ദുബായ്: ലോക മലയാളികളെ സമസ്ത മേഖലകളിലും ഒരുമിപ്പിക്കുന്ന ഏക സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ നാലാമത് എൻ.ആർ.കെ സംഗമം 2017 ജൂലൈ ഓഗസ്റ്റ് മാസം കേരളത്തിൽ നടത്തുവാൻ ഏപ്രിൽ 28ന് ഷാർജയിൽ വച്ച് നടന്ന എക്സിക്യൂട്ടീവ് കൗൺസിൽ തീരുമാനിച്ചു.

പരിപാടിയുടെ സുഗമമായ നടത്തിപ്പിനു വേണ്ടി വേൾഡ് മലയാളി കൗൺസിൽ ഇന്ത്യാ റീജിയൻ ചെയർമാൻ ബേബി മാത്യു സോമതീരം, പ്രവാസി വെൽഫെയർ ചെയർമാൻ ഷിബു വർഗീസ് (അബുദാബി), കൗൺസിൽ ഇന്ത്യാ റീജിയൻ പ്രസിഡന്റ് അനോജ് കുമാർ എന്നിവരെ ചുമതലപ്പെടുത്തി. കൗൺസിലിന്റെ വിവിധ റീജിയനുകളിലെ പ്രതിനിധികളെ ഉൾപ്പെടുത്തി സംഗമത്തിനുള്ള കമ്മിറ്റി വിപുലീകരിക്കുന്നതാണ്.

ലോകമെമ്പാടുമുള്ള മലയാളികൾ അവധിക്കാലത്ത് നാട്ടിലെത്തുമ്പോൾ അവരെ ഒരുകുടക്കീഴിൽ അണിനിരത്തി പരസ്പരം സ്നേഹം പങ്കുവയ്ക്കാനും സൗഹൃദം പുതുക്കുവാനും കുട്ടികളെ ഉൽസാഹ ഭരിതരാക്കുവാനും നാടിന്റെ ഉദാത്തമായ സംസ്‌കൃതിയിലേയ്ക്കും സംസ്‌കാരത്തിലേയ്ക്കും ചേർന്നുനിൽക്കാനും ലക്ഷ്യമിടുന്നതാണ് വേൾഡ് മലയാളി കൗൺസിൽ എൻ.ആർ.കെ സംഗമം.

കുട്ടിക്കാനം, കോവളം, കുമരകം എന്നിവിടങ്ങളിലാണ് ഇതിനുമുമ്പ് എൻ.ആർ.കെ സംഗമം അരങ്ങേറിയിട്ടുള്ളത്. മേൽപ്പറഞ്ഞ ലക്ഷ്യങ്ങളും അതോടനുബന്ധിച്ചുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളും പൂർണ വിജയത്തിലെത്തിയതിന്റെ ആവേശമുൾക്കൊണ്ടാണ് ഇക്കുറിയും സംഗമം നടത്തപ്പെടുന്നത്. സംഘടനയുടെ ഗ്ലോബൽ ചെയർമാൻ ഡോ. പി.എ ഇബ്രാഹീം അധ്യക്ഷത വഹിച്ച എക്സിക്യൂട്ടീവ് കൗൺസിൽ മീറ്റിങ്ങിൽ ആറ് റീജിയനുകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. അച്ചടക്കവും ഉത്തരവാദിത്വവും അർപണബോധവും കൊണ്ട് വേൾഡ് മലയാളി കൗൺസിലിനെ മാതൃകാ സംഘടനയാക്കി മാറ്റാൻ നാം പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം പറഞ്ഞു.

