ഡബ്ലിൻ: ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചു. കാറ്റ് ശക്തമാകുന്നതോടെ മിന്നൽപ്രളയ സാധ്യതയും തള്ളിക്കളയുന്നില്ല. ഡൊണീഗൽ, ഗാൽവേ, ലീട്രിം, മയോ, സ്ലൈഗോ എന്നിവിടങ്ങളിലാണ് മെറ്റ് ഐറീൻ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇവിടങ്ങളിൽ മണിക്കൂറിൽ 100-130 കിലോമീറ്റർ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം മൺസ്റ്റർ, ലീൻസ്റ്റർ, കാവൻ, മൊണഗൽ, റോസ്‌കോമൺ എന്നിവിടങ്ങളിൽ യെല്ലോ അലർട്ടാണ് നൽകിയിട്ടുള്ളത്. ഇവിടെ മണിക്കൂറിൽ 70-110 കിലോമീറ്റർ വേഗത്തിലായിരിക്കും കാറ്റു വീശുക. വ്യാഴാഴ്ച രാവിലെ വരെ അലർട്ട് നിലനിൽക്കും. വേലിയേറ്റ സാധ്യത ശക്തമായി ഉള്ളതിനാൽ അടുത്ത 48 മണിക്കൂറിൽ ജാഗ്രത പാലിക്കാൻ ക്ലെയർ കൗണ്ടി കൗൺസിൽ മുന്നറിയിപ്പു പുറപ്പെടുവിച്ചിട്ടുണ്ട്. തീരദേശ പ്രദേശങ്ങളിൽ വേലിയേറ്റം മൂലം വെള്ളപ്പൊക്കം ഉണ്ടാൻ സാധ്യതയുണ്ട്.

കാറ്റ് ശക്തമായി വീശുന്നതിനാൽ തിരമാലകൾ ഉയരത്തിൽ ആഞ്ഞടിക്കാനും വേലിയേറ്റത്തെ കൂടുതൽ ശക്തിപ്പെടുത്താനും സാധ്യത ഏറെയാണ്. വ്യാഴാഴ്ച വരെ ഈ മേഖലകളിലുള്ളവർ ജാഗരൂകരായിരിക്കണം. വ്യക്തികളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് അവരവർ തന്നെയാണെന്നും മെറ്റ് ഐറീനിൽ നിന്നുള്ള മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും ക്ലെയർ കൗണ്ടി കൗൺസിൽ പ്രസ്താവനയിൽ അറിയിക്കുന്നു.