ഷിക്കാഗോ: വെടിയുണ്ടയെ തടയാൻ എൻസൈക്‌ളോപീഡിയക്ക് കഴിവുണ്ടോയെന്ന് പരീക്ഷിച്ച് ആ വീഡിയോ യൂട്യൂബിൽ നൽകി പബ്‌ളിസിറ്റി നേടാനുള്ള ശ്രമം വിനയായി. കാമുകൻ കൊല്ലപ്പെട്ട സംഭവത്തിൽ യുവതിക്ക് തടവുശിക്ഷ നൽകി അമേരിക്കൻ കോടതി. ചീറിപ്പായുന്ന വെടിയുണ്ട എൻസൈക്ലോപീഡിയ ബുക്ക് കൊണ്ട് തടയുന്ന സാഹസിക പ്രകടനം ഷൂട്ട് ചെയ്യുന്നതിനിടെ യുവാവ് വെടിയേറ്റ് മരിക്കുകയായിരുന്നു. അമേരിക്കയിലെ മിനിസോട്ടയിലെ കോടതി, യുവാവിന് നേർക്ക് വെടിയുതിർത്ത കാമുകി മൊണാലിസ പെരെസിന് ആറു മാസത്തെ തടവാണ് വിധിച്ചത്.

തടിയൻ എൻസൈക്ലോപീഡിയയുടെ കരുത്തിൽ വിശ്വസിച്ചാണ് പാഞ്ഞുവരുന്ന വെടിയുണ്ട ബുക്ക് കൊണ്ട് തടയുന്നത് ഷൂട്ട് ചെയ്ത് യൂ ട്യൂബിൽ പോസ്റ്റ് ചെയ്യാൻ പെട്രോ റൂയിസും പ്രണയിനി മൊണാലിസയും ശ്രമിച്ചത്. പിസ്റ്റളിൽ നിന്ന് റൂയിസിന്റെ നെഞ്ചിന് നേർക്ക് മൊണാലിസ വെടിയുതിർക്കുകയും അത് റൂയിസ് ബുക്ക് ഉപയോഗിച്ച് തടയുകയുമായിരുന്നു ഇരുവരും പ്ലാൻ ചെയ്ത ദൃശ്യം. എന്നാൽ ബുക്കിന് തടയാനാകാത്ത വെടിയുണ്ട കൃത്യം റൂയിസിന്റെ നെഞ്ചിലാണ് തറച്ചത്. 22 വയസുകാരനായ റൂയിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവീണു. ഈ വർഷം ജൂണിലായിരുന്നു സംഭവം.

വിവരമറിഞ്ഞെത്തിയ പൊലീസ് സമീപത്ത് നിന്ന് സംഭവങ്ങൾ റെക്കോർഡ് ചെയ്ത മൊബൈൽ ക്യാമറ കണ്ടെത്തിയിരുന്നു. ഫോണിൽ ഉണ്ടായിരുന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഏറെ വൈറലായി സോഷ്യൽ മീഡിയയിൽ പിന്നീട് പ്രചരിച്ചിരുന്നു. ബുക്ക് ഉപയോഗിച്ച് വെടിയുണ്ട തടയാൻ ശ്രമിച്ച യുവാവിന്റെ സാഹസത്തിനും ഇതിന് പിന്തുണ നൽകിയ കാമുകയുടെ വിവരക്കേടിനും എതിരെ വലിയ വിമർശനവും സോഷ്യൽ മീഡിയയിൽ ഉയർന്നു. പബ്‌ളിസിറ്റിക്കുവേണ്ടി ഇത്തരം പ്രകടനങ്ങൾ നടത്തുന്നതിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്.

കേസ് പരിഗണിച്ച കോടതിയിൽ തെറ്റ് സമ്മതിച്ച മൊണാലിസ ഇത്തരമൊരു സാഹസം കാട്ടാനുള്ള ആശയം കാമുകന്റെതാണെന്നും വ്യക്തമാക്കി. പ്രോസിക്യൂഷൻ പരമാവധി ശിക്ഷ നൽകണമെന്ന് വാദിച്ചെങ്കിലും മനപ്പൂർവമല്ലാത്ത രണ്ടാം ഗ്രേഡ് കൊലപാതകം ആണെന്ന് നിരീക്ഷിച്ച് ആറുമാസത്തെ തടവുശിക്ഷ മാത്രമാണ് കോടതി വിധിച്ചത്. ഇതിൽ ആദ്യത്തെ മൂന്നുമാസം മാത്രം ജയിലിൽ കിടന്നാൽ മതിയാകും. ബാക്കി മൂന്ന് മാസം വീട്ടുതടങ്കലിലായിരിക്കും. രണ്ട് കുട്ടികളുടെ മാതാവ് കൂടിയായ മൊണാലിസ, സംഭവം നടക്കുമ്പോൾ ഒരു കുട്ടിയെ ഗർഭം ധരിച്ചിരിക്കുകയായിരുന്നു. മൊണാലിസയുടെ തടവ് ശിക്ഷ അടുത്ത വർഷം ഫെബ്രുവരിയിലാണ് ആരംഭിക്കുക.