വേൾഡ് മലയാളി കൗൺസിലിന്റെ ജൈത്രയാത്രയിലെ അടുത്ത ഘട്ടത്തിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള കർമ പരിപാടികൾക്ക് രൂപം നൽകുകയും ചെയ്തു. വേൾഡ് മലയാളി സെന്ററും കോർപറേറ്റ് ഓഫീസും തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിക്കുവാൻ തീരുമാനമായി. വേൾഡ് മലയാളി കൗൺസിലിന്റെ എക്കാലത്തെയും സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായ വില്ലേജ് ദത്തെടുക്കലും മറ്റ് ജീവകാരുണ്യ പ്രവർത്തനങ്ങളും പൂർവാധികം ശക്തിയോടെ തുടരുമെന്ന് ഗ്ലോബൽ പ്രസിഡന്റ് മാത്യു ജേക്കബ് (ജർമനി), ഗ്ലോബൽ വൈസ് പ്രസിഡന്റ്, അഡ്‌മിനിസ്ട്രേഷൻ ഡോ. ജോർജ് കാക്കനാട്ട് (യു.എസ്.എ), ഗ്ലോബൽ ജനറൽ സെക്രട്ടറി സാം മാത്യു (സൗദി അറേബ്യ), ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ഡോ. വിജയലക്ഷ്മി (തിരുവനന്തപുരം), അസോസിയേറ്റ് സെക്രട്ടറി ലിജു മാത്യു (ദുബായ്), ഗുഡ്വിൽ അംബാസിഡർ ജോൺ മത്തായി (ഷാർജ) തുടങ്ങിയവർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി പഞ്ചായത്തിലെ വിമലഗിരി ട്രൈബൽ കോളനി ദത്തെടുത്ത് പ്രവർത്തനങ്ങൾ ആരംഭിച്ചു. ബേബി മാത്യു സോമതീരവും ഡോ. വിജയലക്ഷ്മിയും ഇവിടുത്തെ സാമൂഹിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നു. കൂടാതെ പുനലൂർ തെന്മല പഞ്ചായത്തിലെ ഉപ്പുകുഴി പ്രദേശത്ത് തുടങ്ങിയ തയ്യൽ പരിശീലന സ്‌കൂളിന് വേൾഡ് മലയാളി കൗൺസിൽ നേതൃത്വം നൽകുന്നു.

എറണാകുളം റവന്യൂ ജില്ലാ ആദിവാസി വിദ്യാഭാസ ഉൽസവമായ ആരണ്യകം-2017 സോമതീരം ആയൂർവേദ ഗ്രൂപ്പ് വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ച് നടത്തി. കുട്ടമ്പുഴ പഞ്ചായത്തിലെ 14 ആദിവാസി ഊരുകളിലെ അഞ്ചിനും 14നും ഇടയിൽ പ്രായമുള്ള മുഴുവൻ കുട്ടികളെയും വിദ്യാലയങ്ങളിൽ പ്രവേശിപ്പിക്കുക, തുടർ പഠനവും ഗുണമേന്മയുമുള്ള വിദ്യാഭ്യാസവും നൽകുക, ആരോഗ്യ, സുചിത്വ, ലഹരി വിരുദ്ധ കാംമ്പെയ്ൻ നടത്തുക തുടങ്ങിയവയായിരുന്നു ലക്ഷ്യം. പുനലൂർ കലയനാട് എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന അനാഥാലയത്തിലെ കുട്ടികൾക്ക് കൊച്ചനിയൻ-അനിയത്തിക്ക്എന്ന പദ്ധതിയിലൂടെ കുടയും ബാഗും വസ്ത്രങ്ങളുമടങ്ങുന്ന സ്‌കൂൾ കിറ്റ് നൽകുന്നതാണ്. മിഡിൽ ഈസ്റ്റ് റീജിയനാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് ചെയർമാൻ അബ്ദുൾ കലാം, പ്രസിഡന്റ് വർഗീസ് ജോർജ് എന്നിവർ അറിയിച്ചു.

തിരുവനന്തപുരത്തെ എൽ.ബി.എസ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും പഠനത്തിൽ ഉന്നത നിലവാരം പുലർത്തുന്നതുമായ ഒരു കുട്ടിയുടെ രണ്ടു വർഷത്തേയ്ക്കുള്ള വിദ്യാഭ്യാസ ചെലവ് ഗ്ലോബൽ ജനറൽ സെക്രട്ടറി സാം മാത്യു നൽകുകയുണ്ടായി.