ഫുക്കറ്റ്: ഒരു കിലോഗ്രാമിലേറെ കൊക്കെയ്ൻ കൊച്ചു പാക്കറ്റുകളിലാക്കി വിഴുങ്ങി കടത്താൻ വിമാനത്താവളത്തിലെത്തിയ യുവതി അറസ്റ്റിൽ. ആഫ്രിക്കൻ രാഷ്യമായ ഐവറി കോസ്റ്റ് സ്വദേശിയായ യുവതിയാണ് തായ് ദ്വീപായ ഫുക്കറ്റിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായത്. 27 കാരിയായ യുവതിയിൽ അസ്വസ്ഥത കണ്ടതോടെയായിരുന്നു പരിശോധന. എക്‌സ്‌റെ പരിശോധനയിൽ ഇവരുടെ വയറ്റിൽ കൊച്ചു പാക്കറ്റുകൾ കണ്ടെത്തി.

ഇതേതുടർന്ന് ഇവരെ കൂടുതൽ പരിശോധനയ്ക്കു വിധേയയാക്കുകയായിരുന്നു. 60 ചെറിയ പാക്കറ്റുകളായിരുന്നു ഇവരുടെ വയറ്റിലുണ്ടായിരുന്നത്. ബാങ്കോക്കിലെ സമ്പന്നർക്കുവേണ്ടി കടത്തുകയായിരുന്നു മയക്കുമരുന്ന്. ഇക്കാര്യം തായ്‌ലാൻഡ് നാർകോട്ടിക്‌സ് കണ്ട്രോൾ ബോർഡ് സെക്രട്ടറി ജനറൽ സിരിന്യ സിദ്ദിച്ചായ് അറിയിച്ചു.

ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽനിന്നുള്ള സ്ത്രീകളെ ഇത്തരത്തിൽ മയക്കുമരുന്ന് കടത്തിനായി ലഹരി മാഫിയ സംഘങ്ങൾ ഉപയോഗിക്കുന്നത് അടുത്തിടെ ഏറെ വർധിച്ചിട്ടുണ്ടെന്ന് തായ്‌ലൻഡ് ലഹരിമരുന്ന് വിരുദ്ധ സംഘത്തലവൻ എഎഫ്‌പിയോടു പറഞ്ഞു. 1.2 കിലോഗ്രാം കൊക്കെയ്ൻ ആണ് വ്ിഴുങ്ങി കടത്താൻ ശ്രമിച്ചത്.

ഇതിൽ ഒരു പാക്കറ്റെങ്കിലും ശരീരത്തിന് അകത്തുവച്ച് പൊട്ടിയിരുന്നെങ്കിൽ യുവതിക്ക് ജീവാപായം സംഭവിച്ചേനേ. ഇത്തരത്തിൽ പാവപ്പെട്ട യുവതികളെ ഉപയോഗിച്ച് വൻതോതിലാണ് മയക്കുമരുന്ന് കടത്തൽ നടക്കുന്നത്. എന്നാൽ ഇടനിലക്കാർ ഒഴികെ ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന വൻകിടക്കാർ രക്ഷപ്പെടുകയാണ് പതിവ്. ആഫ്രിക്കൻ രാജ്യങ്ങളിലെ ദാരിദ്ര്യം ചൂഷണം ചെയ്താണ് പാവപ്പെട്ടവരെ ഇത്തരത്തിൽ മയക്കുമരുന്ന് കടത്തിന് ഉപയോഗിക്കുന്നത്.