ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലണ്ട് പ്രോവിൻസിന്റെ ക്രിസ്തുമസ് പുതുവത്സരാഘോഷം  ആർറ്റെയ്ൻ  ബ്യൂമോൺട്ട് ഫാമിലി   റിക്രിയേഷൻ സെന്ററിൽ നടത്തപ്പെട്ടു. ഡബ്ല്യു.എം.സി നടത്തിയ  'നൃത്താഞ്ജലി & കലോത്സവം 2014' ന്റെ കലാതിലകമായി സപ്താ രാമൻ നമ്പൂതിരി (സീനിയർ)യും ഹെസ്സാ മേരി പോളും(ജൂനിയർ) തിരഞ്ഞെടുക്കപ്പെട്ടു. ഡബ്ല്യു.എം.സി ചെയർമാൻ സൈലോ സാമും കലാതിലകമായ ഹെസ്സായും സപ്തയും ചേർന്ന് ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾ ഉത്ഘാടനം ചെയ്തു.ഡബ്ല്യു.എം.സി പ്രസിഡന്റ് കിങ് കുമാറ വിജയരാജൻ സ്വാഗതം ആശംസിച്ചു.

'നൃത്താഞ്ജലി ആൻഡ് കലോത്സവം 2014'  ലെ മികച്ച ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള കലാ പരിപാടികൾ തുടർന്നു നടന്നു . ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ഡബ്ല്യു.എം.സി ടീം അവതരിപ്പിച്ച ലഘു നാടകവും പരിപാടികളിൽ ഉൾപ്പെട്ടു. ഫാ ജോബിമോൻ സ്‌കറിയ  ക്രിസ്തുമസ് സന്ദേശം നല്കി. അയർലണ്ടിലെ കുട്ടികളുടെ കലാ പ്രകടനം തന്നെ അത്ഭുതപ്പെടുത്തിയതായി ഫാ. ജോബി തന്റെ പ്രസംഗത്തിൽ സൂചിപ്പിച്ചു.

ഡബ്ല്യു.എം.സി ചെയർമാൻ  സൈലോ സാം അധ്യക്ഷ പ്രസംഗം നടത്തി.  പ്രൊഫഷണൽ ജോലികളും  വ്യവസായ സംരംഭങ്ങളും ഒക്കെയായി തിരക്കു പിടിച്ച ജീവിതത്തിനിടയിലും  ഡബ്ല്യു.എം.സി യുടെ പ്രവർത്തനങ്ങൾക്കായും സമയം കണ്ടെത്താൻ സാധിക്കുന്ന ഡബ്ല്യു.എം.സി യുടെ സംഘാടകർക്ക് എന്നും  അഭിമാനിക്കാൻ ഇട നല്ക്കുന്ന വിധത്തിലാണ്  'നൃത്താഞ്ജലി ആൻഡ് കലോത്സവ' ങ്ങളിലൂടെ പുതിയ പ്രതിഭകൾ   ഉയർന്നു വരുന്നതെന്ന്  സൈലോ സാം അഭിപ്രായപ്പെട്ടു. അതുകൊണ്ട് തന്നെ അയർലണ്ടിലെ മലയാളികളുടെ വളർന്നു വരുന്ന പുതു തലമുറയുടെ കലാ നൈപുണ്യത്തിന് തുടർന്നും   വേദി ഒരുക്കാൻ ഡബ്ല്യു.എം.സി  എന്നും പ്രതിജ്ഞാബദ്ധമാണെന്ന് സൈലോ സാം ഉറപ്പു പറഞ്ഞു.

ഡബ്ലു.എം.സി യുടെ 'നൃത്താഞ്ജലി & കലോത്സവം 2014' ന്റെ  കലാതിലകത്തിനുള്ള ട്രോഫികൾ ഓസ്‌കാർ ട്രാവൽസിന്റെ വിനോദ് പിള്ളയും , മറ്റു  വിജയികൾക്കുള്ള പുരസ്‌കാരങ്ങൾ   ഡബ്ല്യു.എം.സി സെക്രട്ടറി സാബു കല്ലുങ്ങലും ,ചെയർമാൻ സൈലോ സാമും ചേർന്ന്    സമ്മാനിച്ചു.  'നൃത്താഞ്ജലി & കലോത്സവം 2014' ൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹനമായി മെഡലുകളും ചടങ്ങിൽ  നല്കി. ക്രിസ്തുമസ് ഡിന്നറോടെ പരിപാടികൾ സമാപിച്ചു.