ബാംഗളൂർ: വേൾഡ് മലയാളി കൗൺസിലിന്റെ ബംഗ്ലൂരിൽ നടന്ന പത്താമത് ദ്വൈവാർഷിക സമ്മേളനം ലോകമെമ്പാടുമുള്ള പ്രോവിൻസുകളിൽ നിന്നുള്ള പ്രതിനിധികളുടെ എണ്ണം കൊണ്ട് കരുത്ത് കാട്ടി. മലയാളിയുടെ ക്ഷേമവും, ഭാഷയും, സംസ്‌കാരവും, പൈതൃകവും ഉയർത്തിക്കാട്ടുവാൻ മുൻകൈ എടുക്കുമെന്ന് വേൾഡ് മലയാളി കൗൺസിലിന്റെ പത്താമത് ദ്വൈവാർഷിക സമ്മേളനം ആഹ്വാനം ചെയ്തു.

മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനത്തിൽ വിവിധ വിഷയങ്ങളെപ്പറ്റിയുള്ള പ്രഭാഷണങ്ങൾക്ക് കേരള മുൻ ചീഫ് സെക്രട്ടറി ഡോ. ബാബു പോൾ ഐ.എ.എസ്, മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ, ക്രിസ്റ്റി ഫെർണാണ്ടസ് ഐ.എ.എസ് തുടങ്ങിയവർ നേതൃത്വം നൽകി. ക്യാൻസറിനെതിരെയുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വേൾഡ് വാക്ക് ഭാരതത്തിന്റെ കായിക അഭിമാനമായ അഞ്ജു ബോബി ജോർജ് ഉദ്ഘാടനം ചെയ്ത് 1000 ഓളം പേർ പങ്കെടുത്തത് വേറിട്ടുള്ള ഒരു അനുഭവമായി.

ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് ശേഷം വിവിധ പ്രോവിൻസുകളിൽ നിന്നുള്ള 400 ഓളം പ്രതിനിധികൾ അടുത്ത രണ്ട് വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗ്ലോബൽ ചെയർമാനായി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ (ദുബായ്) ഗ്ലോബൽ പ്രസിഡന്റ് എ.വി. അനൂപ് (ചെന്നൈ), ഗ്ലോബൽ സെക്രട്ടറി ടി.പി.വിജയൻ (പൂണെ), ഗ്ലോബൽ ട്രഷറർ ജോബിൻസൺ. കൊട്ടത്തിൽ (സ്വിറ്റ്‌സർലണ്ട്) എന്നിവരെ ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു.
ഹോട്ടൽ ലീല പാലസിൽ വച്ച് നടന്ന പൊതുസമ്മേളനത്തിൽ കർണ്ണാടക മുൻ ചീഫ് സെക്രട്ടറിയും മുന്മന്ത്രിയുമായ ഡോ. ജെ. അലക്‌സാണ്ടർ, കർണ്ണാടക ഭക്ഷ്യവകുപ്പ് മന്ത്രി യു. ടി. ഖാദർ, കർണ്ണാടക പൊലീസ് മേധാവി ഓംപ്രകാശ്, വ്യവസായപ്രമുഖരായ ഗോകുലം ഗോപാലൻ, ബോബി ചെമ്മണ്ണൂർ, പോൾ ഫെർണാണ്ടസ് തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ചടങ്ങിൽ വ്യത്യസ്തമായ സാംസ്‌കാരികലാപരിപാടികൾ അവതരിപ്പിച്ചു.

2018 ഗ്ലോബൽ കോൺഫറൻസ് അമേരിക്കയിലെ ന്യൂജഴ്‌സിയിൽ വച്ച് നടത്തുവാൻ തീരുമാനിച്ചുകൊണ്ട് മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനം സമാപിച്ചു.