ന്യൂഡൽഹി: വിവാഹ ബന്ധം വേർപിരിയലിൽ എത്തിയപ്പോൾ ഭർത്താവിന് സുപ്രീം കോടതി വിധിച്ചത് ഒരു കോടി നൽകാൻ. ദാമ്പത്യ ജീവിതം തുടരാൻ താൽപര്യമില്ലെന്നും താൻ ഭർത്താവിന് നൽകിയ പണം തിരികെ തന്നാൽ മതിയെന്നും ആവശ്യപ്പെട്ട യുവതിക്ക് അനുകൂലമായാണ് കോടതി വിധിച്ചത്. തമ്മിലുള്ള തർക്കങ്ങൾ തീർക്കാൻ തയാറാണെന്ന് ഭർത്താവ് പറഞ്ഞിരുന്നു. എന്നാൽ തനിക്ക് ഭർത്താവിനെ വേണ്ടെന്നും പണം മാത്രം മതിയെന്നുമാണ് ഭാര്യ കോടതിയിൽ ആവശ്യപ്പെട്ടത്.

ഇതോടെ 16 മാസം കൊണ്ട് നാലു ഗഡുക്കളായി ഒരു കോടി രൂപ ഭർത്താവ് നൽകണമെന്ന് കോടതി വിധിച്ചു.ജസ്റ്റിസ് കുര്യൻ ജോസഫ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേ സമയം ഭാര്യയും ഭർത്താവുമായി ജീവിക്കാൻ ഇനി ആവില്ലെന്നു ഭർത്താവും കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ഇത്തരമൊരു സാഹചര്യത്തിൽ എന്തിനാണ് തർക്കവുമായി മുന്നോട്ട് പോകുന്നതെന്ന് ചോദിച്ച കോടതി പണം മാത്രമാണ് പ്രശ്നമെന്നുണ്ടെങ്കിൽ മറ്റു കോടതികളിലുള്ള ഇതുമായി ബന്ധപ്പെട്ട കേസും തീർപ്പാക്കാൻ ആവശ്യപ്പെട്ടു.

ഭർത്താവും ബന്ധുക്കളും നിർബന്ധിച്ച് സ്ത്രീധന തുക കൈക്കലാക്കുകയും പിന്നീട് തന്നോട് ക്രൂരമായ പെരുമാറ്റം നടത്തുകയും ചെയ്തു.വിവാഹമോചന പത്രത്തിൽ ബലംപ്രയോഗിച്ചാണ് ഒപ്പീടിപ്പിച്ചതെന്നും യുവതി പറഞ്ഞു. ഡൽഹി, ഫരീദാബാദ് കോടതികളിൽ ഇതുമായി ബന്ധപ്പെട്ട കേസുകൾ ഇരുവരും നൽകിയിട്ടുണ്ട്. 1.25 കോടിയാണ് യുവതി ആവശ്യപ്പെട്ടിരുന്നതെങ്കിലും ഒരു കോടിയിൽ തീർപ്പ് കൽപ്പിക്കുകയായിരുന്നു.