വിയന്ന: യൂറോപ്പിൽ മഞ്ഞുകാലത്തിന്റെ വരവറിയിച്ച നവംബറിന്റെ ആദ്യ ദിനങ്ങളിൽ പ്രവാസ ലോകത്ത് പുതിയ മുന്നേറ്റത്തിന്റെ നിറവസന്തം വിരിയിച്ച് ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി ഫെഡറേഷന്റെ ദ്വിദിന സമ്മേളനത്തിന് വർണ്ണോജ്ജ്വല പരിസമാപ്തി. ഓസ്ട്രിയയിലെ 50 വർഷത്തെ മലയാളികുടിയേറ്റ ചരിത്രത്തിലെ ആദ്യ ലോകമഹാസമ്മേളനം കൂടിയായി മാറിയ ഡബ്ലിയു.എം.എഫ് കൺവെൻഷൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന അതിഥികളുടെ അവിസ്മരണീയമായ കൂടിക്കാഴചയ്ക്കും വേദിയായി.

സമാപനദിനത്തോട് അനുബന്ധിച്ച് നടന്ന പൊതുസമ്മേളനം കേരള നിയമസഭയുടെ സമരാധ്യനായ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പത്മശ്രീ ഭരത് സുരേഷ്‌ഗോപി എംപി മുഖ്യാതിഥിയായിരുന്ന സമ്മേളനത്തിൽ വിയന്നയിലെ ഇന്ത്യൻ മിഷന്റെ സ്ഥാനപതി രേണുപാൽ ആശംസ അറിയിച്ചു. പീറ്റർ ഫ്‌ളോറിയാൻഷുട്സ് (പ്രസിഡന്റ്, വിയന്ന സ്റ്റേറ്റ് കമ്മീഷൻ ഫോർ യൂറോപ്യൻ ആൻഡ് ഇന്റർനാഷണൽ അഫയേഴ്‌സ്), ഡോ. ക്രിസ്റ്റോഫ് മാത്സ്നെറ്റെർ (പ്രസിഡന്റ്, ഓസ്ട്രിയൻ ഫെഡറേഷൻ ഓഫ് ബിസിനസ്മെൻ), ഡോ. ഹെറാൾഡ് ട്രോഹ് (എംപി, ഓസ്ട്രിയ) എന്നിവരും സന്നിഹിതരായിരുന്നു.

ഘോഷയാത്രയായി വേദിയിലെത്തിയ വിശിഷ്ടാതിഥികളെ കൺവെൻഷൻ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, കൺവീനർ വർഗീസ് പഞ്ഞിക്കാരൻ എന്നിവർ സ്വീകരിച്ചു. തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അതിഥികളെ പ്രതിനിധികരിച്ച് ബീന തുപ്പത്തിയുടെ നേതൃത്വത്തിൽ ഭൂപ്രതിഷ്ഠയും, ദീപപ്രതിഷ്ഠയോടേയും ഔപചാരികചടങ്ങുകൾ ആരംഭിച്ചു. മിനി സ്‌ക്രീൻ താരം രാജ് കലേഷും ഗ്രേഷ്മ പള്ളിക്കുന്നേലും അവതാരകരായ സമ്മേളനത്തിൽ സംഘടനയുടെ ഗ്ലോബൽ കോർഡിനേറ്റർ പ്രിൻസ് പള്ളിക്കുന്നേൽ സ്വാഗതം ആശംസിച്ചു. തുടർന്ന് വിശിഷ്ട അതിഥികൾ ആശംസ അറിയിച്ചു സംസാരിച്ചു.

