ലോകം മുഴുവനും ക്രിസ്മസ്സ് ആഘോഷങ്ങളുടെ വർണ്ണപൊലിമയിൽ നിറഞ്ഞു നിൽക്കുന്ന ഈ വേളയിൽ അല്പം ക്രിസ്മസ്സ് ചിന്തകൾ പങ്കു വയ്ക്കുന്നത് ഉചിതമായിരിക്കുമല്ലോ.ഇന്ന് എല്ലാ ഉത്സവങ്ങളും കച്ചവടതാല്പര്യങ്ങൾ നിറഞ്ഞു നിൽക്കുന്നതാണ്. അതിൽത്തന്നെ ക്രിസ്മസ്സ് ആണ് കച്ചവടതാല്പര്യം ഏറ്റവും അധികം പ്രകടമാക്കുന്നത്. ഇന്നുപണത്തിന്റെയും ധൂർത്തിന്റെയും പര്യായപദമായി ക്രിസ്മസ്സ് മാറിയിരിക്കുന്നു.

ക്രിസ്മസ്സ് ആഘോഷങ്ങളിൽ എന്നും മുമ്പിൽ നിൽക്കുന്നത് സമ്പന്നവർഗ്ഗമാണല്ലോ, എന്നാൽ ക്രിസ്മസ്സ് നൽകുന്ന സന്ദേശത്തിൽ സമ്പന്നർക്ക് വലിയ സ്ഥാനം ഒന്നും ലഭിക്കുന്നില്ല. തന്നെയുമല്ല,അത് അവഗണിക്കപ്പെട്ടവർക്ക് പരിഗണന നൽകുന്നുമുണ്ട്.

അവഗണിക്കപ്പെടുന്നവർക്ക് ആശ്വാസം നൽകുവാൻ കൂടിയാണ് ദൈവം മനുഷ്യനായി പിറന്നത്. ലോകത്തിന്റെ പാപം മോചിക്കുവാൻ ദൈവം ഭൂവിൽ ജാതം ചെയ്തപ്പോൾ, മാനവരാശിയുടെ സമൂലവിടുതലാണ് ആ രക്ഷാപദ്ധതിയിൽ പ്രകടമാകുന്നത്. ആയതിനാൽ അവഗണിക്കപ്പെട്ട വർഗ്ഗത്തിനു ക്രിസ്തുവിന്റെ ജനനത്തിൽ മുൻഗണന ലഭിച്ചു. ക്രിസ്സ്മസ്സിന്റെ ആകമാന സംഭവവികാസങ്ങളിൽ അവഗണിക്കപ്പെട്ട വർഗ്ഗത്തിനു അംഗീകാരം ലഭിക്കുമ്പോൾ, എങ്ങും തന്നെ സുഭിക്ഷതയുടെ വ്യക്താക്കൾക്കു യാതൊരുവിധ അംഗീകാരവും ലഭിക്കുന്നില്ല.

സ്ത്രീയിൽ നിന്നു ജനിക്കുന്ന ദൈവപുത്രൻ
അവഗണനയുടെ പര്യയായമായ സ്ത്രീയിൽ നിന്നാണ് തിരുജനനത്തിന്റെ തുടക്കം കുറിക്കുന്നത്.മറിയത്തിന്റെ ബന്ധുവും മച്ചിയുമായിരുന്ന എലിസബത്തിന്റെ ഗർഭധാരണത്തോടെ ആണ് ക്രിസ്മസ്സിനു ചരിത്രത്തിൽ ആരംഭം കുറിക്കുന്നത്.

