- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ഭാരവാഹികളുടെ സ്ഥാനാരോഹണവും അവാർഡ്ദാന ചടങ്ങും നടന്നു
വേൾഡ് മലയാളീ കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും പ്രഥമ WMC ഗോൾഡൻ ഗ്ലോബൽ എക്‌സലൻസ് അവാർഡ് ദാന ചടങ്ങും ഓൺലൈൻ പ്ലാറ്റഫോമിലൂടെ നടത്തപ്പെട്ടു. ജൂലായ് 9ന് വൈകീട്ട് 6 മണിക്കാരംഭിച്ച പരിപാടികൾ 9.30 വരെ നീണ്ടു. കേരളം ഫിഷറീഷ് - സാംസ്‌കാരിക വകുപ്പ് മന്ത്രി, സജി ചെറിയാൻ ഉദഘാടകനും മുഖ്യാതിഥിയുമായിരുന്ന ചടങ്ങിൽ കിഡ്‌നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ സ്ഥാപകൻ ഫാ. ഡേവീസ് ചിറമ്മൽ, പ്രശസ്ത കവിയും ഗാനരചിയിതാവുമായ വയലാർ ശരത്ചന്ദ്ര വർമ്മ എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു. WMC ഗോൾഡൻ ഗ്ലോബൽ എക്‌സലൻസ് അവാർഡ് ജേതാവ് . പി. വി. രാധാകൃഷ്ണപിള്ള, പ്രവാസി ഭാരതീയ സമ്മാൻ പുരസ്‌കാര ജേതാക്കളായ കെ. ജി. ബാബുരാജ്, സോമൻ ബേബി, വേൾഡ് മലയാളീ കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഡോക്ടർ. പി. എ. ഇബ്രാഹിം ഹാജി (ദുബായ്), പ്രസിഡണ്ട് ഗോപാല പിള്ള (അമേരിക്ക), ജനറൽ സെക്രട്ടറി ഗ്രിഗറി മേടയിൽ, ട്രഷറർ തോമസ് അറമാങ്കുടി (ജർമനി) തുടങ്ങി വേൾഡ് മലയാളി കൗൺസിലിന്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ഉദ്ഘാടനകർമ്മം നിർവ്വഹിച്ച മന്ത്രി, സജി ചെറിയാൻ കോവിഡുമായി ബന്ധപ്പെട്ട പ്രവാസി സംഘടനകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ സ്മരിക്കുകയും കൂടുതൽ സഹായങ്ങളുമായി മുന്നോട്ടുവരാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. WMC ഗോൾഡൻ ഗ്ലോബൽ എക്‌സലൻസ് അവാർഡിന് അർഹനായ പി.വി. രാധാകൃഷ്ണപിള്ള നേതൃത്വം നൽകുന്ന ബഹ്റൈൻ കേരളീയ സമാജത്തിന്റെ പ്രവർത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച മന്ത്രി, സമാജവും WMCയുമായി സഹകരിച്ചുകൊണ്ടു ഒട്ടനവധി പരിപാടികൾ പ്രാവാസികൾക്കായി മുന്നോട്ടുവക്കാൻ കഴിയും എന്നും സൂചിപ്പിച്ചു. കോവിഡിന്റെ അലകൾ ശമിക്കുന്നമുറക്ക് ബഹറിൻ സന്ദർശിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് പി. വി. രാധാകൃഷ്ണപിള്ള അവതരിപ്പിച്ച ആശയങ്ങളോട് അനുഭാവപൂർണമായ പരിഗണന മന്ത്രി ഉറപ്പുനൽകുകയും ചെയ്തു. മറ്റു തിരക്കുകൾ കാരണം പരിപാടിയിൽ പങ്കെടുക്കാൻ കഴിയാഞ്ഞ ഇന്ത്യൻ അംബാസ്സഡർ പിയുഷ് ശ്രീവാസ്തവയുടെ അനുമോദന സന്ദേശം പരിപാടിയിൽ വായിക്കപ്പെട്ടു.
