- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബലാത്സംഗശ്രമം തടയുന്നതിനിടെ യുവതി കൊല്ലപ്പെട്ടു; ടർക്കിയിൽ പ്രതിഷേധാഗ്നി ആളിപ്പടരുന്നു
അങ്കാര:ബലാത്സംഗ ശ്രമം തടയുന്നതിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് സ്ത്രീകൾ തെരുവിൽ ഇറങ്ങിയതോടെ ടർക്കിയിൽ പ്രതിഷേധാഗ്നി ആളിക്കത്താൻ തുടങ്ങി. അങ്കാര, ഇസ്താബുൾ, മെർസിൻ മുതലായ സിറ്റികളിൽ ആയിരക്കണക്കിന് സ്ത്രീകളാണ് പ്രതിഷേധ പ്രകടനങ്ങളുമായി നിരത്തിലിറങ്ങിയിരിക്കുന്നത്. ബലാത്സംഗ ശ്രമം തടയുന്നതിനിടെയ
അങ്കാര:ബലാത്സംഗ ശ്രമം തടയുന്നതിനിടെ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ആയിരക്കണക്കിന് സ്ത്രീകൾ തെരുവിൽ ഇറങ്ങിയതോടെ ടർക്കിയിൽ പ്രതിഷേധാഗ്നി ആളിക്കത്താൻ തുടങ്ങി. അങ്കാര, ഇസ്താബുൾ, മെർസിൻ മുതലായ സിറ്റികളിൽ ആയിരക്കണക്കിന് സ്ത്രീകളാണ് പ്രതിഷേധ പ്രകടനങ്ങളുമായി നിരത്തിലിറങ്ങിയിരിക്കുന്നത്.
ബലാത്സംഗ ശ്രമം തടയുന്നതിനിടെയാണ് ഇരുപതുകാരിയായ ഒസ്‌ഗെകാൻ അസ്ലാൻ കൊല്ലപ്പെടുന്നത്. മെർസിൻ സിറ്റിയിലെ നദിക്കരയിൽ അസ്ലാന്റെ കത്തിക്കരിഞ്ഞ മൃതദേഹം പൊലീസ് കണ്ടെത്തുകയായിരുന്നു. സംഭവത്തോടനുബന്ധിച്ച് ഒരു മിനി ബസ് ഡ്രൈവർ, അയാളുടെ പിതാവ്, സുഹൃത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബസ് ഡ്രൈവർ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് അസ്ലാൻ കൊല്ലപ്പെട്ടതെന്ന് പൊലീസ് കരുതുന്നു. ബലാത്സംഗ ശ്രമം തടയാൻ അസ്ലാൻ പെപ്പർ സ്‌പ്രേയും മറ്റും ഉപയോഗിച്ചുവെന്നും പൊലീസ് പറയുന്നു. എന്നാൽ പിന്നീട് തലയ്ക്കു പിന്നിൽ ഇരുമ്പുപൈപ്പു കൊണ്ടുള്ള അടിയേറ്റ് യുവതി കൊല്ലപ്പെടുകയായിരുന്നു. ബുധനാഴ്ച മുതൽ യുവതിയെ കാണാനില്ലെന്ന പരാതി നിലവിൽ ഉണ്ടായിരുന്നു. വീട്ടിലേക്കു മടങ്ങുന്നതിനായി മിനി ബസിൽ കയറവേയാണ് സംഭവ പരമ്പര അരങ്ങേറുന്നതെന്നാണ് പൊലീസ് ഭാഷ്യം.
അതേസമയം യുവതിയുടെ കൊലപാതകം ടർക്കിയിൽ അങ്ങോളമിങ്ങോളം പ്രതിഷേധം ഇരമ്പാൻ ഇടയായിരിക്കുകയാണ്. യുവതിയുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചുകൊണ്ട് ടർക്കിഷ് പ്രസിഡന്റ് ഫോണിൽ ബന്ധപ്പെടുകയും ചെയ്തിരുന്നു. അടുത്ത കാലത്തായി സ്ത്രീകൾക്കെതിരേയുള്ള അക്രമങ്ങൾ ടർക്കിയിൽ വർധിച്ചുവരികയാണെന്ന് പ്രതിഷേധ പ്രകടനങ്ങൾ നടത്തിയ സ്ത്രീകൾ ആരോപിച്ചു.
ഇസ്താബുളിലാകട്ടെ അസ്ലാന്റെ മരണത്തിൽ പ്രതിഷേധിച്ച് രണ്ട് കൂറ്റൻ പ്രകടനങ്ങളാണ് അരങ്ങേറിയത്. തെരുവുകൾ നിറഞ്ഞു നടന്ന പ്രതിഷേധ പ്രകടനത്തിൽ എല്ലാ പ്രായക്കാരിലും പെട്ട സ്ത്രീകൾ പങ്കെടുത്തിരുന്നു. ഓരോ വർഷവും നൂറു കണക്കിന് സ്ത്രീകൾ ഭർത്താവിന്റെ പീഡനത്താൽ മരിക്കുന്ന രാജ്യത്ത് സ്ത്രീകൾക്കു നേരേയുള്ള അക്രമങ്ങൾ അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞുവെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു. കഴിഞ്ഞ വർഷം മാത്രം 300 സ്ത്രീകളാണ് ഭർത്താക്കന്മാരാൽ കൊല്ലപ്പെട്ടത്. നൂറിലേറെ സ്ത്രീകൾ ബലാത്സംഗത്തിന് ഇരയാകുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ.
അതേസമയം കഴിഞ്ഞ നവംബറിൽ പ്രസിഡന്റ് തയ്യിപ് എർഡോഗൻ നടത്തിയ സ്ത്രീകൾ പുരുഷന്മാർക്കൊപ്പം തുല്യരല്ല എന്ന പ്രസ്താവനയും ഏറെ വിവാദങ്ങൾക്ക് ഇടവരുത്തിയിരുന്നു. മാത്രമല്ല, ടർക്കിയിലുള്ള എല്ലാ സ്ത്രീകൾക്കും കുറഞ്ഞത് മൂന്നു കുട്ടികൾ ഉണ്ടായിരിക്കണമെന്നുള്ള പ്രസിഡന്റിന്റെ പ്രസ്താവനയും സ്ത്രീപക്ഷ വാദികളെ ചൊടിപ്പിച്ചിരുന്നു. സ്ത്രീകൾക്ക് ഗർഭഛിദ്രം നടത്താനുള്ള അവകാശത്തിന് കൂച്ചുവിലങ്ങിടുന്ന നിർദേശങ്ങളും എർഡോഗൻ കൊണ്ടുവന്നിരുന്നു.