യഹുദസംസ്‌കാരത്തിൽ സ്ത്രീക്ക് യാതൊരു പ്രാധാന്യവുമില്ല. യഹുദാ പുരുഷന്മാർ തങ്ങളെ 'പട്ടിയായും സ്ത്രീയായും സൃഷ്ടിക്കാഞ്ഞതിനാൽ സ്തുതിക്കുന്നു'വെന്നു ദൈവത്തോട് പ്രാർത്ഥിക്കുമായിരുന്നു. ആ ഒരു വാചകത്തിൽ നിന്നും സ്ത്രീയെ എത്രമാത്രം ആ സമൂഹം അവഗണിച്ചിരുന്നുവെന്നു വ്യക്തമാണല്ലോ. ഇങ്ങനെയുള്ള ഒരു സമൂഹത്തിൽ അനപത്യയായ (മച്ചിയായ) സ്ത്രീയുടെ അവസ്ഥയാണ് ഏറെ പരിതാപകരം.

അവഗണിക്കപ്പെട്ട ആ സാഹചര്യത്തിൽ ദൈവം പ്രവർത്തനമാരംഭിച്ചു; മച്ചിയായ എലിസബത്ത് ഗർഭിണിയായി. പിന്നീടാണ് യഥാർത്ഥ അത്ഭുതം സംഭവിച്ചത്. അവിവാഹിതയായ ഒരു സാധുസ്ത്രീയിൽ; കന്യകമറിയയിൽ, ദൈവാത്മാവ് പ്രവർത്തിച്ചു. കന്യക ഗർഭിണിയായി. അവഗണിക്കപ്പെട്ട സ്ത്രീസമൂഹത്തിനു മൊത്തം ആദരവു ലഭിക്കുവാൻ തക്കവണ്ണം ദൈവമാതാവ് എന്ന അസുലഭപദവി പ്രാപിക്കുവാൻ അതിലൂടെ ആ സ്ത്രീരത്‌നത്തിനു സാധിച്ചു.ഇവിടെ ക്രിസ്മസ്സ് അവഗണിക്കപ്പെട്ട സ്ത്രീസമൂഹത്തിന്റെ ആനന്ദമായി മാറി.

തച്ചന്റെ മകനായ യേശു
അവഗണിക്കപ്പെട്ടവരുടെ പ്രതിനിധിയാണല്ലോ തച്ചനും. ദൈവപുത്രൻ ഭൂമിയിൽ വന്നു പിറന്നപ്പോൾ പിതാവായി ലഭിക്കുന്നത് ജോസഫ് എന്ന തടിപ്പണിക്കാരനെയാണ്. മരപ്പണിക്കാരൻ സമൂഹത്തിലെ ഉന്നതൻ അല്ലെന്നു മാത്രമല്ല, താണവൻ ആണെന്നതും വാസ്തവമാണു. സമൂഹത്തിൽ മുഖ്യധാരയിൽ നിന്നും അകന്നവർക്കാണ് ദൈവീകരക്ഷാപദ്ധതിയിൽ സ്ഥാനമെന്ന് വീണ്ടും വെളിവാക്കപ്പെടുന്നു. അവഗണിക്കപ്പെടുന്നവൻ പരിഗണിക്കപ്പെടുന്നതിന്റെ മറ്റൊരു ഉദാഹരണം.

കാലിക്കൂട്ടിലെ മിണ്ടാപ്രാണികളോടൊത്ത് ശയിക്കുന്ന ഉണ്ണിയേശു

മനുഷ്യൻ മറ്റു ജന്തുജാലങ്ങൾക്കും പ്രകൃതിക്കും ഒരിക്കലും വേണ്ട പരിഗണന നൽകാറില്ല. എന്നാൽ ദൈവീകരക്ഷാപദ്ധതിയിൽ അവയ്ക്കും ഒരു സ്ഥാനമുണ്ട്. ദൈവപുത്രൻ ഭൂവിൽ പിറക്കാൻ ഇടം തേടിയത് മിണ്ടാപ്രാണികളുടെ തൊഴുത്തിൽ ആണല്ലോ. ആരാലും ശ്രദ്ധിക്കപ്പെടാതെ കഴിയുന്ന മൃഗങ്ങളെപ്പോലും തന്റെ മനുഷ്യാവതാരത്തിൽ ഭാഗഭാക്കാക്കുന്ന വലിയ കരുണയാണിത്. കൊട്ടാരങ്ങളോ മണിമന്ദിരങ്ങളോ അപ്രാപ്യമല്ലാത്ത ദൈവം തന്റെ ഉദ്ദേശലക്ഷ്യം ഇതിലൂടെ വെളിപ്പെടുത്തുകയാണ്. മിണ്ടാപ്രാണികൾ വസിക്കുന്ന കാലിത്തൊഴുത്തിലെ സമത്വവും ശാന്തിയും ശാലീനതയും എളിമയും ഈ തിരഞ്ഞെടുപ്പിന് ശാക്തികരണം നല്കുന്നു

