ഡബ്ലിൻ: വേൾഡ് മലയാളീ കൗൺസിൽ അയർലൻഡ് പ്രൊവിൻസിന്റെ ഈ വർഷത്തെ സോഷ്യൽ റെസ്‌പോൺസബലിറ്റി അവാർഡിനായി മെറിൻ ജോർജ്ജ് ഫൗണ്ടേഷൻ സ്ഥാപകനും രക്ഷാധികാരിയുമായ ഫാ. ജോർജ് തങ്കച്ചനെ തിരഞ്ഞെടുത്തു . അവാർഡ് ദാനം 2017 ഡിസംബർ 30 , ശനിയാഴ്ച , വൈകിട്ട് 6 മണിക്ക് ഡബ്‌ള്യ.എം.സി യുടെ ക്രിസ്തുമസ് പുതുവത്സരാഘോഷത്തോടൊപ്പം നടക്കുന്ന പ്രത്യേക ചടങ്ങിൽ സമ്മാനിക്കും.

2009 -ൽ സ്ഥാപിതമായ മെറിൻ ജോർജ്ജ് ഫൗണ്ടേഷന് , കേരളത്തിലും, ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും ഉള്ള അശരണനേയും രോഗികളെയും , ഭവന രഹിതരെയും മുൻകാലങ്ങളിൽ സഹായിക്കാൻ കഴിഞ്ഞിട്ടുണ്ട്. അത് കൂടാതെ ഈ വർഷം ഫൗണ്ടേഷൻ നിർമ്മിച്ചു നൽകിയ 'സ്‌നേഹവീട്' പദ്ധതിയും പരിഗണിച്ചാണ് രക്ഷാധികാരി എന്ന നിലയിൽ ഫാ. ജോർജ് തങ്കച്ചനെ അവാർഡിനായി തിരഞ്ഞെടുത്തത് .

ഫാ. ജോർജ് തങ്കച്ചൻ വികാരിയായുള്ള ഡ്രോഹഡയിലെ സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾ ഇടവകയിലെ അംഗങ്ങളുടെ സന്നദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.

കഴിഞ്ഞ വർഷം ഡബ്ല്യൂ.എം.സി അയർലൻഡ് പ്രൊവിൻസ് ഏർപ്പെടുത്തിയ ഈ അവാർഡ് ആദ്യമായി സ്വീകരിച്ചത് അസ്സീസി ചാരിറ്റബിൾ ഫൗണ്ടേഷൻ സ്ഥാപകയായ മേരി മക്ക്‌കോർമക്കായിരുന്നു.അവാർഡ് ദാന ചടങ്ങിൽ സാന്നിധ്യവും , ഫാ. ജോർജ് തങ്കച്ചന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവർത്തനങ്ങൾക്ക് പിന്തുണയും അയർലണ്ടിലെ എല്ലാ മലയാളികളോടും അഭ്യർത്ഥിക്കുന്നതായി ഡബ്ല്യൂ.എം.സി അറിയിച്ചു