ചെന്നൈ: സോഫ്റ്റ്‌വെയർ എൻജിനിയറായ 27കാരി പൊള്ളലേറ്റ് മരിച്ചത് വീടിനുള്ളിലെ ഉറുമ്പിന്റെ കൂടിന് തീയിടുന്നതിനിടെ. ചെന്നൈയിലെ അമിൻജികരെയിൽ പെരുമാൾ കോവിൽസ്ട്രീറ്റിൽ സം​ഗീത എന്ന യുവതിയാണ് പൊള്ളലേറ്റ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരണപ്പെട്ടു. ഷോളിംഗനല്ലൂരിലെ ഒരു ഐ.ടി കമ്പനിയിലെ ഉദ്യോഗസ്ഥയായ സംഗീത കോവിഡ് പശ്ചാത്തലത്തിൽ വർക്ക് അറ്റ് ഹോം ആയി ജോലി ചെയ്യുകയായിരുന്നു.

ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. തന്റെ മുറി വൃത്തിയാക്കുന്നതിനിടെയാണ് ഉറുമ്പ് കൂടുകൂട്ടിയ നിലയിൽ സംഗീത കണ്ടെത്തിയത്. തുടർന്ന് അമ്മയുടെ നിർദ്ദേശ പ്രകാരം അല്പം മണ്ണെണ്ണ ഒഴിച്ച് കൂടിനുള്ളിലേക്ക് തീവച്ച് ഉറുമ്പുകളെ കൊല്ലാൻ നോക്കി. തീവച്ചതോടെ ഉറുമ്പുകൾ കൂടിനുള്ളിൽ നിന്നും പുറത്തേക്ക് ചിതറി ഇഴ‌‌ഞ്ഞു. സംഗീതയുടെ കാലുകളിലേക്കും ഇവ ഇഴഞ്ഞു കയറി.ഉറുമ്പുകളെ തട്ടിമാറ്റാൻ ശ്രമിക്കുന്നതിനിടെ സംഗീതയുടെ കൈയിലിരുന്ന കുപ്പിയിൽ നിന്നും മണ്ണെണ്ണ തീയിലേക്ക് വീണു. സംഗീതയുടെ പോളിസ്‌റ്റർ വസ്ത്രത്തിലേക്ക് തീ പടർന്നു. ഇതിനിടെ സംഗീതയുടെ കൈയിൽ നിന്നും മണ്ണെണ്ണ കുപ്പി താഴേക്ക് പതിച്ചു. നിമിഷനേരം കൊണ്ട് സംഗീത പൂർണമായും തീയിൽ അകപ്പെടുകയായിരുന്നു.

സംഗീതയുടെ നിലവിളി കേട്ട് പുറത്തു നിന്നും ഓടിയെത്തിയ അച്ഛനും അയൽവാസികളും ചേർന്ന് വളരെ ബുദ്ധിമുട്ടിയാണ് തീകെടുത്തിയത്. സംഗീതയുടെ അമ്മയ്ക്കും പൊള്ളലേറ്റിരുന്നു. ഉടൻ തന്നെ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. സംഗീത ഞായറാഴ്ച പുലർച്ചെയോടെ മരണത്തിന് കീഴടങ്ങി. അമ്മയുടെ നില ഗുരുതരമല്ല. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഡ്രൈവർ ആയിരുന്ന സംഗീതയുടെ അച്ഛന് ജോലി നഷ്ടപ്പെട്ടിരുന്നു. അമ്മയും അച്ഛനും വിദ്യാർത്ഥിയായ സഹോദരനും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സംഗീത.