സ്വർഗ്ഗീയ മാലാഖമാർ ആട്ടിടയർക്കു ദൂത് നല്കുന്നു
അടുത്തതായി എടുത്ത പറയേണ്ട കൂട്ടർ ആട്ടിടയർ ആണ്.ലോകത്തിന്റെ മുഖ്യധാരയിൽ നിന്ന് അകന്നു കഴിയുന്നവരാണ് ആട്ടിടയർ. സ്വന്തം വീടും കൂടും വിട്ട് കുറ്റിക്കാടുകളിലും മലഞ്ചെരുവുകളിലും മിണ്ടാപ്രാണികളായ ആടുകളൊടൊത്തു കഴിയുന്ന ഏറ്റവും അവഗണിക്കപ്പെട്ട വർഗ്ഗമാണ് അജപാലകർ. അവരെക്കാൾ അന്യവല്കരിക്കപ്പെട്ട ഒരു സമൂഹം ഈ ലോകത്ത് കാണില്ല.എന്നാൽ ക്രിസ്മസ്സിന്റെ രാവിൽ ഏറ്റവും അധികം അംഗീകരിക്കപ്പെട്ടത് ഈ അജപാലകർ ആണ്.

ദൈവപുത്രന്റെ ഭൂജാതവാർത്ത ദൂതഗണം അറിയിക്കുവാൻ സ്വർഗ്ഗം കണ്ടെത്തിയത് ഈ പാവപ്പെട്ട ഇടയക്കൂട്ടരെയാണ്.അതിലൂടെ ക്രിസ്സ്മസ്സ് ആഘോഷിക്കുന്ന കാലത്തോളം ആട്ടിടയർ സ്മരിക്കപ്പെടും. അവഗണനയുടെ മദ്ധ്യേ ദൈവത്തിന്റെ അത്ഭുതകരമായ പരിഗണനയാണ് ഇവിടെ വീണ്ടും വെളിവാക്കുന്നത്.

വാനശാസ്ത്രജ്ഞന്മാർ കണ്ട താരകം
ക്രിസ്സ്മസ്സിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കൂട്ടരാണല്ലോ വാന ശാസ്ത്രജ്ഞന്മാർ. ഇന്ന് സമൂഹത്തിൽ വളരെ അംഗീകാരം ഉള്ളവരാണല്ലോ ശാസ്ത്രജ്ഞന്മാർ, എന്നാൽ പണ്ട് അങ്ങനെയല്ലായിരുന്നു. നിലവിലുള്ള ധാരണയെ തകിടം മറിക്കുന്ന അവരെ സമൂഹം അത്ര അംഗീകരിച്ചിരുന്നില്ല. അവരോടു സമൂഹത്തിനു പലപ്പോഴും വെറുപ്പായിരുന്നു.എതിർക്കപ്പെടെണ്ടവരായി കരുതിയിരുന്നു. കാരണം അവരുടെ സത്യദർശനം നിലവിലുള്ള സ്ഥാപനകൾക്കു അനിഷ്ടം ഉളവാക്കുന്നതായിരുന്നു.സത്യം വിളിച്ചു പറയുന്നവരെ ഇന്നും സമൂഹത്തിനു ഇഷ്ടം ഇല്ലല്ലോ.
ക്രിസ്തുവിന്റെ ജനനത്തിനു ശേഷം വളരെ നൂറ്റാണ്ടുകൾ വരെ ഈ സ്ഥിതിവിശേഷം നിലനിന്നിരുന്നുവെന്ന് ചരിത്രം നമ്മെ പഠിപ്പിക്കുന്നു. വാനനിരീക്ഷകരായ നിക്കോളാസ് കോപ്പർനിക്കസ്സിനും ഗലീലിയോ ഗലീലിക്കും ഉണ്ടായ പീഡനം ചരിത്രം നമ്മെ ഓർമ്മപ്പെടുത്തുമ്പോൾ മറിച്ച് ചിന്തിക്കാനാവില്ലല്ലോ.

