ന്യൂയോർക്ക്: തണുപ്പും മഞ്ഞുവീഴ്ചയും മൂലമുള്ള ദുരിതത്തിന് ആക്കം കൂട്ടിക്കൊണ്ട് ലിനസ് വിന്റർ സ്റ്റോം വരവ് അറിയിച്ചു. മിഡ് വെസ്റ്റിൽ തുടങ്ങിയ വിന്റർ സ്‌റ്റോം മെല്ലെ നോർത്ത് ഈസ്റ്റിലേക്ക് മാറി വീശാൻ തുടങ്ങിയിട്ടുണ്ട്. കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമാകുന്ന വിന്റർ സ്‌റ്റോം പരക്കെ യാത്രാക്ലേശവും വർധിപ്പിക്കുകയാണ്. ആയിരക്കണക്കിന് വിമാനസർവീസുകളാണ് ഒരു ദിവസം തന്നെ റദ്ദാക്കിയിട്ടുള്ളത്.
ഞായറാഴ്ച വീശാൻ തുടങ്ങിയ ഹിമക്കാറ്റ് മെഡ് വെസ്റ്റ് മേഖലയിലാണ് ആദ്യം ദുരിതം പെയ്യിച്ചത്. ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടുള്ള ചുഴലി പിന്നീട് നോർത്ത് ഈസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. ഷിക്കാഗോ മേഖലയിലുള്ള ഒമ്പതു മില്യൺ ആൾക്കാരുടേയും ജീവിതം ദുരിതക്കയത്തിലാക്കുകയായിരുന്നു ലിനസ് കാറ്റ്.

18 സംസ്ഥാനങ്ങളിലുള്ള 65 മില്യണിലധികം ആൾക്കാരും ലിനസ് ചുഴലി മൂലമുള്ള ദുരിതം അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് പെടുന്നനെയാണ് നെബ്രാസ്‌ക മുതൽ പെൻസിൽവാനിയ വരെയുള്ള മേഖലയിൽ മഞ്ഞു പെയ്യാൻ തുടങ്ങിയത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ മിക്കയിടങ്ങളിലും 16 ഇഞ്ച് കനത്തിൽ മഞ്ഞുവീണു കഴിഞ്ഞു. ഷിക്കാഗോയിൽ എട്ട് ഇഞ്ചിലധികവും ഒഹെയർ ഇന്റർനാഷണൽ എയർപോർട്ടിൽ ഒമ്പത് ഇഞ്ചിലധികം മഞ്ഞുവീഴ്ചയും രേഖപ്പെടുത്തി. ഞായറാഴ്ച തന്നെ രണ്ടായിരത്തിലധികം വിമാന സർവീസാണ് റദ്ദാക്കിയത്. തിങ്കളാഴ്ച ആയിരത്തിലധികം സർവീസുകൾ റദ്ദാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഷിക്കാഗോ മുതൽ ഡിട്രോയിറ്റ് വരെയുള്ള മേഖലകളിൽ കനത്ത മഞ്ഞുവീഴ്ച അനുഭവപ്പെട്ടപ്പോൾ പെൻസിൽവാനിയ മുതൽ ന്യൂയോർക്ക് വരെയുള്ള മേഖലകളിലും ന്യൂ ജഴ്‌സിയിലും ഞായറാഴ്ച താരതമ്യേന കുറവായിരുന്നു മഞ്ഞുവീഴ്ച. അതേസമയം ഇന്ത്യാനപൊലീസ് മേഖലയിൽ മഞ്ഞിനൊപ്പം മഴയും ഈ ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ചുഴലിയുടെ ദിശമാറ്റം പതിവിലും വളരെ മെല്ലെയായതിനാൽ നോർത്തേൺ ഇല്ലിനോയിസ്, ഇന്ത്യാന, നോർത്ത് വെസ്റ്റ് ഒഹിയോ തുടങ്ങിയ മേഖലകളിൽ കനത്ത മഞ്ഞായിരിക്കും പെയ്യുക. പത്തു മുതൽ 16 ഇഞ്ചു വരെയായിരിക്കും മഞ്ഞുവീഴ്ചയുടെ അളവ്. തിങ്കളാഴ്ച മുഴുവൻ ഇതേ രീതിയിൽ തന്നെ നോർത്ത് ഈസ്റ്റ് മേഖലകളിൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കാവുന്നതാണ്.

