- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാനഡയിൽ വെച്ച് ഇരയായത് ക്രൂരപീഡനത്തിന്; ആരോഗ്യസ്ഥിതി വഷളായതോടെ നാട്ടിലെത്തിച്ച് കടന്നുകളഞ്ഞു; ഭർത്താവിനെതിരെ പരാതിയുമായി യുവതി
ചോറ്റാനിക്കര: കാനഡയിൽ വെച്ച് ഭർത്താവിന്റെ നിരന്തരമായ പീഡനത്തെ തുടർന്ന് അവശനിലയിലായ യുവതി പോലീസിലും വനിതാ കമ്മീഷനിലും പരാതി നൽകി. ചോറ്റാനിക്കര അമ്പാടിമല സ്വദേശിയായ സുരേഷിന്റെ മകൾ ശ്രുതിയാണ് ഭർത്താവിന്റെയും വീട്ടുകാരുടെയും ക്രൂരമായ പീഡനത്തിന് ഇരയായത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഭർത്താവ് നാട്ടിലെത്തിച്ച യുവതി ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് യുവതി ചോറ്റാനിക്കര പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
2018-ലായിരുന്നു കൊടുങ്ങല്ലൂർ കൊമ്പാത്തുകടവ് കണ്ണാടിപ്പറമ്പിൽ ശ്രീകാന്ത് മേനോൻ ശ്രുതിയെ വിവാഹം ചെയ്തത്. വിവാഹശേഷം ഇയാൾ ജോലി ചെയ്തിരുന്ന കാനഡയിലേക്ക് യുവതിയെ കൂട്ടികൊണ്ടുപോയി. അവിടെ വച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നതായും നിർബന്ധിച്ച് ലഹരി മരുന്നുകൾ കഴിപ്പിച്ചിരുന്നതായും യുവതിയുടെ പരാതിയിൽ പറയുന്നു.
നിരവധി തവണ യുവതിയുടെ വീട്ടുകാരിൽനിന്നും ഇയാൾ പണം കൈപ്പറ്റിയിരുന്നതായും വിവാഹ സമ്മാനമായി നൽകിയ 75 പവൻ സ്വർണാഭരണങ്ങളും വിറ്റുവെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. യുവതിയുടെ വായിൽ ഡ്രാനോ എന്ന രാസവസ്തു ഒഴിച്ചതിനെ തുടർന്ന് ശരീരമാസകലം പൊള്ളുകയും ആന്തരികാവയവങ്ങൾക്ക് ക്ഷതമേൽക്കുകയും ചെയ്തിട്ടുണ്ട്. ട്യൂബിലൂടെ ഭക്ഷണം കഴിക്കുന്ന യുവതി സംസാരിക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.
കാനഡയിൽനിന്നും നാട്ടിലെത്തിച്ച യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭർത്താവ് തന്നെയാണ് യുവതിയെ നാട്ടിലെത്തിച്ചത്. പെൺകുട്ടിയെ മാതാപിതാക്കളെ ഏൽപ്പിച്ച് പോയ ഭർത്താവ് പിന്നീട് ഒരിക്കൽ പോലും ബന്ധപ്പെട്ടിട്ടില്ലെന്ന് മാതാപിതാക്കൾ ആരോപിച്ചു. അതേസമയം വിവാഹമോചനം ആവശ്യപ്പെട്ട് ശ്രീകാന്ത് കോടതിയെ സമീപിച്ചിരിക്കുകയാണെന്ന് പിതാവ് സുരേഷ് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