ബാർബഡോസ്: ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്കെതിരെ വെസ്റ്റ് ഇൻഡീസിന് റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുത്തു. 44 പന്തിൽ 64 റൺസടിച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. രോഹിത് ഒഴികെ മറ്റാർക്കും ഇന്ത്യൻ ഇന്നിങ്‌സിൽ തിളങ്ങാനായില്ല. അവസാന ഓവറുകളിൽ ദിനേശ് കാർത്തിക് നടത്തിയ ഫിനിഷിംഗാണ് ഇന്ത്യയെ 190 റൺസിലെത്തിത്തച്ചത്. കാർത്തിക് 19 പന്തിൽ 41 റൺസെടുത്തു. വിൻഡീസിനായി അൽസാരി ജോസഫ് രണ്ട് വിക്കറ്റെടുത്തു.

ക്യാപ്റ്റൻ രോഹിത് ശർമക്കൊപ്പം റിഷഭ് പന്തിന് പകരം സൂര്യകുമാർ യാദവ് ആണ് ഓപ്പണറായി എത്തിയത്. തുടക്കത്തിൽ ഒന്ന് രണ്ട് അവസരങ്ങൾ നൽകിയെങ്കിലും സൂര്യകുമാറും രോഹിത്തും ചേർന്ന് ഭേദപ്പെട്ട തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. ഓപ്പണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 4.4 ഓവറിൽ 44 റൺസടിച്ചു. വൺ ഡൗണായി എത്തിയ ശ്രേയസ് അയ്യർക്ക് ക്രീസിൽ അധികം ആയുസുണ്ടായില്ല. നാലു പന്ത് നേരിട്ട അയ്യർ പൂജ്യനായി മടങ്ങി. റിഷഭ് പന്ത് രോഹിത്തിനൊപ്പം പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും അധികം ദീർഘിച്ചില്ല.

14 റൺസെടുത്ത റിഷഭ് പന്ത് പുറത്തായതിന് പിന്നാലെ ഹാർദ്ദിക് പാണ്ഡ്യയും(1) വീണതോടെ ഇന്ത്യ പതറി. നല്ല തുടക്കമിട്ടെങ്കിലും രവീന്ദ്ര ജഡേജക്കും(16) അധികം മുന്നോട്ടു പോവാനായില്ല. പതിനാറാം ഓവറിൽ 138-6 എന്ന സ്‌കോറിൽ പതറിയ ഇന്ത്യയെ ദിനേശ് കാർത്തിക്കും അശ്വിനും ചേർന്ന് അവസാന നാലോവറിൽ 52 റൺസടിച്ച് 190 റൺസിലെത്തിക്കുകയായിരുന്നു.

19 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്ന കാർത്തിക് ഒബേഡ് മക്കോയി എറിഞ്ഞ ഇരുപതാം ഓവറിൽ 15ഉം ജേസൾ ഹോൾഡർ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 21 ഉം റൺസടിച്ചാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്. കാർത്തിക്കിനൊപ്പം അശ്വിൻ(10 പന്തിൽ 13) പുറത്താകാതെ നിന്നു.

നേരത്തെ ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിന പരമ്പര കളിച്ച ടീമിൽ അടിമുടി മാറ്റവുമായാണ് ഇന്ത്യ ടി20 പരമ്പരക്കിറങ്ങിയത്. ക്യാപ്റ്റൻ സ്ഥാനത്ത് രോഹിത് ശർമ തിരിച്ചെത്തിയപ്പോൾ വൈസ് ക്യാപ്റ്റനായി ഹാർദ്ദിക് പാണ്ഡ്യയും റിഷഭ് പന്തും ഭുവനേശ്വർ കുമാറും ദിനേശ് കാർത്തിക്കും രവീന്ദ്ര ജഡേജയും അർഷദീപ് സിംഗും ഇന്ത്യയുടെ അന്തിമ ഇലവനിലെത്തി.