അദ്ധ്വാനിക്കുന്നവരും, ഭാരം ചുമക്കുന്നവരും ആയുള്ളോരെ...... ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും

ക്രിസ്തുവിന്റെ ഇഹലോക ജീവിതം പരിശോധിച്ചാൽ എല്ലാ പ്രവർത്തികളും അവഗണിക്കപ്പെട്ടവരോട് ചേർന്നായിരുന്നു. മുക്കുവന്മാരും ചുങ്കക്കാരും ഉൾപ്പെടുന്നവരായിരുന്നുവല്ലോ ശിഷ്യഗണങ്ങൾ. അവരൊന്നും സമൂഹത്തിലെ മാന്യന്മാർ ആയിരുന്നില്ലല്ലോ.

സമൂഹം അവഗണിച്ചവരെ കൂടെ കൊണ്ട് നടന്ന, ഒറ്റപ്പെട്ടവരുടെ കൂടെ പന്തിഭോജനം ചെയ്ത, അവരുടെ കൂടെ രാപാർത്ത, ഒരു യേശുവിനെ ആണല്ലോ ലോകം കണ്ടത്.സമൂഹത്തിൽ അവഗണിക്കപ്പെട്ട കുഷ്ഠരോഗികളും, ഭൂതഗ്ര്‌സ്തരും,കുരുടന്മാരും ഒക്കെ ആണ് ക്രിസ്തുവിന്റെ സൗഖ്യ കരങ്ങളുടെ സാന്ത്വനം ഏറ്റു വാങ്ങിയത്.വേശ്യകളും,പാപികളും, കള്ളന്മാരുമൊക്കെ അവിടുത്തെ ദിവ്യസമാധാനം ലഭിച്ചവരാണ്.

ക്രിസ്തുവിന്റെ വചനങ്ങളിലും ആ കരുതൽ നിറഞ്ഞു നിന്നിരുന്നു. അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, നിങ്ങൾ എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും'എന്ന വചനത്തിൽ നിറഞ്ഞു നില്ക്കുന്ന ആശ്വാസത്തിന്റെ കരുതൽ, അവഗണിക്കപ്പെട്ടവർക്കു വേണ്ടിയുള്ളതാണ്.ചുരുക്കത്തിൽ യേശുവിന്റെ ജനനം മുതൽ മരണം വരെ അവൻ നില കൊണ്ടത് അന്യവൽക്കരിക്കപ്പെട്ടവർക്കു വേണ്ടിയാണ്.

സഭയുടെയും ക്രിസ്ത്യാനികളുടെയും ദൗത്യം
യേശുവിന്റെ ഈ കരുതലാണ് ക്രിസ്തീയസഭകളും ക്രിസ്തീയവിശ്വാസികളും ഈ ലോകത്തിൽ പ്രകടമാക്കേണ്ടത്. ആരൊക്കെ അവഗണിക്കപ്പെടുന്നുണ്ടോ അവരൊക്കെ പരിഗണിക്കപ്പെടണം. അവഗണിക്കപ്പെട്ടവരെ വിസ്മരിച്ചുള്ള പ്രവർത്തനം ക്രിസ്തീയമല്ല.അങ്ങനെയാണോ ആകമാനസഭ ഇന്ന് പ്രവർത്തിക്കുന്നത്? സഭയും ക്രിസ്ത്യാനികളും ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.

ഇന്നത്തെ സഭയുടെ കരുതൽ പാവപ്പെട്ടവനോടോ പണക്കാരനോടോ? തീർച്ചയായും അത് പാവപ്പെട്ടവന്റെ പക്ഷത്തല്ല എന്ന് വേദനയോടെ പറയേണ്ടി വരുന്നു. എന്നാൽ ക്രിസ്തു എന്നും മറിച്ചായിരുന്നു. അതുകൊണ്ട് തന്നെ ഇന്നത്തെ സഭയും ക്രിസ്ത്യാനികളും ക്രിസ്തുവിൽ നിന്നും കാതങ്ങൾ അകന്നിരിക്കുന്നു.

നാം ക്രിസ്സ്മസ്സ് ആഘോഷിക്കുമ്പോൾ അത് ധൂർത്തിന്റെ ആഘോഷമായാൽ നാം ക്രിസ്തുവിന്റെ ജനനം അല്ല ആഘോഷിക്കുന്നത്. ക്രിസ്തു എന്നും പാവപ്പെട്ടവരുടെ പ്രതിനിധി ആയിരുന്നു. കുരുടർ, ചെകിടർ, കുഷ്ഠരോഗികൾ ഒക്കെ ആയിരുന്നു ക്രിസ്തുവിന്റെ സഹയാത്രികർ.

ചുങ്കക്കാരും,പാപികളും,വേശ്യകളും ക്രിസ്തുവിന്റെ സ്‌നേഹിതർ ആയിരുന്നു. ഒരു ധനവനെപ്പോലും അവൻ പിന്താങ്ങിയിരുന്നില്ല. 'ധനവാൻ സ്വർഗ്ഗരാജ്യത്ത് പ്രവേശിക്കുന്നതിലും എളുപ്പം ഒട്ടകം സൂചിക്കുഴയിലുടെ കടക്കുന്നതാണ്' എന്നതായിരുന്നു അവന്റെ പണക്കാരനെപറ്റിയുള്ള നിലപാട്.

ക്രിസ്സ്മസ്സ് കാലഘട്ടത്തിൽ അവഗണിക്കപ്പെട്ടവരോടുള്ള കരുതൽ ആണ് ഉണ്ടാകേണ്ടിയത്. നമ്മുടെ ചുറ്റുപാടും അനേകർ കഷ്ടം അനുഭവിക്കുന്നുണ്ട്. അനാഥർ, പട്ടിണിപ്പാവങ്ങൾ, ആരുമില്ലാത്ത രോഗികൾ, കിടക്കാൻ ഇടമില്ലത്തവർ, അങ്ങനെ അനവധി ആലംബഹീനർ നമ്മുടെ മുമ്പിൽ ഉണ്ട്, അവരുടെ ആഹ്ലാദം ആകണം ക്രിസ്മസ്സ്.

അവരോടുള്ള കരുതൽ ക്രിസ്സ്മസ്സ് ദിനങ്ങളിൽ പ്രത്യേകിച്ചു ഉണ്ടായിരിക്കണം. നാം ആഘോഷിക്കാനായി ചിലവഴിക്കുമ്പോൾ അതിലൊരു പങ്കു പ്രസ്തുത ആലംബഹീനർക്കായി നൽകണം. ഓർക്കുക, ക്രിസ്സ്മസ്സ് അവരുടേതാണ്. ക്രിസ്സ്മസ്സ് അവഗണിക്കപ്പെട്ടവരുടെ ആഹ്ലാദപ്പൂത്തിരിയായി മാറ്റുവാൻ നമുക്ക് കഴിയട്ടെയെന്നു ആശംസിക്കുന്നു.