കവിതയുടെ മേമ്പൊടിയോടെ സംസാരിച്ച വയലാർ ശരത്ചന്ദ്രവർമ്മ മലയാളി കൂട്ടായ്മകളുടെ പ്രാധാന്യത്തെയും സഹവർത്തിത്തെയും കുറിച്ച് വാചാലനായി. അവാർഡ് നേട്ടത്തിൽ പി. വി. രാധാകൃഷ്ണപിള്ളയെയും ബഹറിൻ കേരളീയ സമാജത്തെയും അഭിനന്ദിച്ചു സംസാരിച്ച അദ്ദേഹം പ്രവാസി സംഘടനകളുടെ ജീവകാരുണ്യ പ്രവർത്തനങ്ങളെ സ്മരിച്ചു. ചിരിയുടെ മാലപ്പടക്കങ്ങൾക്കു തീകൊളുത്തികൊണ്ടു തനതു ശൈലിയിൽ സംസാരിച്ച ഫാ. ഡേവീസ് ചിറമ്മലിന്റെ പ്രസംഗം അക്ഷരാർത്ഥത്തിൽ ചിന്തിപ്പിക്കുന്നതുമായിരുന്നു. നല്ലതു ചെയ്തുകൂട്ടി കടന്നുപോകുന്നവർ മനുഷ്യമനസ്സുകളിൽ ഒരുകാലത്തും മരിക്കുകയില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു. പി. വി. രാധാകൃഷ്ണപിള്ളയെ അഭിനന്ദിച്ച അദ്ദേഹം, ഈ അവാർഡ് കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യാൻ രാധാകൃഷ്ണപിള്ളയെ ഉത്തരവാദിത്തപ്പെടുത്തുന്നതായും ഓർമ്മിപ്പിച്ചു. പ്രഥമ ഗോൾഡൻ ഗ്ലോബൽ എക്‌സലൻസ് അവാർഡിനു തന്നെ തിരഞ്ഞെടുത്തതിലുള്ള സന്തോഷം മറുപടി പ്രസംഗത്തിൽ പി. വി. രാധാകൃഷ്ണപിള്ള സൂചിപ്പിച്ചു. കൂടുതൽ ഉർജ്ജസ്വലതയോടെ കൂടുതൽ പ്രവർത്തനങ്ങൾ ചെയ്യാനുള്ള ഉത്തരവാദിത്തം നിറവേറ്റുമെന്നും അതിനായി എല്ലാവരുടെയും സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
WMC ബഹ്റൈൻ പ്രൊവിൻസിസിന്റെ സ്ഥാനമൊഴിയുന്ന സെക്രട്ടറി എബി തോമസ് സ്വാഗതവും സെക്രട്ടറി പ്രേംജിത് നന്ദിയും പറഞ്ഞ പരിപാടിയിൽ മിഡിൽ ഈസ്റ്റ് പ്രസിഡന്റ് രാധാകൃഷ്ണൻ തെരുവത്ത്, ബഹറിൻ പ്രൊവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവൽ, ബഹറിൻ പ്രൊവിൻസ് ചെയർമാൻ ബാബു കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു. ബഹറിൻ പ്രൊവിൻസിന്റെ രജത ജൂബിലി ആഘോഷപരിപാടികൾ ഈ വർഷം ഓഗസ്റ്റ് മാസത്തോടെ ആരംഭിക്കുമെന്നും ബഹുമാനപ്പെട്ട മന്ത്രിയുടെ ആഹ്വാനം കണക്കിലെടുത്തതു വേണ്ട സഹായങ്ങൾ ചെയ്യാൻ WMC പ്രതിജ്ഞാബദ്ധമാണെന്നും ബഹറിൻ പ്രൊവിൻസ് ഭാരവാഹികൾ അറിയിച്ചു.
ഹരീഷ് ശൂരനാട് വരികൾ എഴുതി രാജീവ് വെള്ളിക്കോത്ത് സംഗീതം നൽകി വിദ്യാർത്ഥികൾ അവതരിപ്പിച്ച അവതരണഗാനവും വിദ്യാർത്ഥികളുടെ കവിതാലാപാനവും പരിപാടിക്ക് മോദി കൂട്ടി. ബഹറിൻ റേഡിയോ രംഗ് സ്റ്റുഡിയോയിൽ നിന്നും ലൈവായി ചെയ്ത ചടങ്ങിൽ രാജീവ് വെള്ളിക്കോത്ത്, സന്ദീപ് കണ്ണൂർ, നിഖിൽ വടകര, ശ്രീഹരി രാജീവ് ശുഭ രാജീവ്, കൃഷ്ണ രാജീവ് എന്നിവർ അണിയറ പ്രവർത്തകരായിരുന്നു. ബിജു എം. സതീഷ് അവതാരകനായിരുന്ന പരിപാടിയിൽ WMC ബഹറിൻ പ്രൊവിൻസ് ഭാരവാഹികളായ ദിലീഷ്‌കുമാർ വി. എസ്, ആഷ്ലി കുര്യൻ മഞ്ഞില, ഹരീഷ് ശൂരനാട് എന്നിവർ സ്റ്റുഡിയോയിൽ പരിപാടിയുടെ സംഘാടനത്തിനു നേതൃത്വം നൽകി.