ്പ് അവസാനമായി വിംബിൾഡൺ കിരീടം നേടിയ താരം. ആദ്യ സെറ്റിൽ പ്ലിസ്‌കോവയെ നിഷ്പ്രഭമാക്കി 28 മിനിറ്റു കൊണ്ട് സെറ്റ് സ്വന്തമാക്കിയെങ്കിലും രണ്ടാം സെറ്റിൽ ബാർട്ടിക്ക് അടിതെറ്റി.
ടൈ ബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ്(7 - 4)ന് സ്വന്തമാക്കി മുൻ ലസോക ഒന്നാം നമ്പർ താരം കൂടിയായ പ്ലിസ്‌കോവ പ്രതീക്ഷ നിലനിർത്തിയെങ്കിലും നിർണായക മൂന്നാം സെറ്റിൽ മികവിലേക്ക് ഉയർന്ന ബാർട്ടി സെറ്റും മത്സരവും സ്വന്തമാക്കി കരിയറിലെ ആദ്യ വിംബിൾഡൺ കരീടം കൈപ്പിടിയിലൊതുക്കി. വിംബിൾഡണിലെ മുൻ ജൂനിയർ ചാമ്പ്യൻ കൂടിയാണ് ബാർട്ടി. 2012ന് ശേഷം ഇതാദ്യമായാണ് ഒരു വനിത വിമ്പിൾഡൻ ഫൈനൽ മൂന്നാം സെറ്റിലേക്ക് കടക്കുന്നത്.
വിംബിൾഡൺ പുരുഷ സിംഗിൾസിൽ ജോകോവിച്ച്-ബെരെറ്റിനി ഫൈനൽ ഞായറാഴ്ച നടക്കും. സെമിയിൽ കനേഡിയൻ താരം ഡെനിസ് ഷാപൊവലോവിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് ജോകോവിച്ച് തോൽപ്പിച്ചത്. സ്‌കോർ: 7-6, 7-5, 7-5. കരിയറിലെ 20-ാം ഗ്രാൻസ്ലാം കിരീടമാണ് ജോകോവിച്ചിന്റെ ലക്ഷ്യം. ഫെഡറർ, നദാൽ എന്നിവർക്കും 20 ഗ്രാൻസ്ലാം കിരീടങ്ങളാണ് ഉള്ളത്.
അതേസമയം സെമിയിൽ ഹ്ഊബർട്ട് ഹുർകാക്‌സിനെ നാല് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ബെരെറ്റിനി തോൽപ്പിച്ചത്. സ്‌കോർ: 6-3, 6-0, 6-7, 6-4. വിംബിൾഡണിൽ ഫൈനലിലെത്തുന്ന ആദ്യ ഇറ്റാലിയൻ താരമാണ് മാറ്റിയോ ബെരെറ്റിനി.
സ്പോർട്സ് ഡെസ്ക്