ചേലേമ്പ്ര (മലപ്പുറം): ആർടിപിസിആർ പരിശോധനയ്ക്ക് വിധേയയാകാത്ത വനിതയ്ക്ക് കോവിഡ് പോസിറ്റീവ് ആണെന്ന റിപ്പോർട്ട് പുറത്തുവന്നത് വിവാദത്തിൽ. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ചേലേമ്പ്രയിൽ പ്രതിഷേധവുമായി സിപിഎം രംഗത്തെത്തി. യഥാർഥ കോവിഡ് രോഗി നെഗറ്റീവ് ഫലം ലഭിച്ചതനുസരിച്ച് കറങ്ങി നടന്നെന്നും ആക്ഷേപം ഉയർന്നു.

മാലപ്പറമ്പിൽ ജൂലൈ 22ന് നടത്തിയ ആർടിപിസിആർ പരിശോധനയുടെ ഫലം 25ന് രാത്രി പുറത്തു വന്നതിനെ തുടർന്നാണ് വിവാദം. വനിത ആർടിപിസിആർ പരിശോധനയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, ടോക്കൺ വാങ്ങുകയോ പരിശോധനയ്ക്ക് എത്തുകയോ ചെയ്തില്ല. എന്നാൽ, മറ്റൊരാൾ കൈപ്പറ്റിയത് ആ ടോക്കണാണ്.

തിരക്കിനിടെ പേര് പരിശോധിക്കാതെ ടോക്കൺ നൽകുകയും ചെയ്തു. അതാണ് പ്രശ്‌നത്തിന് ഇടയാക്കിയത്. വീഴ്ച ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ആർടിപിസിആർ പരിശോധന നടത്തിയെന്നും അതിന്റെ ഫലം വന്നിട്ടില്ലെന്നുമാണ് അധികൃതരുടെ നിലപാട്. അപാകതയെ തുടർന്ന് ജാഗ്രത ശക്തമാക്കിയതായി അധികൃതർ വ്യക്തമാക്കി.