വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രോവിൻസിന്റെ 2016-18 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് ഈ വരുന്ന നാളെ വൈകിട്ട് ബഹ്റൈൻ കേരളീയ സമാജം ഡയമണ്ട് ജുബിലി ഹാളിൽ വച്ച് നടക്കുന്നു. ഇതിനോട് അനുബന്ധിച്ച് 'റേഡിയോ ഉത്സവ് 2016' എന്ന പേരിൽ ഏഷ്യാനെറ്റ് റേഡിയോ ജോക്കികളുടെ നേതൃത്വത്തിൽ ഉള്ള കലാപരിപാടികളും ഉണ്ടായിരിക്കും. ലക്ഷക്കണക്കിന് ആരാധകരുള്ള പതിനാറോളം ഏഷ്യാനെറ്റ് റേഡിയോ അവതാരകർ ആണ് യു.എ.ഇ യിൽ നിന്നും ഈ പരിപാടികൾ അവതരിപ്പിക്കാൻ ബഹറൈനിലേക്ക് എത്തുന്നത്. ഏഷ്യാനെറ്റ് റേഡിയോയിൽ കൂടി ശബ്ദത്തിലൂടെ മാത്രം പരിചയമുള്ള ആരാധകർക്ക് ഇവരുടെ ശബ്ദമാധുര്യം നേരിട്ട് അനുഭവിക്കാൻ കിട്ടുന്ന അസുലഭവസരം ആണ് വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രവാസികൾക്കായി ഒരുക്കുന്നത്. വൈകിട്ട് കൃത്യം 6 മണിക്ക് തന്നെ ആരംഭിക്കുന്ന മൂന്ന് മണിക്കൂറോളം നീളുന്ന ഈ കലാവിരുന്ന് എല്ലാവർക്കും മറക്കാനാകാതെ ഒരു അനുഭവം ആയിരിക്കും. വെളിച്ചത്തിന്റെയും ശബ്ദ ക്രമീകരണത്തിന്റെയും മായിക പ്രപഞ്ചത്തിലൂടെ ആസ്വാദ്യമായ മെലഡിയും അടിപൊളി ഗാനങ്ങളും അടങ്ങുന്ന അവിസ്മരണീയ രാവ് തീർക്കാൻ ഇവർ നമ്മുടെ കൺമുന്നിലെത്തുന്നു. മനോഹരങ്ങളായ നൃത്തനൃത്യങ്ങൾ കലാസന്ധ്യക്ക് കൊഴുപ്പേകുമെന്നും ഭാരവാഹികൾ അറിയിച്ചു.

വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് ദ്വൈവാർഷിക പൊതുയോഗം ഫെബ്രുവരി 19ന് ജുഫയർ മാർവിധ ടവറിൽ വച്ച് നടക്കുകയും, വേൾഡ് മലയാളി കൗൺസിൽ റിട്ടേനിങ് ഓഫീസർ ദേവരാജ് 2016-2018 കാലയളവിലേക്ക് എതിരില്ലാതെ തിരഞ്ഞെടുത്ത പുതിയ കമ്മറ്റിയെ പ്രഖ്യാപിക്കുകയും ചെയ്തു.

പി. ഉണ്ണികൃഷ്ണൻ ആണ് പുതിയ കമ്മിറ്റിയുടെ ചെയർമാൻ. സേവി മാത്തുണ്ണിയെ പ്രസിഡന്റ് ആയും ജോഷ്വ മാത്യുവിനെ സെക്രട്ടറി ആയും തെരഞ്ഞെടുത്തു.

മറ്റു എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ
സി.എൻ. ഉണ്ണികൃഷ്ണൻ ( ട്രഷറർ), ജയ്ഫർ മൈതാനി - (വൈസ് ചെയർമാൻ), ഫൈസൽ എഫ് എം - (വൈസ് ചെയർമാൻ), മൃദുല ബാലചന്ദ്രൻ - (വൈസ് ചെയർപേഴ്‌സൻ), ജ്യോതിഷ് പണിക്കർ - (വൈസ് പ്രസിഡന്റ്), ഷൈനി നിത്യൻ - (വൈസ് പ്രസിഡന്റ്), ജയശ്രീ സോമനാഥ് - (വൈസ് പ്രസിഡന്റ്), ജഗത് കൃഷ്ണകുമാർ - (അസിസ്റ്റന്റ് സെക്രട്ടറി).

1995 ജൂലായ് 3 നു ന്യൂ ജഴ്‌സിയിൽ പിറവിയെടുത്ത വേൾഡ് മലയാളി കൗൺസിൽ 2001 ൽ ആണ് ബഹ്റൈൻ പ്രോവിൻസ് രൂപീകരിച്ചത്. രാഷ്ട്രീയ, ജാതി, മത, ഭേദമന്യേ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴിൽ കൊണ്ട് വരിക എന്നതാണ് വേൾഡ് മലയാളി കൗൺസിലിന്റെ പ്രധാന ലക്ഷ്യം. സമൂഹത്തിൽ കഷ്ടതകൾ അനുഭവിക്കുന്നവരെ തേടിയും, ദുരന്തങ്ങൾ ഉണ്ടാകുമ്പോഴും എല്ലാം വേൾഡ് മലയാളി കൗൺസിലിന്റെ സഹായ ഹസ്തങ്ങൾ അവിടെ എത്താറുണ്ട്. ചെന്നൈ വെള്ളപ്പൊക്കം, പരവൂർ വെടിക്കെട്ട് ദുരന്തം എന്നിവടങ്ങളിലെല്ലാം വേൾഡ് മലയാളി കൗൺസിലിന്റെ സഹായ സഹകരണങ്ങൾ എത്തിയത് അതിനു ഉത്തമോദാഹരണങ്ങൾ ആണ്.