ന്യൂയോർക്ക്: വർഷത്തിലെ ഏറ്റവും തിരക്കേറിയ ദിനങ്ങളിലൊന്നായ താങ്ക്‌സ്ഗിവിങ് ഡേ ഇത്തവണ മഞ്ഞിൽ മുങ്ങാൻ സാധ്യത. ബന്ധുക്കളെ സന്ദർശിക്കാനായി പോകുന്ന ആയിരക്കണക്കിന് പേരുടെ യാത്രയ്ക്ക് വിഘാതം സൃഷ്ടിച്ചുകൊണ്ടാണ് ന്യൂയോർക്കിലാകമാനം വിന്റർ സ്‌റ്റോം എത്തുന്നത്. കിഴക്കിൻ തീരങ്ങളിൽ രൂപപ്പെട്ടുകൊണ്ടിരിക്കുന്ന വിന്റർ സ്റ്റോം ബുധനാഴ്ച രാത്രിയോടെ ന്യൂയോർക്കിനെ പിടിച്ചുലയ്ക്കുമെന്നാണ് മുന്നറിയിപ്പ്.

കടുത്ത മഞ്ഞു വീഴ്ചയും ശക്തമായ മഴയും വിന്റർ‌സ്റ്റോമിനോടനുബന്ധിച്ച് പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ പ്രവചനം. ന്യൂയോർക്കിനെ മാത്രമല്ല, നോർത്ത് സെൻട്രൽ അമേരിക്കയേയും താരതമ്യേന ദുർബലമായ സ്‌റ്റോം ബാധിക്കുമെന്ന് പറയപ്പെടുന്നു. ഇതും യാത്രാക്ലേശം സൃഷ്ടിക്കാൻ മാത്രമുള്ളതായിരിക്കും.

വിന്റർ സ്‌റ്റോമിനെക്കുറിച്ചുള്ള മുന്നറിയിപ്പ് എത്തിത്തുടങ്ങിയതോടെ ഒട്ടേറെ വിമാനടിക്കറ്റ് റദ്ദാക്കലും മറ്റും ന്യൂയോർക്ക് ജോൺ എഫ് കെന്നി, ന്യൂയോർക്ക് ലാ ഗാർഡിയ, ന്യൂവാർക്ക് ലിബർട്ടി, ഫിലാഡൽഫിയ വിമാനത്താവളങ്ങളെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഈ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകൾ ഏറെ വൈകാൻ ഇടയുണ്ടെന്നും പറയപ്പെടുന്നു. വിമാന സർവീസുകൾ താറുമാറാകുന്നതോടെ താങ്ക്‌സ് ഗിവിങ് ഡേ യാത്രകളെ പ്രതികൂലമായി ഇതു ബാധിക്കും.

ന്യൂയോർക്ക് സിറ്റി മേഖലയിൽ അര അടിയോളം കനത്തിൽ മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കുന്നത്. ന്യൂയോർക്ക് കൂടാതെ ബോസ്റ്റണിൽ മൂന്നിഞ്ച് കനത്തിലും ഫിലാഡൽഫിയയിലും വാഷിങ്ടൺ ഡിസിയിലും അരയിഞ്ചു വീതവും മഞ്ഞു വീഴും. ഈസ്റ്റേൺ അമേരിക്കയിലുള്ളവർക്കെല്ലാം തന്നെ വിന്റർ സ്റ്റോം അലർട്ട് നൽകിയിട്ടുണ്ട്. മധ്യ അത്‌ലാറ്റിക്, നോർത്ത് ഈസ്റ്റ് എന്നിവിടങ്ങളിലുള്ള 20 മില്യൺ ആൾക്കാരും വിന്റർ സ്‌റ്റോം അലർട്ടിൽ ഉൾപ്പെടും.