ഭോപാൽ: വീണ്ടും വിവാഹം കഴിക്കാൻ ഭാര്യയെ കൊലപ്പെടുത്താൻ 51കാരനായ ഭർത്താവ് ക്വട്ടേഷൻ നൽകിയത് മരുമകൾക്ക്. മധ്യപ്രദേശിൽ മധ്യവയസ്‌കയെ കൊലപ്പെടുത്തിയ സംഭവത്തിൽ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച ഇവരുടെ ഭർത്താവും മരുമകളും അറസ്റ്റിലായി.

റേവാ സ്വദേശിയായ സരോജ്(50) കൊല്ലപ്പെട്ട കേസിലാണ് ഭർത്താവ് വാൽമികി കോൾ(51) മരുമകൾ കാഞ്ചൻ കോൾ(25) എന്നിവർ അറസ്റ്റിലായത്. വാൽമികി നൽകിയ ക്വട്ടേഷൻ അനുസരിച്ച് മരുമകളാണ് സരോജിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഭർതൃപിതാവിന്റെ ക്വട്ടേഷൻ ഏറ്റെടുത്ത യുവതി ജൂലായ് 12-നാണ് കൊലപാതകം നടത്തിയത്. സംഭവദിവസം വാൽമികി സാത്നയിലെ ബന്ധുവീട്ടിലേക്കും കാഞ്ചന്റെ ഭർത്താവ് മീററ്റിലേക്കും പോയിരുന്നു.

സരോജിനെ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മരുമകളാണ് കൃത്യം നടത്തിയതെന്നും ഇതിന് ക്വട്ടേഷൻ നൽകിയതുകൊല്ലപ്പെട്ടയാളുടെ ഭർത്താവാണെന്നും തിരിച്ചറിഞ്ഞു. ചോദ്യംചെയ്യലിൽ ഇരുവരും കുറ്റംസമ്മതിച്ചതോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

വീണ്ടും വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന താൻ ഭാര്യയെ ഒഴിവാക്കാൻ വേണ്ടിയാണ് മരുമകൾക്ക് ക്വട്ടേഷൻ നൽകിയതെന്ന് വാൽമികി പൊലീസിന് മൊഴി നൽകി. കൊല്ലപ്പെട്ട സരോജും മരുമകളായ കാഞ്ചനും തമ്മിൽ അത്ര അടുപ്പത്തിലായിരുന്നില്ല. ഇത് മുതലെടുത്താണ് സരോജിനെ കൊല്ലാനായി മരുമകൾക്ക് തന്നെ ക്വട്ടേഷൻ നൽകിയത്.

ഭാര്യയെ കൊല്ലാൻ നാലായിരം രൂപയാണ് വാൽമികി മരുമകൾക്ക് നൽകിയത്. ഇതിനുപുറമേ എല്ലാമാസവും നിശ്ചിത തുക നൽകാമെന്നും വാഗ്ദാനം ചെയ്തു. കൃത്യം നടത്താനുള്ള അരിവാളും സംഘടിപ്പിച്ചു നൽകി.

ആദ്യം ഫ്രൈപാൻ കൊണ്ടാണ് യുവതി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഫ്രൈപാൻ കൊണ്ട് അടിച്ചതോടെ സരോജ് ബോധരഹിതയായി നിലത്തുവീണു. തുടർന്ന് ഭർതൃപിതാവ് നേരത്തെ നൽകിയ അരിവാൾ കൊണ്ട് മരുമകൾ സരോജിനെ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു.