മുട്ടിൽ: വയനാട് മുസ്‌ലിം ഓർഫനേജ് സംഘടിപ്പിച്ച പന്ത്രണ്ടാമത് സ്ത്രീധന രഹിത വിവാഹസംഗമം ഓർഫനേജ് അങ്കണത്തിൽ നടന്നു. ഹിന്ദു, മുസ്‌ലിം കുടുംബങ്ങളിൽ നിന്നുള്ള 116 യുവതീ യുവാക്കളാണ് വിവാഹിതരായത്. ഇതോടെ ഡബ്ല്യു.എം.ഒ വിവാഹസംഗമങ്ങളിലൂടെ 1628 നിർധനരെ ദാമ്പത്യത്തിലേക്ക് നയിച്ചു.

പൊതു സമ്മേളന ഉദ്ഘാടനവും നിക്കാഹ് മുഖ്യകാർമികത്വവും ഖത്തർ കെ.എം.സി.സി ചെയർമാൻ പി.എച്ച്.എസ് തങ്ങൾ നിർവഹിച്ചു. കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ ജുമാ മസ്ജിദ് ഇമാം സൈഫുദ്ദീൻ അൽ ഖാസിമി ഖുതുബ നിർവഹിച്ചു. കാളാവ് സൈതലവി ഉസ്താദ്, ഗുരു ത്യാഗീശ്വര സ്വാമികൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു. ഡബ്ല്യു.എം.ഒ പ്രസിഡണ്ട് കെ.കെ അഹ്മദ് ഹാജി അധ്യക്ഷത വഹിച്ചു. എം.എ മുഹമ്മദ് ജമാൽ സന്ദേശം നൽകി. കവി പി.കെ ഗോപി, മുഹമ്മദ് പാറക്കടവ്, സി.വി എം വാണിമേൽ, ഹമീദ് പോതിമഠത്തിൽ, മജീദ് മണിയോടൻ, അണക്കായി റസാഖ്, മൊയ്തീൻകുട്ടി പിണങ്ങോട് തുടങ്ങിയവർ പ്രസംഗിച്ചു. കെ.ടി ഹംസമുസ്ലിയാർ ഉൽബോധന പ്രസംഗം നടത്തി. ഹാഫിള് സയ്യിദ് മിഅ്‌റാജ് തങ്ങൾ, ഹുസ്‌ന ഹാഫിള എന്നിവർ ഖിറാഅത്ത് നടത്തി. ജോയിന്റ് സെക്രട്ടറിമാരായ മായൻ മണിമ സ്വാഗതവും മുഹമ്മദ് ഷാ മാസ്റ്റർ നന്ദിയും പറഞ്ഞു.

ഡബ്ല്യു.എം.ഒ ജിദ്ദ ഹോസ്റ്റലിൽ 10 ഹൈന്ദവ സഹോദരിമാർ കതിർമണ്ഡപത്തിൽ വിവാഹിതരായി. വർക്കല ഗുരുകുലാശ്രമം ഗുരു ത്വാഗീശ്വര സ്വാമികൾ മുഖ്യ കാർമികത്വം വഹിച്ചു. ഡബ്ല്യു.എം.ഒ വിവാഹസംഗമത്തിന് സത്യത്തിന്റേയും നന്മയുടെയും സൗരഭ്യമുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രശസ്ത കവി പി.കെ ഗോപി മുഖ്യ പ്രഭാഷണം നടത്തി.

