കൊല്ലം: കുണ്ടറ പീഡന പരാതി ഒതുക്കി തീർക്കാൻ മന്ത്രി എ.കെ ശശീന്ദ്രൻ ഇടപെട്ടെന്ന സംഭവത്തിൽ എൻസിപിയിൽ കൂട്ട നടപടി. എട്ട് പേരെ പാർട്ടി നേതൃത്വത്തിൽ നിന്നും പുറത്താക്കി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് പുറത്താക്കൽ. പരാതി നൽകിയ പെൺകുട്ടിയുടെ അച്ഛനും ആരോപണ വിധേയരായ ജി പത്മാകരൻ, രാജീവ് എന്നീ രണ്ട് നേതാക്കളും പുറത്താക്കിയവരിൽ ഉൾപ്പെടുന്നു.

ആറര വർഷത്തെയ്ക്കാണ് നടപടി. കൊല്ലത്തു നിന്നുള്ള സംസ്ഥാന സിമിതി അംഗം പ്രദീപും പാർട്ടിക്ക് പുറത്തായി. മന്ത്രി ശശീന്ദ്രൻ ഇടപെട്ടത് പ്രദീപ് പറഞ്ഞത് പ്രകാരമായിരുന്നു. ജയൻ പുത്തൻ പുരക്കൽ (എറണാകുളം), എസ് വി അബ്ദുൾ സലീം (കോഴിക്കോട് ), ബിജു ബി. (കൊല്ലം), ഹണി വിറ്റോ (തൃശൂർ) എന്നിവരെയും പുറത്താക്കി. ശശീന്ദ്രൻ വിഷയത്തിൽ നേതൃത്വത്തെ വിമർശിച്ചവരാണ് ഈ നേതാക്കൾ.

എന്നാൽ കേസ് ഒത്തുതീർപ്പാക്കാൻ മന്ത്രി ശ്രമിച്ചതിൽ പാർട്ടി അന്വേഷണ സമിതി ക്ലീൻ ചിറ്റ് നൽകിയിരിക്കുകയാണ്. പാർട്ടിയിലെ പ്രശ്നം എന്ന നിലയിൽ മാത്രമാണ് മന്ത്രി ആരോപണം ഉന്നയിച്ച യുവതിയുടെ പിതാവിനെ വിളിച്ചതെന്നാണ് അന്വേഷണ സമിതിയുടെ കണ്ടെത്തൽ.

എൻസിപി സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജി. പത്മാകരനെതിരായ യുവതിയുടെ പരാതിയിലായിരുന്നു മന്ത്രിയുടെ ഇടപെടൽ. പത്മാകരൻ തന്നെ കുണ്ടറ മുക്കടയിലെ കടയിലേക്കു വിളിച്ചു കയറ്റി കയ്യിൽ കയറിപ്പിടിച്ചെന്നാണു കുണ്ടറ പൊലീസിൽ യുവമോർച്ച മണ്ഡലം കമ്മിറ്റിയംഗം കൂടിയായ യുവതി ജൂൺ 26 നു നൽകിയ പരാതി. തദ്ദേശ തിരഞ്ഞെടുപ്പു വേളയിലാണു യുവതി ബിജെപിയിൽ ചേർന്നത്.

കഴിഞ്ഞ മാർച്ചിലാണ് മന്ത്രിയുടെ വിവാദ ഫോൺ കോളിന് ആസ്പദമായ സംഭവം നടക്കുന്നത്. എൻ.സി.പി നേതാവിനെതിരായ പരാതിയിൽ മന്ത്രി എകെ ശശീന്ദ്രൻ വിഷയത്തിൽ ഇടപെടുകയായിരുന്നു. പീഡനപരാതി നൽകിയ യുവതിയുടെ പിതാവിനെ വിളിച്ചായിരുന്നു മന്ത്രിയുടെ ഒത്തുതീർപ്പ് ശ്രമം. ഇതിന്റെ ശബ്ദരേഖ പെൺകുട്ടി പുറത്തുവിട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഉയർന്നത്.

ഉത്തരവാദിത്വപ്പെട്ട പദവിയിലിരിക്കേ പരാതി ഒത്തുതീർപ്പാക്കാൻ ഇടപെട്ടത് അധികാര ദുർവിനിയോഗമാണെന്നടക്കം വിമർശനങ്ങൾ ഉയർന്നിരുന്നു. ശശീന്ദ്രൻ സ്വജനപക്ഷപാതം, സത്യപ്രതിജ്ഞാ ലംഘനം എന്നിവ നടത്തി. അതിനാൽ മന്ത്രിയായി തുടരാൻ അവകാശമില്ലെന്നടക്കമുള്ള ആക്ഷേപവും ഉയർന്നിരുന്നു. എന്നാൽ മന്ത്രിയെ സംരക്ഷിക്കുന്ന തരത്തുള്ള പൊലീസ് ഇടപെടലാണ് പിന്നീട് കാണാനായത്.