 വിവിധ മേഖലകളിൽ മികവ് പുലർത്തിയ വ്യക്തികളെ ആദരിക്കുന്ന പുരസ്‌കാര ചടങ്ങിനും സമ്മേളനം വേദിയായി. എൻ.കെ അബ്ദു റഹിമാൻ, കേരളം (സോഷ്യൽ റെസ്പോണ്സിബിലിറ്റി ആൻഡ് കോർപ്പറേറ്റീവ് ബാങ്കിങ്) അഡ്വ. മുസ്തഫ സഫീർ, ദുബായ് (ലീഗൽ ഇന്നൊവേഷൻ എക്സ്പെർട്ടീസ്), ടി. ഹാരിസ്, ലണ്ടൻ (സർവീസ് ഫോർ പ്രവാസി ഇന്ത്യൻസ്), ഡോ. അനീസ് അലി, ഖത്തർ (സർവീസ് ഇൻ മെഡിസിൻ), എസ്. ശ്രീകുമാർ (എൻ.ആർ. ഐ. മീഡിയ ഇനിഷ്യറ്റിവ്), ഫാ. സെബാസ്റ്റ്യൻ നാഴിയമ്പാറ (റൂറൽ ഡിവലപ്മെന്റ്റ്), ആർട്ടക്ക് ബിൽഡേഴ്‌സ് കേരളം, ബ്രിട്ടോ പെരേപ്പാടൻ, ഡബ്ലിൻ (യൂത്ത് ഐക്കൺ), ആഷ മാത്യു, ലണ്ടൻ (ചാരിറ്റി) എന്നിവരെ പുരസ്‌കാരം നൽകി ആദരിച്ചു.

അടുത്ത ഗ്ലോബൽ കൺവെൻഷൻ ഇന്ത്യയിലോ, ദുബായിലോ നടക്കുമെന്നും, സംഘടനയിലെ വനിതകളുടെ നേതൃത്വത്തിൽ 2018 ഡബ്ലിയു.എം.എഫ് സ്ത്രീശാക്തീകരണ വർഷമായി കണക്കാക്കി കർമ്മപരിപാടികൾ ആവിഷ്‌കരിക്കുമെന്നും കൺവെൻഷൻ കമ്മിറ്റി അറിയിച്ചു. ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സർക്കാർ തലത്തിൽ ബന്ധപ്പെട്ടു ഇടപെടേണ്ട ചില വിഷയങ്ങളിലും കൺവെൻഷൻ വേദിയിൽ ധാരണയായതായി കമ്മിറ്റി വർഗീസ് പഞ്ഞിക്കാരൻ അറിയിച്ചു.

വിയന്നയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക് ഡൽഹിയിൽ നിന്നും കൊച്ചിയിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റിന്റെ അഭാവത്തെക്കുറിച്ചു രാജ്യസഭാഅംഗം സുരേഷ് ഗോപിയെ സന്ദർശിച്ച ഡബ്ല്യൂ.എം.എഫ് ഓസ്ട്രിയ പ്രൊവിൻസ് അംഗങ്ങൾ ധരിപ്പിച്ചു. ഒരു പകലിന്റെ അധിക സമയം മൂലം എയർ ഇന്ത്യയിൽ യാത്ര ചെയ്യുന്ന മലയാളികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ച സംഘടനാ പ്രതിനിധികളോട് വിഷയത്തിൽ ഇടപെടുമെന്ന് അദ്ദേഹം സമ്മേളനത്തിൽ ഉറപ്പു നൽകി.

നിറഞ്ഞ സദസിൽ പ്രേക്ഷകരെ സംഗീതനൃത്തമാടിച്ച തൈക്കൂടം ബ്രിഡ്ജിന്റെ ലൈവ് ഷോയോട് കൂടി കൺവെൻഷന് സമാപനമായി. ക്രമീകരണങ്ങൾ ഒരുക്കിയ ഓസ്ട്രിയൻ പ്രോവിൻസിന്റെ പ്രസിഡന്റ് തോമസ് പടിഞ്ഞാറേകാലായിൽ, സെക്രട്ടറി സാബു ചക്കാലയ്ക്കൽ മറ്റു വിവിധ കമ്മിറ്റി അംഗങ്ങൾ, തൈക്കുടം ബ്രിഡ്ജിന്റെ ഷോ കോർഡിനേറ്ററായ ഘോഷ് അഞ്ചേരിൽ എന്നിവർക്ക് ഗ്ലോബൽ കോർ കമ്മിറ്റിയംഗം ഡോണി ജോർജ്ജ് നന്ദി അറിയിച്ചു.