ന്യൂഡൽഹി: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കൂടുതൽ ജാ​ഗ്രത പുലർ‌ത്തണമെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. വരാനിരിക്കുന്നത് ശൈത്യകാലമാണെന്നും അതോടെ കോവിഡ് വ്യാപനസാധ്യത വർധിക്കുമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനം രൂക്ഷമായ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ നടത്തിയ ഓൺലൈൻ ചർച്ചയിലാണ് മുന്നറിയിപ്പ് നൽകിയത്.

കേരള, ആന്ധ്രപ്രദേശ്, അസം, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, ഹിമാചൽ പ്രദേശ്, തെലങ്കാന, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾ ഓൺലൈൻ ചർച്ചയിൽ പങ്കെടുത്തു. ശൈത്യകാലവും ഉത്സവ സീസണും പരിഗണിച്ച് കോവിഡ് പ്രതിരോധത്തിൽ കൂടുതൽ ജാ​ഗ്രത വേണമെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന ശൈത്യകാലവും നീണ്ട ഉത്സവകാലവും വൈറസ് രോഗത്തിനെതിരെ ഇതുവരെ ഉണ്ടാക്കിയ കൂട്ടായ നേട്ടങ്ങൾക്ക് ഭീഷണിയാകാൻ സാധ്യതയുള്ളതായും കേന്ദ്രമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ദസറയിൽ ആരംഭിച്ച ഉത്സവകാലം ദീപാവലി, ഛാട്ട് പൂജ, ക്രിസ്മസ്, മകരസംക്രാന്തി എന്നിങ്ങനെ തുടരുന്നതിനാൽ നാമെല്ലാം കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. ശൈത്യകാലത്ത് ശ്വസന വൈറസും അതിവേഗം പടരുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

തണുപ്പു നിറഞ്ഞ കാലാവസ്ഥയും, താപനിലയിലെ താഴ്ചയും മൂലം വൈറസിന്റെ വ്യാപനം പതിന്മടങ്ങ് വർധിച്ചേക്കും. തണുത്ത കാലാവസ്ഥയുള്ള രാജ്യങ്ങളിൽ താപനില കുറയുന്നതിനനുസരിച്ച് വൈറസ് വ്യാപന നിരക്ക് ഗണ്യമായി വർദ്ധിക്കുന്നു എന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. രാജ്യത്തെ മൊത്തത്തിലുള്ള കോവിഡ് മരണനിരക്ക് ഏറ്റവും താഴ്ന്ന നിലയിലാണ്, ദേശീയ മരണനിരക്ക് 1.48% ആണ്. മൊത്തം സജീവമായ കേസുകളിൽ 0.44 ശതമാനമാണ് വെന്റിലേറ്റർ പിന്തുണയിൽ ചികിൽസയിലുള്ളത്. 2.47% തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) ചികിത്സയിലാണ്, കൂടാതെ 4.13% പേർ രാജ്യത്തുടനീളം ഓക്‌സിജൻ പിന്തുണയോടെ ചികിൽസയിലുണ്ടെന്നും സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.