കാനഡയിൽ വിന്റർ സീസൺ തുടങ്ങുന്നതിനാൽ കോവിഡിനെതിരെ കൂടുതൽ ജാഗ്രത പാലിക്കുവാൻ പ്രധാമന്ത്രിയുടെ മുന്നറിയിപ്പ്. കാനഡയിൽ പ്രതിദിനം കോവിഡ് കേസുകൾ വർധിച്ചു വരികയാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ജസ്റ്റിൻ ട്ര്യൂഡ്യൂ കർശന മുന്നറിയിപ്പ് നൽകിയത്. മാനിട്ടോബയിലെയും സാസ്‌കറ്റ്ച്യൂവാനിലെയും പ്രൊവിൻഷ്യൽ നേതാക്കൾ പുതിയ കർക്കശമായ കോവിഡ് നിയന്ത്രണങ്ങളേർപ്പെടുത്താൻ തീരുമാനിച്ചിട്ടുമുണ്ട്.

നിലവിലെ കടുത്ത സാഹചര്യത്തിൽ യാതൊരു വിധ പരിപാടികളും അതിഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നടത്തരുതെന്നാണ് ആൽബർട്ടക്കാരോട് പ്രീമിയർ ജാസൻ കെന്നി നിർദേശിച്ചിരിക്കുന്നത്. എന്നാൽ കടുത്ത നിയന്ത്രണങ്ങൾ ഔപചാരികമായി പ്രൊവിൻസിൽ നടപ്പിലാക്കുന്നതിന് അദ്ദേഹം തയ്യാറായിട്ടുമില്ല. വെള്ളിയാഴ്ച ആൽബർട്ടയിൽ പുതിയ 609 കേസുകളും വ്യാഴാഴ്ച 802 കേസുകളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ കോവിഡ് ബാധിച്ച് പ്രൊവിൻസിൽ 171 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.

ഇവരിൽ 33 പേർ ഐസിയുവിലുമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങൾക്കിടെ ഇവിടെ ഒമ്പത് പേരാണ് കോവിഡ് പിടിപെട്ട് മരിച്ചത്. ഇത്തരത്തിൽ ആൽബർട്ടയിൽ രോഗം വഷളാകുമ്പോഴും ഇവിടെ ഏതെങ്കിലും പുതിയ പബ്ലിക്ക് ഹെൽത്ത് നിയന്ത്രണങ്ങളേർപ്പെടുത്താൻ വെള്ളിയാഴ്ച കെന്നി തയ്യാറായിട്ടില്ല. വെള്ളിയാഴ്ച ബ്രിട്ടീഷ് കൊളംബിയയിൽ 589 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മാനിട്ടോബയിൽ വെള്ളിയാഴ്ച 243 പുതിയ കേസുകളും അഞ്ച് മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്ത് ഇതുവരെ 2,55,809 കേസുകളും 10,436 മരണങ്ങളുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.