അത്യാവശ്യമല്ലാത്ത ഘട്ടങ്ങളിൽ യാത്രയ്ക്ക് ഒരുങ്ങരുതെന്നാണ് ഷിക്കാഗോ നാഷണൽ വെതർ സർവീസ് ഉദ്യോഗസ്ഥൻ നിർദ്ദേശിക്കുന്നത്. ഷിക്കാഗോ പബ്ലിക് സ്‌കൂളുകൾക്കെല്ലാം തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. റോഡുകൾ മുഴുവൻ മഞ്ഞു നീക്കം ചെയ്യുന്നതിനുള്ള ഉപകരണങ്ങളാണ്. 350ലേറെ വാഹനങ്ങളാണ് വിന്യസിച്ചിരിക്കുന്നത്.  ന്യൂയോർക്ക് സിറ്റിയിലും കാലാവസ്ഥാ മുന്നറിയിപ്പ് നില നിൽക്കുന്നുണ്ട്. ന്യൂയോർക്കിലെ സ്‌കൂളുകൾക്കും അവധി പ്രഖ്യാപിക്കാൻ ഏറെ സാധ്യതയുണ്ട്. ഇതുസംബന്ധിച്ച് രാവിലെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.

കഴിഞ്ഞാഴ്ചയുണ്ടായ മഞ്ഞുവീഴ്ചയിൽ നിന്ന് മെല്ലെ മോചനം നേടിക്കൊണ്ടിരിക്കുന്ന ന്യൂ ഇംഗ്ലണ്ടിന്റെ ചില ഭാഗങ്ങളും ലിനസ് ചുഴലി ബാധിച്ചേക്കാമെന്ന് കരുതുന്നു. ന്യൂ ഇംഗ്ലണ്ടിന്റെ മിക്ക ഭാഗങ്ങളിലും എട്ടു മുതൽ 14 ഇഞ്ചുവരെ കനത്തിൽ മഞ്ഞുപെയ്‌തേക്കാമെന്നാണ് പറയുന്നത്. വെസ്റ്റേൺ മസാച്യുസെറ്റ്‌സ്, കണക്ടിക്കട്ട് എന്നിവിടങ്ങളിൽ 16 ഇഞ്ച് കനത്തിലായിരിക്കും മഞ്ഞുവീഴ്ച. ബോസ്റ്റണിലെ സ്‌കൂളുകൾക്ക് തിങ്കളാഴ്ച അവധിയാണ്. സതേൺ വെർമോണ്ടിലും ചുഴലി വീശുമെന്നു തന്നെയാണ് പ്രവചിക്കുന്നത്. സർക്കാർ ഓഫീസുകളുടെ പ്രവർത്തനം വൈകി ആരംഭിച്ചാൽ മതിയെന്ന് കണക്ടിക്കട്ട് ഗവർണർ ഡാനിയേൽ പി മല്ലോയ് അറിയിച്ചിട്ടുണ്ട്.
മഞ്ഞുവീഴ്ചയിൽ ഫിലാഡെൽഫിയ ഇന്റർനാഷണൽ എയർപോർട്ടിന്റെ പ്രവർത്തനവും ആകെ അവതാളത്തിലായി. ഷിക്കാഗോ എയർപോർട്ടിൽ നിന്നുള്ളതും ഷിക്കാഗോയിലേക്കുള്ളതുമായ രണ്ടായിരത്തോളം വിമാന സർവീസുകളാണ് റദ്ദാക്കിയത്. മണിക്കൂറിൽ 45 മൈൽ വേഗത്തിലുള്ള കാറ്റാണ് ഷിക്കാഗോ മേഖലയിൽ വീശാൻ സാധ്യതയുള്ളതെന്നാണ് പറയപ്പെടുന്നത്. ഇത് റോഡ് ഗതാഗതത്തേയും തടസപ്പെടുത്തിയേക്കാം.

മോശം കാലാവസ്ഥ മിക്കയിടങ്ങളിലും വൈദ്യുതി തടസത്തിനും കാരണമായിട്ടുണ്ട്. ഇല്ലിനോയ്‌സിൽ 18,000 കുടുംബങ്ങൾക്കാണ് ഇരുട്ടിൽ കഴിയേണ്ട ഗതികേട് വന്നത്. നോർത്തേൺ ഇന്ത്യാനയിൽ 8,000ത്തോളം വീടുകളും ബിസിനസ് സ്ഥാപനങ്ങളും വൈദ്യുതിയില്ലാതെ ഇരുട്ടിൽ തപ്പി. നെബ്രാസ്‌കയിൽ ഒരു ട്രക്ക് ഡ്രൈവറും 62 വയസുകാരിയും വ്യത്യസ്ത റോഡപകടങ്ങളിൽ കൊല്ലപ്പെട്ടു.