ന്യൂയോർക്ക്: പെയ് ഷിയാ ചെൻ എന്ന യുവതി ഒരു സ്വപ്‌ന സാക്ഷാത്കാരത്തിന്റെ നിർവൃതിയിലാണ്. താൻ ഏറെ സ്‌നേഹിച്ചിരുന്ന തന്റെ ഭർത്താവിന്റെ കുഞ്ഞിന് അദ്ദേഹത്തിന്റെ മരണത്തിന് മൂന്നു വർഷങ്ങൾക്കിപ്പുറം ജന്മം കൊടുക്കാനായതാണ് പെയ് ഷിയാ ചിന്നിനെ ആഹ്‌ളാദവതിയാക്കുന്നത്.

തന്റെ ഭർത്താവിന്റെ മരണ ദിവസം ഈ യുവതി ആലോചിച്ചത് മരിച്ചു പോയ ഭർത്താവിൽ എന്നെങ്കിലും തനിക്ക് ഒരു കുഞ്ഞിനെ ഗർഭം ധരിക്കാനാവുമോ എന്നാണ്. ഭർത്താവിനെ അഗാധമായി സ്നേഹിച്ച ആ സ്ത്രീയുടെ ആഗ്രഹത്തെ പ്രാവർത്തികമാക്കാൻ ശാസ്ത്രലോകം മുൻകൈയെടുത്തതോടെയാണ് ആ സ്വപ്‌നം യാഥാർത്ഥ്യമായത്. അങ്ങനെ മൂന്ന് വർഷങ്ങൾക്കു ശേഷം ആ പൊലീസുദ്യോഗസ്ഥന്റെ ജീവന്റെ ഒരംശം തന്റെ ഭാര്യയുടെ ഗർഭപാത്രത്തിലൂടെ ന്യൂയോർക്ക് പ്രെസ്ബിറ്റേറിയൻ ആശുപത്രിയിൽ പിറവി കൊണ്ടു.

ചെന്നിന്റെ അഭ്യർത്ഥനയെ തുടർന്ന് ശവസംസ്‌കാരത്തിനു മുമ്പ് ലിയുവിന്റെ ബീജം ശേഖരിച്ചിരുന്നു. കൃത്രിമ ബീജസങ്കലനം നടത്തി ഒത്തിരി തവണ പരാജയപ്പെട്ടെങ്കിലും ചെൻ പിൻവാങ്ങിയില്ല. മാത്രമല്ല പരാജയപ്പെട്ട കഥകൾ ലിയുവിന്റെ മാതാപിതാക്കളെ ചെൻ അറിയിച്ചതേയില്ല. ഒടുവിൽ ആഞ്ജലീന ജനിച്ചപ്പോഴാണ് ആ സന്തോഷ വാർത്ത ഇരുവരും അറിയുന്നത്. ആശുപത്രിയിൽ പേരക്കുഞ്ഞിനെ കാണാൻ വന്ന ഇരുവർക്കും കരച്ചിലടക്കാൻ സാധിച്ചില്ല. നെഞ്ചോട് ചേർത്ത് വിതുമ്പിക്കൊണ്ടാണ് അവർ തങ്ങളുടെ കൊച്ചു മകളെ വരവേറ്റത്. മകൾക്ക് ഒരുമാസം തികയുമ്പോൾ ലിയുവിന്റെ കുഴിമാടത്തിനരികിൽ ചെന്ന് 'ലിയൂ ഇതാ നിന്റെ മകൾ' എന്ന് പറയാനായി കാത്തിരിക്കുകയാണ് ചെൻ.

2014 ഡിസംബറിലാണ് ന്യൂയോർക്ക് സിറ്റി പൊലീസ് ഉദ്യോഗസ്ഥരായിരുന്ന വെൻജിയൻ ലിയുവും റാഫേൽ റാമോസും പട്രോളിങ്ങിനിടെ അപ്രതീക്ഷിത ആക്രമണത്തിൽ കൊല്ലപ്പെടുന്നത്. ഡ്യൂട്ടിക്കിടെ ന്യൂയോർക്കിൽ കൊല്ലപ്പെടുന്ന ആദ്യത്തെ ഏഷ്യൻ അമേരിക്കൻ പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ലിയു.'അദ്ദേഹം ഞങ്ങളെ വിട്ടു പോയെങ്കിലും ഇന്നും ഞങ്ങളോടൊപ്പമുണ്ടെന്ന് കരുതുന്നു' എന്നാണ് ലിയുവിന്റെ ശവസംസ്‌കാര ചടങ്ങനിടെ ഭാര്യ ചെൻ പറഞ്ഞത്. ആ വാക്കുകൾ ഇന്ന് യാഥാർഥ്യമായിരിക്കുന്നു.

അദ്ദേഹത്തിന്റെ ജീവന്റെ ഒരംശമാണ് ഇന്ന് ചെന്നിന്റെ നെഞ്ചോട് ചേർന്നു കിടക്കുന്ന പൊന്നോമന മകൾ ആഞ്ചലീന.1994ൽ 12 വയസ്സ് പ്രായമുള്ളപ്പോഴാണ് ലിയുവും അച്ഛനും അമ്മയും ചൈനയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറുന്നത്. ഇവരുടെ ഏകമകനായിരുന്നു ലിയു. ഏക മകൻ നഷ്ടപ്പെട്ട ദുഃഖത്തോടൊപ്പം തങ്ങളുടെ വംശമാകെ നിലച്ചു പോയ ദുഃഖത്തിലായിരുന്നു ആ അച്ഛനമ്മമാർ. ആ ദുഃഖമാണ് ചെന്നിന്റെ നിശ്ചയ ദാർഢ്യത്തിലൂടെ ഇല്ലാതായിരിക്കുന്നത്.