ബൂദബിയിലെ ഷോപ്പിങ് മാളിൽ അമേരിക്കൻ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന വനിതയുടെ സിസിടിവി വീഡിയോ അബൂദബി പൊലീസ് പുറത്തുവിട്ടതിന് പിന്നാലെ യുവതിയെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ട്.ഒപ്പം പ്രതിയെ അറസ്റ്റ് ചെയ്യുന്ന വീഡിയോയും അബുദാബി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്.

 അബുദാബിയിലെ ഷോപ്പിങ് മാളിൽ കിന്റർഗാർട്ടൻ അദ്ധ്യാപികയായ അമേരിക്കൻ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ മുഖ്യപ്രതിയെന്ന് കരുതുന്ന സ്വദേശി വനിതയെയാണ് കുറ്റകൃത്യം നടന്ന് നാൽപത്തിയെട്ട് മണിക്കൂറിനുള്ളിൽ അബുദാബി പൊലീസ് അറസ്റ്റ്‌ചെയ്തത്. മുഖം മറച്ച് കറുത്ത പർദ്ദയണിഞ്ഞ് മാളിലെ ടോയ്‌ലറ്റിൽ വച്ച് കൊലപാതകം നടത്തി മടങ്ങുന്ന യുവതിയുടെ ക്യാമറാ ദൃശ്യങ്ങൾ അബുദബി പൊലീസ് സോഷ്യൽ മീഡിയകളിലൂടെ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്ന.

സ്വദേശിയായ ഈ വനിത നേരെത്തെ ഒരു അമേരിക്കൻ ഡോക്ടറുടെ വീടിന് മുമ്പിൽ ബോംബ് വച്ചിരുന്നതായും അബുദബി പൊലീസ് വ്യക്തമാക്കി. ബോംബ് ഉണ്ടാക്കുന്ന ഉപകരണങ്ങൾ ഇവരുടെ വീട്ടിൽ നിന്ന് കണെ്ടടുത്തതായി അബുദബി പൊലീസിന്റെ എക്‌സ്‌ പ്ലോസീവ് വിഭാഗം മേധാവി കേണൽ ഹുമൈദ് അൽ അഫ്രീതി പറഞ്ഞു. മാളിൽ നടന്ന സംഭവത്തിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കണെ്ടത്താൻ കഴിഞ്ഞതെന്ന് പൊലീസിന്റെ സുരക്ഷാ സഹകരണ വിഭാഗം മേധാവി കേണൽ ഖാലിദ് അൽ ഷംസി അറിയിച്ചു. കൊല്ലപ്പെട്ട വിവാഹ മോചിതയായ ടീച്ചറുടെ 11 വയസ്സായ ഇരട്ട കുട്ടികൾ ഇപ്പോൾ അബുദബി പൊലീസിന്റെ സംരക്ഷണത്തിലാണ്. പ്രതിയെ പിടികൂടുന്ന വീഡിയോ ദൃശ്യങ്ങളും അബുദബി പൊലീസ് പുറത്ത്  വിട്ടിട്ടുണ്. ഇവരുടെ വാഹനവും സ്റ്റിയറിങ് വീലിലെ രക്തക്കറയുമെല്ലാം ഈ ദൃശ്യങ്ങളിൽ കാണുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് കിന്റർഗാർട്ടൻ അദ്ധ്യാപികയായ 37 കാരി റീം ദ്വീപിലെ ബ്യൂട്ടിക് മാളിൽ കൊല്ലപ്പെട്ടത്. മാളിലെ സൂപ്പർമാർക്കറ്റിന് പുറത്തെ ടോയ്‌ലെറ്റിലായിരുന്നു സംഭവം. ടോയ്‌ലെറ്റിനോട് ചേർന്ന റെസ്റ്റ്‌റൂമിന് സമീപം ഇരുവരുമുണ്ടായ വാക്കേറ്റത്തെ തുടർന്ന് മൂർച്ചയേറിയ വസ്തുകൊണ്ട് കുത്തികൊലപ്പെടുത്തുകയായിരുന്നു.