പാരീസിൽ വെള്ളിയാഴ്ച ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നടത്തിയ ആക്രണങ്ങളെ തുടർന്ന് 129 പേർ മരിക്കുകയും 350ൽ അധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതിന്റെ പേരിൽ ലോകമാകമാനം കടുത്ത പ്രതിഷേധങ്ങളും സഹതാപപ്രകടനങ്ങളും അരങ്ങ് തകർക്കുകയാണല്ലോ..? പലരും വ്യത്യസ്തമായ രീതിയിൽ പ്രതികരിക്കാൻ മത്സരിക്കുന്നതായും കാണാം. പലരും ഇസ്ലാമോഫോബിയ ബാധിച്ച വിധത്തിലാണ് അന്ധമായി പ്രതികരിച്ച് കൊണ്ടിരിക്കുന്ന്. സോഷ്യൽ മീഡിയകളിൽ ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകൾ അനുനിമിഷം പിറന്ന് വീണു കൊണ്ടിരിക്കുന്നുമുണ്ട്. ഇത്തരമൊരു പോസ്റ്റിട്ടതിന്റെ പേരിൽ പുലിവാൽ പിടിച്ചിരിക്കുകയാണ് ഓക്‌സ്‌ഫോർഡ് ഷെയറിലെ 43കാരിയിപ്പോൾ. പാരീസ് ആക്രമണത്തോടെ തന്റെ ബ്യൂട്ടി സലൂണിൽ മുസ്ലീങ്ങൾക്ക് പ്രവേശനം നിരോധിച്ച് കൊണ്ടുള്ള പോസ്റ്റ് ഫേസ്‌ബുക്കിലിട്ടതിനെ തുടർന്ന് ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രാദേശികമായി ഏപ്രിൽ മേജർ എന്നാണീ സ്ത്രീ അറിയപ്പെടുന്നത്.

ഓക്‌സ്‌ഫോർഡ് ഷെയറിലെ ബൈസെസ്റ്ററിൽ താൻ നടത്തുന്ന ബ്യൂട്ടിസലൂണിലാണിവർ മുസ്ലീങ്ങളെ വിലക്കിയിരിക്കുന്നത്.ആക്രമണത്തെ തുടർന്ന് ഇനി മുസ്ലിം വിശ്വാസികളിൽ നിന്നുള്ള ബുക്കിംഗുകൾ സ്വീകരിക്കുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു ഇവർ ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നത്.വേണ്ടത്ര രേഖകളോടെ യുകെയിൽ കഴിയുന്നവരാണെങ്കിലും താൻ മുസ്ലീങ്ങളെ ഇനിമുതൽ ഒഴിവാക്കുകയാണെന്നായിരുന്നു ഇവരുടെ നിലപാട്. വിവാദപരവും വംശീയവിദ്വേഷം നിറയുന്നതുമായ ഈ പോസ്റ്റിനെ തുടർന്ന് തെംസ് വാലി പൊലീസാണ് ഇന്നലെ ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഈ പോസ്റ്റിനെക്കുറിച്ച് നിരവധി പരാതികൾ ലഭിച്ചതിനെത്തുടർന്നായിരുന്നു പൊലീസ് നടപടി.

തുടർന്ന് നവംബർ 30 വരെ ഇവരെ ജാമ്യത്തിൽ പുറത്ത് വിട്ടിരിക്കുകയാണ്. ഈ പോസ്റ്റിനെച്ചൊല്ലി ഓൺലൈനിൽ കടുത്ത വിമർശനങ്ങളും ചൂടൻ ചർച്ചകളുമാണ് അരങ്ങേറിയിരുന്നത്. ഇത് വംശീയവിദ്വേഷം വമിപ്പിക്കുന്ന പോസ്റ്റാണെന്നായിരുന്നു നിരവധി സോഷ്യൽമീഡിയ യൂസർമാർ ആരോപിച്ചത്. ഇവരെ അറസ്റ്റ് ചെയ്തതിൽ പലരും ആശ്വാസം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.സോഷ്യൽ മീഡിയയിൽ വംശീയ വിദ്വേഷം വർധിപ്പിക്കുന്നതും പ്രകോപനപരവുമായ പോസ്റ്റിട്ടതിന് 43 കാരിയെ ബൈസെസ്റ്ററിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും നിരധി പരാതികൾ പോസ്റ്റിനെച്ചൊല്ലി ലഭിച്ചതിന്റെ പേരിലായിരുന്നു അറസ്റ്റെന്നും തെംസ് വാലി പൊലീസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

പബ്ലിക്ക് ഓർഡർ ആക്ടിന്റെ സെക്ഷൻ 19 പ്രകാരമാണ് സ്ത്രീയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വംശീയ വിദ്വേഷത്തോടെ എഴുതിയ കാര്യങ്ങൾ പ്രദർശിപ്പിക്കുന്നതും നീചമായ രീതിയിലുള്ള ആശയവിനിമയം തടയുന്നതിനും വേണ്ടിയുള്ള വകുപ്പാണിത്. ഇവരുടെ പോസ്റ്റിനെക്കുറിച്ചുള്ള പരാതികളെ ഗൗരവത്തോടെയാണ് സമീപിക്കുന്നതെന്നും ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.ഇത്തരത്തിൽ വംശീയമായി അധിക്ഷേപിക്കുന്ന കുറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ 101 എന്ന നമ്പറിൽ അറിയിക്കണമെന്നും തെംസ് വാലി പൊലീസ് നിഷ്‌കർഷിക്കുന്നു.