സൂറിച്ച്: കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നേഴ്‌സുമാർക്ക് മിനിമം വേജസ് ലഭിക്കുന്നതിനായി നടത്തുന്ന സമരത്തിന് വേൾഡ് മലയാളി കൗൺസിൽ സ്വിസ്സ് പ്രൊവിൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംഘടിത രാഷ്ട്രീയ ശക്തി അല്ലാത്തതുകൊണ്ട് സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തിന് വിധേയരാകാൻ വിധിക്കപ്പെട്ടവരാണ് കേരളത്തിലെ നഴ്‌സുമാർ എന്ന് യോഗം വിലയിരുത്തി. സുപ്രീം കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ച് നീതി ഉറപ്പുവരുത്തുവാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ മുഖ്യമന്ത്രിയോട് വേൾഡ് മലയാളി കൗൺസിൽ ആവശ്യപ്പെട്ടു.

ഈ തൊഴിലിലൂടെ മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങൾ ലഭിച്ച് വിദേശ രാജ്യങ്ങളിൽ കഴിയുന്ന മുഴുവൻ പ്രവാസികളും ഈ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.

ചെയർമാൻ ജിമ്മി കൊരട്ടിക്കാട്ടുതറയിലിന്റെ അധ്യക്ഷതയിൽ സൂറിച്ചിൽ കൂടിയ യോഗത്തിൽ കമ്മറ്റി അംഗം സുനിൽ ജോസഫ് പ്രമേയം അവതരിപ്പിച്ചു. പ്രൊവിൻസ് പ്രസിഡന്റ് ജോസ് വള്ളാടിയിൽ, ഗ്ലോബൽ ട്രഷറർ ജോബിൻസൺ കൊറ്റത്തിൽ, പ്രൊവിൻസ് ട്രഷറർ ബോസ് മണിയമ്പാറയിൽ എന്നിവർ പ്രസംഗിച്ചു.