- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെജ്രിവാളിന് മോദി പേടിയോ? ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ജഗദീഷ് മുഖിയെ ആപ്പ് ഉയർത്തിയത് എന്തിന്? ഡൽഹിയിൽ ബിജെപി-ആംആദ്മി തർക്കം മുറുകുന്നു
ന്യൂഡൽഹി: ഡൽഹിയിൽ പോരാട്ട ചൂട് മുറുക്കി ബിജെപിയും ആംആദ്മി പാർട്ടിയും പ്രസ്താവനാ യുദ്ധം തുടങ്ങി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചെന്നാണ് ബിജെപിയുടെ ആക്ഷേപം. പ്രധാനമന്ത്രി മോദി പേടിയാണ് കെജ്രിവാളിനെന്നും ബിജെപി പറയുന്നു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കാര

ന്യൂഡൽഹി: ഡൽഹിയിൽ പോരാട്ട ചൂട് മുറുക്കി ബിജെപിയും ആംആദ്മി പാർട്ടിയും പ്രസ്താവനാ യുദ്ധം തുടങ്ങി. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാൾ പ്രഖ്യാപിച്ചെന്നാണ് ബിജെപിയുടെ ആക്ഷേപം. പ്രധാനമന്ത്രി മോദി പേടിയാണ് കെജ്രിവാളിനെന്നും ബിജെപി പറയുന്നു. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് കാര്യമായ നേട്ടം ഇത്തവണയും ഡൽഹിയിൽ ഉണ്ടാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.
ഡൽഹിക്ക് സ്വീകാര്യനായ മുഖ്യമന്ത്രി കെജ്രിവാളെന്ന മുദ്രാവാക്യമാണ് ആം ആദ്മി പാർട്ടി മുന്നോട്ട് വയ്ക്കുന്നത്. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിൽ മോദിയുമായല്ല തന്റെ മത്സരമെന്നും കെജ്രിവാൾ വ്യക്തമാക്കി. ബിജെപി നേതാവ് ജഗ്ദീഷ് മുഖിയാണോ താനാണോ നല്ല മുഖ്യമന്ത്രിയെന്ന് ജനം തീരുമാനിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ഇതിനെയാണ് ബിജെപി ചോദ്യം ചെയ്യുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ജഗ്ദീഷ് മുഖിയാണെന്ന് കെജ്രിവാളിനോട് ആരുപറഞ്ഞെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സതീഷ് ഉപാദ്യായയുടെ ചോദ്യം. ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കെജ്രിവാൾ ആരാണെന്നും ചോദിക്കുന്നു. കൂട്ടായ നേതൃത്വത്തിന്റെ കീഴിലാകും ബിജെപിയുടെ പ്രചരണമെന്നും മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പാർട്ടിയിലെ മുതിർന്ന നേതാക്കൾ നിശ്ചയിക്കുമെന്നും വ്യക്തമാക്കി. മോദിയുടെ പ്രഭാവം തന്നെയാകും ഡൽഹിയിലും വോട്ടാക്കി മാറ്റാൻ ബിജെപി ശ്രമിക്കുക.
വാരണാസിയിൽ മോദിക്കെതിരെ മത്സരിച്ച് തോറ്റയാളാണ് കെജ്രിവാൾ. ആ പേടി അദ്ദേഹത്തിന് ഇപ്പോഴുമുണ്ട്. അതുകൊണ്ട് തന്നെയാണ് മോദിയുമായി നേരിട്ടുള്ള മത്സരത്തിനില്ലെന്ന് കെജ്രിവാൾ വ്യക്തമാക്കുന്നതെന്നും ബിജെപി നേതാക്കൾ പറയുന്നു. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക് മികച്ച ജയം നൽകിയ മോദി ഇഫക്ട് ഡൽഹിയിലും ആവർത്തിക്കുമെന്നാണ് അവരുടെ പ്രതീക്ഷ. അതിനെ തടയാൻ കെജ്രിവാളിന് കഴിയില്ലെന്നും വ്യക്തമാക്കുന്നു.