കണ്ണൂർ അപൂർവാശ്രമം സ്വാമിനി പ്രേം വൈശാലി, സുജ.കെഎസ്, ഉഷകുമാരി, കെ.ടി സൂപ്പി, പി.കെ അബൂബക്കർ. ആശംസകളർപ്പിച്ച് സംസാരിച്ചു. അഡ്വ ചാത്തുക്കുട്ടി അധ്യക്ഷത വഹിച്ചു. പി.കെ ജയലക്ഷ്മി, എം.വി ശ്രേയാംസ് കുമാർ, സി.കെ ശശീന്ദ്രൻ, സദാനന്ദൻ, വിനയ കുമാർ, കെ.ഇ റഊഫ്, കുമാരൻ മാസ്റ്റർ, ചന്ദ്രൻ, നിരവധി ഉദേ്യാഗസ്ഥ പ്രമുഖർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. ഈശ്വരൻ നമ്പൂതിരി കർമങ്ങൾക്ക് നേതൃത്വം നൽകി. ട്രഷറർ പി.പി അബ്ദുൽ ഖാദർ സ്വാഗതവും വൈസ് പ്രസിഡണ്ട് എം.കെ അബൂബക്കർ ഹാജി നന്ദിയും പറഞ്ഞു.
സ്ത്രീധനമോ മറ്റോ ഉപാധികളാവാതെ വിവാഹത്തിന് തയ്യാറായ നിർധന കുടുംബങ്ങളിൽ നിന്നുള്ളവരെയാണ് സ്‌ക്രീനിങ് കമ്മിറ്റി തിരഞ്ഞെടുത്തത്. 2005ലാണ് ഡബ്ല്യു.എം.ഒ സ്ത്രീധന രഹിത വിവാഹസംഗമത്തിന് തുടക്കമിട്ടത്. ഗ്രാമപഞ്ചായത്ത്, താലൂക്ക് തുടങ്ങി വിവിധ തലങ്ങളിൽ നടന്ന കുടുംബയോഗങ്ങൾ സ്ത്രീധനത്തിനെതിരെയുള്ള വലിയ മുന്നറിയിപ്പാണ് നൽകിയത്. ആറായിരത്തിലധികം വനിതകൾ കാമ്പയിനിൽ പങ്കാളികളായിട്ടുണ്ട്. വിദേശ ഗൾഫ് നാടുകളിൽ നടന്ന സ്‌നേഹസംഗമങ്ങൾ, ബെനവലന്റ്‌സ് മീറ്റ് തുടങ്ങി വിവാഹസംഗമത്തിന്റെ ഭാഗമായി നിരവധി ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു.
വധൂവരന്മാർക്ക് വിവാഹപൂർവ കൗൺസിലിങ് പ്രമുഖ ട്രൈനർ കൂടിയായ ഡോ. എൻ.പി ഹാഫിസ് മുഹമ്മദിന്റെ നേതൃത്വത്തിൽ നൽകി.
വധുവിന് അഞ്ച് പവൻ സ്വർണ്ണാഭരണങ്ങളും വരന് ഒരു പവൻ സമ്മാനവും വിവാഹവസ്ത്രവും സദ്യയുമാണ് ഇവിടെ നൽകിയത്. ജില്ലക്കകത്തും പുറത്തു നിന്നുമുള്ള ഉദാരമതികളാണ് വിവാഹചെലവുകൾ വഹിച്ചത്. പത്ത് അനാഥരാണ് സംഗമത്തിൽ വിവാഹിതരായത്.

12 മണിക്ക് പൊതു സമ്മേളന വേദിയിൽ 48 നികാഹുകൾ നടന്നു. എല്ലാ നികാഹുകളും ഒരുമിച്ചു നടത്താൻ പറ്റുന്ന വിധത്തിലാണ് പന്തൽ സജ്ജീകരിച്ചത്. നിക്കാഹിന് പി.എച്ച്.എസ് തങ്ങൾ, കാളാവ് സൈതലവി ഉസ്താദ്, കെ.ടി ഹംസ ഉസ്താദ്, കെ.പി അഹ്മദ് കുട്ടി ഫൈസി, യൂസുഫ് നദ്‌വി , വധുവിന്റെ മഹല്ല് ഖത്തീബുമാർ എന്നിവർ നേതൃത്വം നൽകി.
സ്ത്രീകൾക്ക് വേണ്ടി നടന്ന പ്രതേ്യക ചടങ്ങുകളുടെ ഉദ്ഘാടനം ഖമറുന്നിസ അൻവർ നിർവഹിച്ചു. ബഷീറ അബൂബക്കർ അധ്യക്ഷത വഹിച്ച യോഗത്തിൽ അഡ്വ. നൂർബിന റഷീദ്, സുഹറ ശരീഫ്, ജയന്തി നടരാജൻ, നഫീസ നഫീസ അഹ്മദ് കോയ എന്നിവർ സംസാരിച്ചു. സുമയ്യ ടീച്ചർ സ്വാഗതവും രഹ്‌ന കാമിൽ നന്ദിയും പറഞ്ഞു.

