കൊല്ലം: വടക്കേവിള പട്ടത്താനം മൈലാടുംകുന്ന് ശ്രീനഗറിൽ പ്രവർത്തിച്ച വ്യാജ വൈൻ നിർമ്മാണ യൂനിറ്റ് എക്സൈസ് സംഘം പൂട്ടിച്ചു. മുന്തിരി ജ്യൂസ് എന്ന വ്യാജേന ആൽക്കഹോൾ അടങ്ങിയ വ്യാജ വൈൻ നിർമ്മിക്കുകയാണെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് നടപടി. പരിശോധനയിൽ 3200 ലിറ്റർ ആൽക്കഹോൾ അടങ്ങിയ വ്യാജ വൈൻ, മുന്തിരി ജ്യൂസ് എന്നിവ പിടിച്ചെടുത്തു. വ്യാവസായിക അടിസ്ഥാനത്തിൽ പ്രവർത്തിച്ച യൂനിറ്റിൽനിന്ന് ടാങ്കുകളും യന്ത്ര സാമഗ്രഹികളും കണ്ടെത്തി.

ഡെപ്യൂട്ടി എക്സൈസ് കമീഷണർ ബി. സുരേഷിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എക്സൈസും ഭക്ഷ്യസുരക്ഷാവിഭാഗവും സ്ഥാപനത്തിൽ വിശദ പരിശോധന നടത്തി. രാസപരിശോധനയിൽ വ്യാജ വൈൻ, മുന്തിരി ജ്യൂസിൽ ആൽക്കഹോളിന്റെ അളവ് 7.15 ലും കൂടുതലാണെന്ന് കണ്ടെത്തി. സ്ഥാപന ഉടമയായ ഐവി മാത്യുവും ഒപ്പമുള്ളവരും ദിവസങ്ങൾക്കുമുമ്പ് ഇവിടെ നിന്ന് രക്ഷപ്പെട്ടതായി നാട്ടുകാർ പറഞ്ഞു.

ഐവി മാത്യുവിനെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ് കഴിഞ്ഞവർഷവും വ്യാജ വൈൻ കേസിൽ നോട്ടീസ് അയച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. എക്സൈസ് സ്പെഷൽ സ്‌ക്വാഡ് ഇൻസ്പെക്ടർ ഷാജി, ഇരവിപുരം സർക്കിൾ ഭക്ഷ്യസുരക്ഷ ഓഫിസർ റസീമ എന്നിവരുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സുരേഷ്, പ്രിവന്റിവ് ഓഫിസർമാരായ മനു, ശശികുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ ശ്രീകുമാർ, സുനിൽ, നിഥിൻ, ശ്രീനാഥ്, അജിത്, രജീഷ്, ശ്രീവാസൻ, ജൂലിയൻ, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ ഗംഗ, രമ്യ, ഷീജ, ബിന്ദുലേഖ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്.