എന്നാൽ ഈ വിമർശനത്തെ ആംആദ്മി പാർട്ടി തള്ളിക്കളയുന്നു. പ്രധാനമനന്ത്രി മോദിയുമായല്ല മത്സരമെന്നാണ് കെജ്രിവാൾ പറഞ്ഞത്. രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ് മോദി. അതുകൊണ്ട് തന്നെ ഡൽഹി നിയമസഭയിലേക്ക് മത്സരിക്കാനും എത്തില്ല. പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിൽ മോദി മത്സരിക്കുമെന്ന് കരുതാനും കഴിയില്ല. അതുകൊണ്ട് തന്നെ മോദി പേടിയെന്ന ആരോപണം അടിസ്ഥാന രഹിതവുമാണ്. ഡൽഹി തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി പ്രശ്‌നമാകില്ലെന്ന പ്രതീക്ഷയോടെ ആംആദ്മി പാർട്ടി നിലപാട് വിശദീകരിക്കുന്നു.
ബിജെപി നേതൃത്വത്തിൽ ഭിന്നതയുണ്ടാക്കാനാണ് ജഗദീഷ് മുഖിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആംആദ്മി പാർട്ടി ഉയർത്തിക്കാട്ടുന്നതെന്നാണ് വിലയിരുത്തൽ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയ് ഗോയലിനെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി കെജ്രിവാൾ പ്രഖ്യാപിച്ചു. ഇത് തർക്കങ്ങളും ഉണ്ടാക്കി. എന്നാൽ മോദിയുടെ പിന്തുണയോടെ ഹർഷവർദ്ധൻ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി. ഹർഷവർദ്ധൻ കേന്ദ്ര മന്ത്രിയായ സാഹചര്യത്തിലാണ് ജഗദീഷ് മുഖിയെ ഉയർത്തിക്കാട്ടി നേതാക്കൾക്കിടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നത്.
അതിനിടെ കെജ്രിവാളിനെ വിമർശിച്ച് ജഗദീഷ് മുഖി തന്നെ രംഗത്ത് എത്തി. വെസ്റ്റ് ഡൽഹിയിൽ മത്സരിക്കാനാണ് കെജ്രിവാളിന്റെ നീക്കം. ന്യൂഡൽഹി മണ്ഡലത്തിൽ നിന്നാണ് കഴിഞ്ഞ തവണ ജയിച്ച് മുഖ്യമന്ത്രിയായത്. മണ്ഡലത്തിലേക്ക് തിരിഞ്ഞു നോക്കാത്തതിനാൽ സ്വന്തം മണ്ഡലത്തിൽ തോൽക്കുമെന്ന് കെജ്രിവാൾ കരുതുന്നു. അതിനാലാണ് മണ്ഡലം മാറി മത്സരിക്കുന്നത്. അത്തരമൊരു നേതാവാണ് ബിജെപിയെ വിമർശിക്കുന്നതെന്നും ജഗദീഷ് മുഖി പറഞ്ഞു.
ആംആദ്മി പാർട്ടിയും ബിജെപിയും തമ്മിലാകും ഡൽഹി പിടിക്കാനുള്ള പോരാട്ടമെന്നാണ് വിലയിരുത്തൽ. പത്ത് വർഷം ഡൽഹി ഭരിച്ച കോൺഗ്രസിന് കഴിഞ്ഞ വർഷത്തെ തെരഞ്ഞെടുപ്പിൽ എട്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്ത് കെജ്രിവാളിനോട് തോൽക്കുകയും ചെയ്തു. ഷീലാ ദീക്ഷിത്ത് രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിക്കുന്നതിനാൽ പകരം ഉയർത്തിക്കാട്ടാൻ മറ്റൊരു നേതാവും ഇല്ല. അതുകൊണ്ട് തന്നെ ഒരു വർഷം മുമ്പ് ലഭിച്ച സീറ്റുകൾ പോലും കോൺഗ്രസിന് കിട്ടാനിടയില്ലെന്നാണ് വിലയിരുത്തൽ.