ദഫും ഒപ്പനയും അറബനയും മധുര ഗീതങ്ങളുമൊക്കെയായി ഡബ്ല്യൂ.എം.ഒയിലെ മക്കൾ സജീവമായി. 7000 പേർക്കിരിക്കാവുന്ന പന്തലാണ് സ്ത്രീകൾക്ക് വേണ്ടി ഒരുക്കിയിരുന്നത്. ചടങ്ങുകൾ വീക്ഷിക്കുന്നതിനും അതിഥികളെ സ്വീകരിക്കുന്നതിനും, ഭക്ഷണം നൽകുന്നതിനും അതിവിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. ഗതാഗത നിയന്ത്രണം, രജിസ്‌ട്രേഷൻ, ഡക്കറേഷൻ, പ്രോഗ്രാം, കലാപരിപാടികൾ തുടങ്ങി 47 സബ് കമ്മിറ്റികൾ വിവാഹസംഗമത്തിന്റെ വിജയത്തിനായി യത്‌നിച്ചു. ഡബ്ല്യൂ.എം.ഒ. സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പുറമെ ജില്ലയിൽ നിന്നുള്ള ആയിരം സ്ത്രീ പുരുഷ വളണ്ടിയർമാർ സേവന നിരതരായിരുന്നു.

വിവിധ വിദേശ വെൽഫയർ കമ്മിറ്റികൾ, ഡബ്ല്യൂ.എം.ഒ പഞ്ചായത്ത് വെൽഫയർ കമ്മിറ്റി, മഹല്ല് കമ്മിറ്റികൾ തുടങ്ങി നിരവധി സംവിധാനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളാണ് വിവാഹ സംഗമങ്ങൾ വീണ്ടും സംഘടിപ്പിക്കാൻ പ്രചോദനമായത്. ഡബ്ല്യൂ.എം.ഒ യെ അനേകം കുടുംബങ്ങളുടെ ഹൃദയത്തോട് ചേർക്കാൻ കഴിഞ്ഞ പന്ത്രണ്ട് വിവാഹ സംഗമങ്ങളും കാരണമായിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു. വിവിധ മതവിഭാഗങ്ങൾ ഒത്തുകൂടുന്ന ഡബ്ല്യൂ.എം.ഒ വിവാഹച്ചടങ്ങ് മതമൈത്രിയുടെയും സ്‌നേഹസംഗമത്തിന്റെയും വേദിയായി പങ്കെടുത്തവർക്ക് അനുഭവപ്പെട്ടു.
ഡബ്ല്യു.എം.ഒ വിദ്യാർത്ഥികൾ, കഴിഞ്ഞ വിവാഹസംഗമങ്ങളിൽ വിവാഹിതരായ വധൂവരന്മാർ, അവരുടെ കുടുംബങ്ങൾ, ഈ വർഷത്തെ വധൂവരന്മാരുടെ കുടുംബങ്ങൾ, വിവിധ കമ്മിറ്റി പ്രതിനിധികൾ, പ്രവർത്തകർ തുടങ്ങി ഡബ്ല്യു.എം.ഒയെ സ്‌നേഹിക്കുന്ന ഇരുപതിനായിരത്തോളം പേർ പങ്കെടുത്തു.