സോൾ : ലോകത്തിന് ഭീഷണിയുയർത്തി ആയുധ നിർമ്മാണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഉത്തര കൊറിയ ഇപ്പോൾ ആഗ്രഹിക്കുന്നത് മാർപാപ്പയുടെ സന്ദർശനം. സമാധാന ദൗത്യവുമായി കൊറിയൻ ഉപദ്വീപിൽ മാർപാപ്പ സന്ദർശിക്കുമോ എന്നാണ് ഇപ്പോൾ ഏവരും ഉറ്റുനോക്കുന്നത്. ഉത്തര കൊറിയയുടെ ഭരണാധികാരിയായ കിം ജോങ് ഉൻ മാർപ്പാപ്പയുടെ സന്ദർശനം ആഗ്രഹിക്കുന്നതായി ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ.ജെ ഇന്നിസിന്റെ ഓഫീസ് വെളിപ്പെടുത്തിയതും അടുത്തിടെയാണ്.

വരുന്ന ആഴ്‌ച്ചയാണ് മൂൺ വത്തിക്കാൻ സന്ദർശനം നടത്താനിരിക്കുന്നത്. സന്ദർശനത്തിനിടെ ഇക്കാര്യം മാർപാപ്പയെ അറിയിക്കുമെന്നാണ് സൂചന.കിമ്മും മൂണും തമ്മിൽ കഴിഞ്ഞ മാസം ഉത്തര കൊറിയയിൽ നടന്ന കൂടിക്കാഴ്ചയിലാണ് കിം തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്. മൂണിനൊപ്പം എത്തിയ ദക്ഷിണ കൊറിയൻ ആർച്ച് ബിഷപ് ഹൈജിനസ് കിം ഹീ ജൂങ്ങിനോട്, വത്തിക്കാനുമായി ബന്ധം സ്ഥാപിക്കാൻ താൻ ആഗ്രഹിക്കുന്നതായി കിം വ്യക്തമാക്കിയിരുന്നു.

ഉത്തര കൊറിയയുടെ തലസ്ഥാനമായ പ്യോങ്യാങ്, കൊറിയൻ വിഭജനത്തിനു മുൻപ് ക്രൈസ്തവസഭകളുടെ പ്രധാന കേന്ദ്രമായിരുന്നു. ഒട്ടേറെ പള്ളികളുണ്ടായിരുന്ന ഇവിടം 'കിഴക്കിന്റെ ജറുസലം' എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.

കിം ജോങ് ഉന്നിന്റെ മുത്തച്ഛൻ കിം ഇൽ സുങ്ങിന്റെ കാലത്താണ് സഭയുമായി അകന്നത്. സർക്കാർ നിയന്ത്രിതമായ ഏതാനും ആരാധനാലയങ്ങൾ മാത്രമാണ് ഇപ്പോഴുള്ളത്. വത്തിക്കാനുമായി ഉത്തര കൊറിയയ്ക്കു നയതന്ത്രബന്ധമില്ല.