ലണ്ടൻ:ചരിത്രപ്രധാനമായ ഒരു നിയോഗവുമായി ചർച്ച് ഓഫ് ഇംഗ്ലണ്ട്. നൂറ്റാണ്ടുകളായി നില നിന്നിരുന്ന കീഴ് വഴക്കത്തിന് വഴിമാറി വനിതാ ബിഷപ്പുമാരെ നിയമിക്കാൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചു. സെൻട്രൽ ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റേഴ്‌സ് ചർച്ച് ഹൗസിൽ ചേർന്ന ജനറൽ സിനഡിലാണ് വനിതാ ബിഷപ്പുമാരെ നിയമിക്കാനുള്ള അന്തിമ തീരുമാനമായത്. ഒക്ടോബറിൽ യുകെ പാർലമെന്റ് ഇതുസംബന്ധിച്ച് നിയമം പാസാക്കിയിരുന്നു.

ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ നിയമനിർമ്മാണ സമിതിയായ ജനറൽ സിനഡ് അന്തിമ തീരുമാനം കൈക്കൊണ്ടതോടെ അടുത്ത വർഷം ആദ്യം സഭയുടെ ആദ്യ വനിതാ ബിഷപ്പിനെ നിയമിക്കും. 1994 മുതൽ വനിതാ വൈദികർ സഭയിലുണ്ടെങ്കിലും സഭയുടെ സീനിയർ റോളുകൾ കൈകാര്യം ചെയ്യാൻ വനിതാ വൈദികരെ അനുവദിച്ചിരുന്നില്ല.

വനിതാ ബിഷപ്പുമാരെ നിയമിക്കാൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് തീരുമാനിച്ചെങ്കിലും ആംഗ്ലിക്കൻ സഭയിൽ ഇതു സംബന്ധിച്ച് ഭിന്ന അഭിപ്രായം ഇപ്പോഴും നിലവിലുണ്ട്. മുമ്പ് 2012-ൽ വനിതാ ബിഷപ്പുമാരെ നിയമിക്കുന്നതു സംബന്ധിച്ച് അഭിപ്രായം ഉരുത്തിരിഞ്ഞിരുന്നെങ്കിലും അന്ന് ജനറൽ സിനഡിൽ ആറു വോട്ടുകൾക്ക് തീരുമാനം കൈക്കൊള്ളാൻ സാധിക്കാതെ പിരിയുകയായിരുന്നു.

സഭയിൽ വനിതാപ്രാതിനിധ്യം ശക്തമാക്കുന്നതിനായി വർഷങ്ങളായി പ്രയത്‌നിച്ചവർ സഭയുടെ ധീരമായ ഈ തീരുമാനത്തെ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ആർച്ച് ബിഷപ്പ് ഓഫ് കാന്റർബറി ജസ്റ്റിൻ വെൽബിയും സഭയുടെ ധീരമായ നടപടിയെ പ്രശംസിക്കുകയായിരുന്നു.ഇപ്പോൾ 1781 വനിതാ വൈദികർ ചർച്ച് ഓഫ് ഇംഗ്ലണ്ടിലുണ്ട്. ലോകമെമ്പാടും 29 ആംഗ്ലിക്കൻ വനിതാ ബിഷപ്പുമാരുണ്ടെന്നാണ് കണക്ക്. ഓക്‌സ്‌ഫോർഡ്, ഗ്ലോസസ്റ്റർ, ന്യൂകാസിൽ, സൗത്ത് വെൽ, നോട്ടിങ്ഹാം തുടങ്ങിയ രൂപതകളിലായിരിക്കും ഉടൻ തന്നെ വനിതാ ബിഷപ്പുമാരെ നിയമിക്കുക.