നമ്മുടെ സൂപ്പർ സ്റ്റാർ മ്മുക്കയ്ക്ക് 65 വയസ് ആയെന്ന് വിശ്വസിക്കാൻ ഒരല്പം ബുദ്ധിമുട്ടുണ്ടല്ലേ. പ്രായം കൂടും തോറും ചെറുപ്പമാകുന്ന പ്രതിഭ എന്നൊക്കെയാണ് മോളിബിഡിൽ നിന്നും പരസ്യമായ രഹസ്യ ചർച്ച. പിറന്നാളാഘോഷിക്കുന്ന മമ്മൂക്കയ്ക്ക് ആശംസകളുമായി നിരവധി ആളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. താരങ്ങളും ആരാധകരും ആശംസകളറിയിക്കാൻ സോഷ്യൽ മീഡിയയിൽ മത്സരിക്കുകയാണ്. മോഹൻലാൽ മുതൽ ഭഗത് മാനുവൽ വരെ ആശംസ പോസ്റ്റുകളുമായി രംഗത്ത് വന്നവരിൽ ഉണ്ട്. പിന്നെ ആരാധകരുടെ നിലയ്ക്കാത്ത പോസ്റ്റുകൾ ട്രോളർമാർ പോലും ഏറ്റെടുത്തിരിക്കുന്നു. എന്തിനേറെ പറയുന്നു, താരത്തിനു വേണ്ടി വിശാഖം നക്ഷത്രത്തിൽ പുഷ്പാഞ്ജലി വരെ കഴിച്ചിരിക്കുന്നു. 

ആശംസകളിൽ പ്രധാനി കുഞ്ഞിക്ക( ദുൽഖർ)യുടെ ഫേസ്‌ബുക്ക് പോസ്റ്റ് തന്നെയാണ്. വികാര നിർഭരമായ കുറിപ്പാണ് മകൻ വാപ്പച്ചിക്ക് വേണ്ടി കരുതിവച്ചിരിന്നത്. ആഗ്രഹിച്ച ഉയരങ്ങളിലെത്തിയപ്പോഴും കുടുംബത്തെ ഒപ്പം ചേർത്തുനിർത്തിയ ആളാണ് വാപ്പച്ചിയെന്നും ഏറ്റവും മികച്ച ഭർത്താവും അച്ഛനുമാണ് അദ്ദേഹമെന്നും ദുൽഖർ കുറിക്കുന്നു.

ദുൽഖറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം...

പ്രിയപ്പെട്ട വാപ്പച്ചി, നിങ്ങളിലാണ് നമ്മുടെ കുടുംബം ആരംഭിക്കുന്നത്. ഞങ്ങളിലേക്കെല്ലാം തണൽ വിരിക്കുന്ന വൃക്ഷം. എന്നിരുന്നാലും ഒരു നവജാതശിശുവായി അങ്ങയെ സങ്കൽപിക്കാൻ എനിക്ക് കഴിയും. ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം വല്യുമ്മച്ചിക്കും വല്യപ്പിച്ചിക്കും പിറന്ന മകൻ. ജീവിതത്തിൽ അസാധാരണ കാര്യങ്ങൾ ചെയ്യാനാണ് നിങ്ങൾ പിറന്നുവീണത്. പിൽക്കാലത്ത് സ്വപ്നങ്ങളെല്ലാം നിങ്ങൾ യാഥാർഥ്യമാക്കി. ആഗ്രഹിച്ച ഉയരങ്ങളിലെത്തിയപ്പോഴും സ്വന്തം കുടുംബത്തെ നിങ്ങൾ ഒപ്പം ചേർത്തുനിർത്തി. ഇന്ന് നിങ്ങൾ ഒരു ഇതിഹാസമാണ്. ഏറ്റവും മികച്ച ഭർത്താവും അച്ഛനുമാണ് നിങ്ങൾ. ലോകത്തിലെ ഏറ്റവും ഭാഗ്യമുള്ള കുടുംബവും ഞങ്ങളുടേതാണ്. ഒരു വർഷം കൂടി ചെറുപ്പമാകുന്ന വേളയിൽ അങ്ങേയ്ക്ക് എല്ലാവിധ ആശംസകളും.

ഉറ്റചങ്ങതിക്ക് ആശംസകളുമായി ലാലേട്ടനും എത്തി. രണ്ടുപേരുടെയും ചിത്രം ഉപയോഗിച്ചുള്ള പോസ്റ്ററാണ് ആശംസയുടെരൂപത്തിൽ മോഹൻലാൽ ഫേസ്‌ബുക്കിൽ പങ്കുവച്ചത്. എന്റെ വല്ല്യേട്ടന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേർന്നു കൊണ്ട് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ' എന്നാണ് ദിലീപ് കുറിച്ചത്. മമ്മുക്ക എന്റെ ചങ്കെന്ന് ജുഡ്, നിവിൻ പോളി, മഞ്ജു വാര്യർ, ലാൽജോസ്, അജു വർഗീസ്, പൂനം ബജ്വ, ഭഗത് മാനുവൽ ഇങ്ങനെ പോകുന്നു ആശംസകളുമായെത്തിയവരുടെ നിര. പിന്നെ ട്രോളുകളും പുഷ്പാഞ്ജലി റസീറ്റും.